- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകന് വേണ്ടി ബഹറിനിലെ ഉന്നതൻ ലേലത്തിൽ പങ്കെടുത്തത് മതേതരത്വത്തിന് പുതിയ മാനം നൽകാൻ; അത് മനസ്സിലാകാത്ത ദേവസ്വം ബോർഡ് ചെയർമാനും; ഇനിയും ആ ഥാർ അമലിന് കൈമാറാതെ ഗുരുവായൂർ ദേവസ്വം ബോർഡ്; മുഹമ്മദ് അലിയേയും മകനേയും പറ്റിക്കുന്ന കഥ
ഗുരുവായൂർ: ഗുരുവായൂരപ്പന് കാണിക്കയായി കിട്ടിയ ഥാർ ലേലം വിളിച്ച അമൽ മുഹമ്മദിന് വാഹനം ഇതുവരെയും കിട്ടിയില്ലെന്ന് പരാതി. ഗുരുവായൂർ ദേവസ്വം ബോർഡ് വാഹനം കൈമാറാൻ തയ്യാറാകുന്നില്ലെന്നാണ് അമൽ പറയുന്നത്.
ഇന്ത്യയുടെ ജനപ്രിയ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി സമർപ്പിച്ച ലൈഫ് സ്റ്റൈൽ എസ്.യു.വി. വാഹനമായ ഥാർ ലേലം ചെയ്തത് ഏറെ വിവാദമായിരുന്നു. ബഹ്റിനിലുള്ള പ്രവാസി അമൽ മുഹമ്മദ് അലിയാണ് ഈ ഗുരുവായൂർ ക്ഷേത്രത്തിലെ ഈ ലിമിറ്റഡ് എഡിഷൻ ഥാർ ലേലത്തിലൂടെ സ്വന്തമാക്കിയത്. 15.10 ലക്ഷം രൂപയ്ക്കാണ് അദ്ദേഹം ഈ വാഹനം ലേലത്തിൽ പിടിച്ചത്. മകന് അമൽ മുഹമ്മദിന് വേണ്ടിയായിരുന്നു. ഇത്. മതേതരത്വ മൂല്യങ്ങൾ ഉയർത്തി പിടിച്ചായിരുന്നു ലേലത്തിൽ ഇവർ പങ്കെടുത്തത്. എന്നാൽ ഇത് ദേവസ്വം ബോർഡിന് മാത്രം മനസ്സിലാകുന്നില്ല.
വാഹനത്തിന്റെ ലേലം അവസാനിച്ചതിന് പിന്നാലെ വാഹനം കൈമാറുന്നതിൽ സങ്കീർണതയുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ബി. മോഹൻദാസ് അറിയിച്ചതാണ് വിവാദത്തിന് കാരണമായത്. 21 ലക്ഷം രൂപയ്ക്ക് വാഹനം വാങ്ങാനെത്തിയ ആൾ 15.10 ലക്ഷം രൂപയ്ക്ക് വാഹനം സ്വന്തമാക്കിയെന്നായിരുന്നു വിചിത്ര നിലപാട്. ഈ ലേലം അംഗീകരിക്കുന്നത് ഭരണസമിതിയുടെ അഭിപ്രായം തേടിയ ശേഷമായിരിക്കുമെന്നും പറഞ്ഞു. ഇതിനിടെ വിഷയം കോടതിയിൽ എത്തിക്കുമെന്ന് അമൽ മഹമ്മദ് അലിയും പറഞ്ഞു. ഇതോടെ മനസ്സ് മാറി. അമലിന് വാഹനം കൊടുക്കാമെന്ന് സമ്മതിച്ചു. പിന്നീട് വീണ്ടും നിലപാട് മാറ്റുകയായിരുന്നു.
അതേസമയം, ലേലവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നെന്നും അന്തിമ തീരുമാനം എടുക്കേണ്ടത് ദേവസ്വം കമ്മീഷണറാണെന്നുമാണ് ദേവസ്വം ചെയർമാന്റെ വിശദീകരണം. മറ്റാരെങ്കിലും കൂടുതൽ തുകയുമായെത്തിയാൽ നിലവിലെ ലേലം റദ്ദ് ചെയ്യാനുള്ള അധികാരം ദേവസ്വം കമ്മീഷണർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ മാസമായിരുന്നു ഗുരുവായൂരപ്പന് വഴിപാടായി കിട്ടിയ ഥാർ ലേലത്തിന് വച്ചത്. 15 ലക്ഷം രൂപ ദേവസ്വം അടിസ്ഥാന വിലയിട്ട വാഹനം 15.10 ലക്ഷം രൂപയ്ക്കാണ് പ്രവാസിയായ എറണാകുളം സ്വദേശി അമൽ സ്വന്തമാക്കിയത്.
ഇരുപത്തിയൊന്ന് ലക്ഷം രൂപവരെ നൽകാൻ തയ്യാറായിരുന്നുവെന്ന് പിന്നീട് അമലിന്റെ പ്രതിനിധി പറഞ്ഞതോടെയാണ് ലേലം തർക്കത്തിലേക്ക് പോയത്.വില കൂട്ടി നൽകാമോയെന്ന് ദേവസ്വം ഭാരവാഹികൾ ചോദിച്ചെങ്കിലും ജിഎസ്ടി ഉൾപ്പെടെ നൽകുമ്പോഴേക്കും 18 ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവ് വരുമെന്നായിരുന്നു അമൽ പറഞ്ഞത്. പിന്നാലെ വാഹനം അമലിന് തന്നെ നൽകാനായിരുന്നു ദേവസ്വം അധികാരികളുടെ തീരുമാനം. ലേലം പറഞ്ഞുറപ്പിച്ചിട്ടും ഇപ്പോഴും വാഹനം വിട്ടുകൊടുക്കാൻ ഭാരവാഹികൾ തയ്യാറാകുന്നില്ലെന്നാണ് അമൽ പറയുന്നത്.
അമൽ മുഹമ്മദ് അലിക്ക് പ്രായം 21ആണ്. ബംഗ്ലുരുവിൽ പഠനത്തിനായി അമൽ എത്തും. ഇതിന് വേണ്ടി ഗുരുവായൂരപ്പന്റെ കൃപ ഉറപ്പാക്കുകയായിരുന്നു അമലിന്റെ ബാപ്പ. മുഹമ്മദ് അലിയാണ് യഥാർത്ഥത്തിൽ ഥാർ സ്വന്തമാക്കിയത് എന്ന് വേണം പറയാൻ. ബഹറിനിലുള്ള മുഹമ്മദ് അലി ഥാർ ലേലത്തിന് വയ്ക്കുന്നുവെന്ന് മനസ്സിലാക്കിയപ്പോൾ തന്നെ അത് സ്വന്തമാക്കാൻ
ആഗ്രഹിച്ചു. ഈ ആഗ്രഹമാണ് ഥാറിനെ അമലിന് സ്വന്തമാക്കിയത്. ഗുരുവായൂരപ്പനോടുള്ള വിശ്വാസം കാരണമാണ് ഥാർ ലേലത്തിൽ മുഹമ്മദലിയും പങ്കെടുത്തത്.
മകന് 21 വയസ്സാണുള്ളത്. അതുകൊണ്ട് തന്നെ ഥാർ സ്വന്തമാക്കാൻ 21 ലക്ഷം രൂപ വരെ ലേലം വിളിക്കാം എന്നായിരുന്നു ലേലത്തിന് അയച്ച പ്രതിനിധിയെ മുഹമ്മദ് അലി അറിയിച്ചത്. ഡിസംബർ ആദ്യ വാരമാണ് മഹീന്ദ്ര ഈ വാഹനം ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കായായി നൽകിയത്. ഇന്ത്യയിലെ വാഹന വിപണിയിൽ തരംഗമായി മാറിയ ഥാർ എസ്.യു.വിയുടെ ലിമിറ്റഡ് എഡിഷൻ പതിപ്പാണ് നിർമ്മാതാക്കൾ ഗുരുവായൂരപ്പന് കാണിക്കായി സമർപ്പിച്ചത്. ചുവപ്പ് നിറത്തിനൊപ്പം ഫോർ വീൽ ഡ്രൈവ് സംവിധാനത്തിലുമാണ് മഹീന്ദ്ര കാണിക്കയായി നൽകിയ ലിമിറ്റഡ് എഡിഷൻ മോഡൽ ഒരുക്കിയത്.
ഈ ഥാർ സോഷ്യൽ മീഡിയയിൽ വൈറലായി. ലേലവും വാർത്തയായി. ഇതോടെയാണ് ഥാറിനെ സ്വന്തമാക്കാൻ മുഹമ്മദ് അലി തീരുമാനിച്ചത്. ഈ ആർ സി ബുക്കിലെ ആദ്യ പേരുകാരൻ ഗുരുവായൂരപ്പനാണ്. രണ്ടാം പേരുകാരൻ മുഹമ്മദ് അലി. ലേലം അറിഞ്ഞപ്പോൾ തന്നെ ഗുരുവായൂരിലുള്ള സുഹൃത്തിനെ ലേലത്തിൽ പങ്കെടുക്കാൻ ചുമതലപ്പെടുത്തി. കെട്ടി വയ്ക്കാനുള്ള പണം നൽകി. ലേലത്തിൽ ഒരുപാടു പേർ പങ്കെടുക്കുമെന്നായിരുന്നു വിചാരിച്ചത്. എത്ര വരെ ലേലം വിളിക്കാമെന്ന പ്രതിനിധിയുടെ ചോദ്യത്തിനാണ് മകന്റെ പ്രായവുമായി ബന്ധപ്പെട്ട് 21 ലക്ഷം വരെ വിളിച്ചോളാൻ അനുമതി നൽകിയത്.
ലേല ഹാളിൽ മറ്റാരും ഉണ്ടായില്ല. 15 ലക്ഷം രൂപയിൽ വിളി തുടങ്ങി. പതിനായിരം കൂട്ടി മുഹമ്മദലിയുടെ പ്രതിനിധി വിളിച്ചു. ഇതോടെ ലേലവും ഉറപ്പിച്ചു. പുറത്തിറങ്ങിയപ്പോൾ ലേലം തുടർന്നിരുന്നുവെങ്കിൽ 21 ലക്ഷം രൂപ വരെ വിളിക്കാനായിരുന്നു തനിക്ക് കിട്ടിയ നിർദ്ദേശമെന്ന് പ്രതിനിധി പറഞ്ഞു. ഇതിനെയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് വളച്ചൊടിച്ചത്. ലേലം നീണ്ടിരുന്നുവെങ്കിൽ 21 ലക്ഷം വിളിക്കാനായിരുന്നു നിർദ്ദേശം. ഥാർ നൽകിയില്ലെങ്കിൽ അത് കോടതി കയറുമെന്ന് ദേവസ്വം തിരിച്ചറിഞ്ഞു. അതോടെ ഗുരുവായൂരപ്പന്റെ ഥാർ ബഹറിനിലെ മുഹമ്മദ് അലിക്ക് നൽകാൻ തീരുമാനിച്ചു. അതാണ് ഇനിയും നീളുന്നത്.
മറുനാടന് മലയാളി ബ്യൂറോ