കൊൽക്കത്ത: ഉത്തരേന്ത്യയിലെ പ്രമുഖ മാധ്യമസ്ഥാപനമായ ദൈനിക് ഭാസ്‌കറിന്റെ ഓഫീസിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ''കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് ഉണ്ടായ നാശങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിന് ദൈനിക് ഭാസ്‌കറിന്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. നിങ്ങൾ ഗോഡി മീഡിയയെപ്പോലെ ഇഴഞ്ഞില്ലെങ്കിൽ അതിനുള്ള വില കൊടുക്കേണ്ടി വരും,'' മഹുവ പറഞ്ഞു.

ദൈനിക് ഭാസ്‌കർ ഗ്രൂപ്പിന്റെ രാജ്യത്തെ വിവിധ ഓഫീസുകളിലാണ് ഒരേസമയം പരിശോധന നടന്നത്. കേന്ദ്രസർക്കാരിനെതിരെ നിരന്തരം വാർത്ത കൊടുക്കുന്ന മാധ്യമസ്ഥാപനമാണ് ദൈനിക് ഭാസ്‌കർ. കോവിഡ് നിയന്ത്രണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു.

കോവിഡ് രണ്ടാം തരംഗം നേരിടുന്നതിൽ കേന്ദ്രത്തിന് വീഴ്ച പറ്റിയെന്നും ദൈനിക് ഭാസ്‌കർ ചൂണ്ടിക്കാട്ടിയിരുന്നു. ഗംഗയിൽ കോവിഡ് രോഗികളുടെ മൃതദേഹം ഒഴുക്കിവിടുന്നെന്ന റിപ്പോർട്ടും ദൈനിക് ഭാസ്‌കറിന്റേതായിരുന്നു. രാജ്യത്തെ എല്ലായിടത്തുമായി വിവിധ ഭാഷകളിൽ 60 എഡിഷനുള്ള മാധ്യമസ്ഥാപനാണ് ദൈനിക് ഭാസ്‌കർ. മധ്യപ്രദേശാണ് ആസ്ഥാനം.