ക്ഷിതാക്കൾ വീട്ടിലില്ലാത്തപ്പോൾ അവരുടെ 11-കാരനായ മകൻ ബാറ്റുകൊണ്ട് തല്ലുമെന്ന് ഭീഷണിപ്പെടുത്തി തന്നെ ബലാൽസംഗം ചെയ്‌തെന്ന പരാതിയയുമായി കോടതിയെ സമീപിച്ച 21-കാരിയായ വീട്ടുവേലക്കാരിക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. വേലക്കാരിയുടെ പരാതി അസത്യമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഡൽഹി ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നിർദേശാനുസരണം പൊലീസ് കേസെടുത്തത്.

ഒരുവർഷം മുമ്പാണ് ഈ വീട്ടിൽ യുവതി വീട്ടുവേലയ്‌ക്കെത്തിയത്. വീട്ടുകാർ സ്ഥലത്തില്ലാത്തപ്പോൾ പയ്യൻ തന്നോട് അപമര്യാദയായി പെരുമാറാറുണ്ടായിരുന്നെന്നും ഒരുദിവസം ബാറ്റുകൊണ്ട് അടിക്കാൻ വരികയും പേടിച്ച് വീണ തന്നെ ബലാൽസംഗം ചെയ്തുവെന്നുമാണ് പരാതി. എന്നാൽ, അന്വേഷണത്തിൽ പരാതി വ്യാജമാണെന്നതിന്റെ സൂചനകൾ ലഭിച്ചതോടെയാണ് യുവതിക്കെതിരെ കേസെടുക്കാൻ പ്രിൻസിപ്പൽ മജിസ്‌ട്രേറ്റ് മുരാരി പ്രസാദ് സിങ് നിർദേശിച്ചത്.

ബാറ്റുകൊണ്ട് തല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് പുറമെ, പുറത്തുപറഞ്ഞാൽ ജോലി പോകുമെന്ന് പറഞ്ഞ് ബ്ലാക്ക് മെയിൽ ചെയ്തിരുന്നതായും യുവതിയുടെ പരാതിയിൽ പറയുന്നു. നാലുദിവസത്തോളം തുടർച്ചയായി തന്നെ കുട്ടി ഉപദ്രവിച്ചതായും ഇതിൽ മടുത്ത താൻ മറ്റൊരിടത്ത് ജോലി തേടി പ്ലേസ്‌മെന്റ് ഏജൻസിയെ സമീപിച്ചിരുന്നതായും യുവതി പറഞ്ഞു.

ഏജൻസി ജീവനക്കാരുടെ നിർദേശതത്തെത്തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. എന്നാൽ, 11 വയസ്സുള്ള കുട്ടിയുടെ ഭീഷണിയെയും ഉപദ്രവത്തെയും ചെറുക്കാൻ 21 വയസ്സുള്ള യുവതിക്ക് സാധിച്ചില്ലെന്നത് വിശ്വസിക്കാൻ പ്രയാസമാണെന്ന് കോടതി നിരീക്ഷിച്ചു. സംഭവം നടക്കുമ്പോൾ കുട്ടിയുടെ അമ്മായി വീട്ടിലുണ്ടായിരുന്നുവെന്നും യുവതി ബോധിപ്പിച്ചിരുന്നു. അമ്മായി സ്ഥലത്തുള്ളപ്പോൾ ഇങ്ങനെയൊരു സംഭവം നടക്കാനിടയില്ലെന്നും കോടതി നിരീക്ഷിച്ചു.

നാലു ദിവസം മാത്രം ജോലി ചെയ്ത യുവതി വീട്ടിൽനിന്ന് 40,000-ത്തോളം രൂപ വാങ്ങിയതായി പൊലീസ് പറയുന്നു. പിന്നീട് ജോലിക്ക് ചെല്ലാൻ ആവശ്യപ്പെട്ടപ്പോൾ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. കുട്ടിക്കെതിരെ യുവതി നൽകിയത് വ്യാജ കേസാണെന്ന് വ്യക്തമാണെന്നും ആ നിലയ്ക്ക് യുവതിക്കെതിരെ കേസെടുക്കണമെന്നുമാണ് കോടതി ഉത്തരവിട്ടത്.