മൈൻസ്: മൈൻസ് വീസ്ബാഡൻ ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വർണശബളമായി തിരുവോണം ആഘോഷിച്ചു. സെപ്റ്റംബർ 10ന് (ശനി) വൈകുന്നേരം നാലിന് മൈൻസിലെ ലീബ് ഫ്രൗവൻ ഇടവക ഓഡിറ്റോറിയത്തിൽ പ്രീതി, മീനു എന്നിവരുടെ പ്രാർത്ഥനാ ഗാനത്തോടുകൂടി പരിപാടികൾ ആരംഭിച്ചു. സമാജത്തിലേയ്ക്ക് പുതിയതായി എത്തിയ സാബു, സെനി, ജോസ് മഠത്തിപ്പറമ്പിൽ എന്നിവരെ സമാജം പ്രസിഡന്റ് മാത്യൂസ് സദസിന് പരിചയപ്പെടുത്തിയതിനുശേഷം ഭദ്രദീപം തെളിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

തുടർന്ന് മാത്യൂസ് അടൂർ, വൈസ് പ്രസിഡന്റ് ജോയി വെള്ളാരംകാലായിൽ, ജോയിന്റ് സെക്രട്ടറി അരുൺ ലോറൻസ്, കമ്മിറ്റിയംഗം രാജു ഇല്ലിപ്പറമ്പിൽ എന്നിവർ തിരുവോണഗാനം ആലപിച്ചു. ഫാ. വിനീത് വടക്കേക്കര ഗാനം ആലപിച്ചു.ഡോൺ മിത്തു ദമ്പതികൾ വിവാഹസമ്മാനമായി നൽകിയ സാരി തംബോല മൽസരത്തിൽ വിജയിയായ ജോസ് മഠത്തിൽപ്പറമ്പിലിന് ആരാധനാമഠം സിസ്റ്റേഴ്‌സ് സമ്മാനിച്ചു. രണ്ടാം സമ്മാനം നേടിയ ജോൺസൺ ഡേവിഡ് വട്ടക്കുഴിയിൽ നിന്നും ഏറ്റുവാങ്ങി. അസോസിയേഷൻ പ്രസിഡന്റ് മത്തായി കുഞ്ഞുകുട്ടി, ട്രഷറർ ജോസ് മുള്ളരിക്കൽ എന്നിവർ സംസാരിച്ചു. കാപ്പി വിഭവങ്ങൾക്കൊപ്പം ഒട്ടേറെ വിഭവങ്ങളോടെ ഒരുക്കിയ ഓണസദ്യയും ആഘോഷങ്ങൾക്ക് മതിയായ രുചിയും കേരളത്തനിമയും പകർന്നു. ദേശീയഗാനത്തോടുകൂടി ആഘോഷങ്ങൾക്ക് തിരശീല വീണു.