മനാമ - മൈത്രി സോഷ്യൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർദ്ധന പ്രവാസികളായിട്ടുള്ളവർക്ക് നൽകിവരുന്ന ഉംറ തീർത്ഥാടന പദ്ധതിയുടെ ആദ്യയാത്രയയപ്പ് കഴിഞ്ഞ ദിവസം നടന്നു.

ദീർഘനാളത്തെ പ്രവാസ ജീവിത?ത്തിനിടയിൽ ഉംറക്ക് പോകാൻ കഴിയാത്തവർക്കായി മൈത്രി സോഷ്യൽ അസോസിയേഷൻ നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രവാസി ഉംറ പദ്ധതി. അതിന്റെ ആദ്യ യാത്രയയപ്പ് കഴിഞ്ഞ ദിവസം ഗുദൈബിയ പാലസ് പള്ളിക്ക് സമീപത്തുള്ള ദാറുസ്സലാമിൽ വെച്ച് നടന്നു.

യാത്രയയപ്പ് സമ്മേളനം മൈത്രി സോഷ്യൽ അസോസിയേഷൻ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഷിബു പത്തനംതിട്ട ഉദ്ഘാടനം ചെയ്തു. ഓർഗനൈസിങ് സെക്രട്ടറി നിസാർ കൊല്ലം അദ്ധ്യക്ഷനായിരുന്നു. ?ഉംറ വസ്ത്രം തീർത്ഥാടകനായ കാസർകോഡ് സ്വദേശി ഷെരീഫ് മൈതീൻകുഞ്ഞിന് നൽകി റഹിം കരുനാഗപ്പള്ളി നിർവഹിച്ചു. നിർദ്ധനരായ കൂടുതൽ പ്രവാസികളെ ഉംറ പാക്കേജിൽ ഉൾപ്പെടുത്തി തീർത്ഥാടനത്തിന് അയയ്ക്കുവാനാണ് മൈത്രി സോഷ്യൽ അസോസിയേഷൻ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

പദ്ധതിയുടെ പ്രഖ്യാപനം കഴിഞ്ഞ മാർച്ചിൽ കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി നിർവ്വഹിക്കുകയുണ്ടായി. സുമനസ്സുക്കളായ ധാരാളം പേർ ഈ പദ്ധതിയുമായി സഹകരിക്കാൻ ഇതിനകം തയ്യാറായിട്ടുണ്ട്.

ഉംറയ്ക്ക് പോകാൻ ആഗ്രഹിക്കുന്ന ഇത്തരം വ്യക്തികൾ മൈത്രി സോഷ്യൽ അസോസിയേഷനുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു. യാത്രയയപ്പ് ചടങ്ങിൽ മൈത്രി ഭാരവാഹികളായ ഡോ.അബ്ദുറഹ്മാൻ, ബീർ ക്ലാപ്പന സിബിൻ സലിം, റിയാസ് ദാറുസ്സലാം, ഫിറോസ് പന്തളം, നിസാർ കാഞ്ഞിപ്പുഴ, ഷാജി ചുനക്കര, സെയ്ഫുദീൻ , ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.