പനാജി: ഗോവൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമായിരുന്നു വിഖ്യാത ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ ബിയോണ്ട് ദ ക്ലൗഡ്‌സ്. മലയാളിയായ മാളവിക നായർ നായികയായ ചിത്രം പൂർണമായും ഇന്ത്യയിൽ ചിത്രീകരിച്ച, ഇന്ത്യൻ ജീവിതത്തെ പ്രമേയമാക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

ബോളിവുഡ് സൂപ്പർനായിക ദീപിക പദുക്കോണിനെ മാറ്റിയായിരുന്നു മാളവികയെ നായികയാക്കി മാറ്റിയത്. ഒടുവിൽ ദീപികയെ മാറ്റിയതിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് സംവിധായകൻ മജിദ് മജീദി, ബാളിവുഡ് സൂപ്പർസ്റ്റാറുകൾക്കൊപ്പം ജോലി ചെയ്യാൻ എനിക്ക് ഇഷ്ടമല്ല. എന്റെ സിനിമകളിൽ സ്ഥലങ്ങളും കഥാപാത്രങ്ങളായതിനാൽ മുംബൈയിലെ വ്യത്യസ്തങ്ങളായ ലൊക്കേഷനുകളിൽ സിനിമ ചിത്രീകരിക്കാനായിരുന്നു എനിക്ക് താത്പര്യം. ഒരു ഓഡിഷനിൽ തന്നെ വമ്പൻ ആൾക്കൂട്ടവും അവരുടെ ആകാംക്ഷയും കാരണം ദീപികയെ വെച്ച് ചിത്രീകരിക്കാൻ വല്ലാതെ പാടുപെട്ടു. അതുകൊണ്ട് ഒരു സൂപ്പർസ്റ്റാറിനെ വച്ച് സിനിമ എടുക്കേണ്ടെന്ന് തീരുമാനിച്ചു. മജീദി പറഞ്ഞു.

സമൂഹത്തിൽ നിന്നാണ് ഞാൻ എന്റെ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത്. ആൾക്കൂട്ടത്തിൽ നിന്നാണ് നായകരെ കണ്ടെത്തുന്നത്. പുതുമുഖങ്ങളെ വച്ചാണ് ഞാൻ കൂടുതലും സിനിമ ചെയ്തിട്ടുള്ളത്. എന്നാൽ പ്രൊഫഷണലുകൾക്കൊപ്പം ജോലി ചെയ്യില്ല എന്ന് അതിന് അർഥമില്ലമജീദി പറഞ്ഞു.

താര നിഷാൻ എന്ന യുവതിയും അവളുടെ സഹോദരൻ അമീറുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഒറ്റ നോട്ടത്തിൽ ചിത്രം അവരുടെ കഥയാണെങ്കിലും അങ്ങനെയല്ല. ചേരികളിലും അധോലോകങ്ങളുടെ പിന്നാമ്പുറങ്ങളിലും ഗലികളിലും പുഴുക്കളെപ്പോലെ അരഞ്ഞു തീരുന്ന ജീവിതങ്ങളുടെയെല്ലാം കഥയാണ് ബിയോണ്ട് ദ ക്ലൗഡ്‌സ് പറയുന്നത്.

എ.ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. മജീദിക്കൊപ്പം റഹ്മാന്റെ രണ്ടാമത്തെ ചിത്രമാണിത്. ലോകോത്തര സംവിധായനും സംഗീതജ്ഞനും ഒരുമിക്കുന്നതിന്റെ മാജിക് ചിത്രത്തിലുടനീളമുണ്ട്. റഹ്മാന്റെ പ്രശസ്തമായ മുക്കാല മുക്കാബല എന്ന പാട്ടിന്റെ ഭാഗങ്ങളും ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഷാഹിദ് കപൂറിന്റെ ഇളയ അർധസഹോദരനായ ഇഷാൻ ഖട്ടാർ ആണ് അമിറിനെ അവതരിപ്പിക്കുന്നത്. മലയാളി നടിയും ബോളിവുഡ് ക്യാമറാമാൻ കെയു മോഹനന്റെ മകളുമായ മാളവിക മോഹനനാണ് താരയെ അവതരിപ്പിക്കുന്നത്.പട്ടംപോലെ, നിർണായകം, ദി ഗ്രേറ്റ് ഫാദർ എന്നിവയിൽ വേഷമിട്ട മാളവികയുടെ ആദ്യത്തെ ബഹുഭാഷാ ചിത്രമാണ് ഇംഗ്ലീഷ്, തമിഴ്, ഹിന്ദി ഭാഷകളിലായി ഒരുങ്ങുന്ന ബിയോണ്ട് ദ ക്ലൗഡ്സ്.