വാഷിങ്ടൺ: ആണവ, മിസൈൽ പദ്ധതികൾ നിർത്തിവെച്ചില്ലെങ്കിൽ ഉത്തരകൊറിയയുമായി വലിയ സംഘർഷത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ സമവായത്തിന്റെ സാധ്യതകൾ തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്റ് പദവി ഏറ്റെടുത്തതിന്റെ 100-ാം ദിവസത്തിൽ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

മുൻകാല പ്രസിഡന്റുമാർ കൈകാര്യം ചെയ്ത് വഷളാക്കിയ വിഷയം സമാധാനപരമായി പരിഹരിക്കാനാണ് താൻ ശ്രമിക്കുകയെന്നും ട്രംപ് പറയുന്നു. ഉത്തര കൊറിയയ്ക്കെതിരെ പുതിയ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്താനാണ് തന്റെ സർക്കാരിന്റെ തീരുമാനമെന്നും സൈനിക നടപടി ഇപ്പോൾ പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു. നയപരമായി വിഷയം പരിഹരിക്കാനാണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത്. എന്നാൽ അത് പ്രയാസകരമാണ്- അദ്ദേഹം പറഞ്ഞു.

ഉത്തരകൊറിയയ്ക്കെതിരായ നടപടികൾക്ക് പിന്തുണ നൽകുന്ന ചൈനീസ് പ്രസിഡന്റ് ഷീ ജിംപിങ്ങിനെ പ്രശംസിക്കാനും ട്രംപ് മറന്നില്ല. ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ പക്വത കാണിക്കണമെന്നും വളരെ ചെറിയ പ്രായത്തിൽ രാജ്യത്തിന്റെ ഭരണത്തിലെത്തിയതിന്റെ കുഴപ്പങ്ങളാണിതൊക്കെയെന്നും അദ്ദേഹം പറഞ്ഞു.