തിരുവനന്തപുരം: ദുർഗാ പരാമർശവുമായി ബന്ധപ്പെട്ടു മാദ്ധ്യമപ്രവർത്തക സിന്ധു സൂര്യകുമാറിന്റെ മുഖത്തു കാർക്കിച്ചു തുപ്പുമെന്നു പറഞ്ഞ മേജർ രവിയോടുള്ള പരിഹാസം വിക്കിപ്പീഡിയയിലും. വിക്കിപ്പീഡിയയിൽ മേജർ രവിയെക്കുറിച്ചുള്ള പേജിലാണ് പരിഹാസത്തിന്റെ പുതിയ വകഭേദങ്ങൾ കണ്ടത്.

വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്താണ് പരിഹാസം. മേജർ രവി അഥവാ തുപ്പൽ രവിയെന്നാണ് എഡിറ്റർമാർ രവിയെ വിശേഷിപ്പിച്ചത്. പട്ടാളത്തിൽ മേജർ കുക്കായിരുന്നുവെന്നും തുപ്പൽ ചെറുപ്പകാലം മുതൽ രവിയുടെ ശീലമാണെന്നും തുടർന്നു വിവരിക്കുന്നു.

സംഗതി വിവാദമായതോടെ നിമിഷംതോറും മേജർ രവിയുടെ വിക്കി പേജിൽ എഡിറ്റിങ് തുടരുകയാണ്. മേജർ രവിയുടെ പേജിൽ വ്യൂ ഹിസ്റ്ററി എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ എഡിറ്റ് ചെയ്ത വിവരങ്ങൾ ലഭ്യമാകും.

മാർച്ച് 12ന് വൈകിട്ട് 6.17 മുതലാണ് പേജ് എഡിറ്റ് ചെയ്ത് ഇതിൽ തുപ്പൽ രവി എന്നു ചേർത്തത്.തുടർന്ന് നിരവധി തവണയാണു പേജിൽ എഡിറ്റിങ് നടന്നിരിക്കുന്നത്.

തുപ്പൽ ചെറുപ്പക്കാലം മുതലേ രവിയുടെ ദുശീലമാണെന്നും ഭക്ഷണത്തിൽ തുപ്പിയതിന് പിതാവ് രവിയെ ശിക്ഷിച്ചിട്ടുണ്ടെന്നും എഡിറ്റ് ചെയ്ത പേജിൽ പറയുന്നു. പേജിലെ കരിയർ വിഭാഗത്തിൽ 'പട്ടാളത്തിൽ ആയിരിക്കുന്ന സമയത്ത് പുള്ളി പതിനൊന്നു ഭീകരരെ കാറിത്തുപ്പി കൊന്ന് പ്രസിദ്ധി നേടിയിരുന്നു എന്നും കൂട്ടിച്ചേർത്തിട്ടുണ്ട്.'

ചാനൽ ചർച്ചക്കിടെ ദുർഗാ ദേവിയെ ആക്ഷേപിച്ചെന്ന് ആരോപിച്ചാണ് സിന്ധു സൂര്യകുമാറിന്റെ മുഖത്ത് തുപ്പുമെന്ന് രവി പറഞ്ഞത്. ദുർഗാ ദേവിയെ അധിക്ഷേപിച്ചപ്പോൾ അത് തെറ്റായി തോന്നാത്തത് അവരുടെ സംസ്‌കാരമാണെന്നും അവതാരകയുടെ വർഗവും അത് തന്നെയായിരിക്കുമെന്നും മേജർ രവി പറഞ്ഞിരുന്നു. ഇത്തരത്തിൽ സംസ്‌കാരം ഉള്ളവർക്ക് സ്വന്തം അമ്മയെപ്പറ്റി പറഞ്ഞാലും കുഴപ്പമില്ല. ദൈവങ്ങളെ പറ്റി പറയുമ്പോൾ ശക്തമായ പ്രതികരണം ഉണ്ടാകാത്തതിൽ വിഷമം ഉണ്ടെന്നും രവി പറഞ്ഞിരുന്നു. എന്നാൽ മേജർ രവിയുടെ പരാമർശത്തിനെതിരെ സോഷ്യൽമീഡിയ രംഗത്ത് വരികയായിരുന്നു.

അതിനിടെ, പരാമർശത്തിൽ താൻ ഖേദിക്കുന്നില്ലെന്നു മേജർ രവി ഒരു മാദ്ധ്യമത്തോടു പറഞ്ഞു. ഞാൻ ഒരു ചാനലിനേയും ഒരു സ്ത്രീയേയും പേരെടുത്ത് പറഞ്ഞ് അധിക്ഷേപിച്ചിട്ടില്ല. പല ഓൺലൈൻ മാദ്ധ്യമങ്ങളും ഞാൻ സിന്ധു സൂര്യകുമാർ എന്ന വ്യക്തിയെ പേരെടുത്തു പറഞ്ഞ് ആക്ഷേപിച്ചതായി വാർത്തകൾ നൽകിയിരുന്നു. ഇത് തികച്ചും തെറ്റാണ്. ഞാൻ ആ ചർച്ച മുഴുവനായും കണ്ടിട്ടില്ല. വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഞാൻ പ്രതികരിച്ചത്. അവർ അങ്ങനെ ചർച്ചയിൽ പറഞ്ഞിട്ടില്ലാ എങ്കിൽ പിന്നെ ഞാൻ പറഞ്ഞത് മാത്രം എന്തിന് കാര്യമാക്കണമെന്നും പരാമർശത്തിൽ ഖേദിക്കുന്നില്ലെന്നും മേജർ രവി പറഞ്ഞു.