നോട്ടുനിരോധനത്തെ അനുകൂലിച്ച് മോഹൻലാൽ എഴുതിയ ബ്ലോഗിനെ പിന്തുണച്ച് സംവിധായകൻ മേജർ രവി. മോഹൻലാലിന് നരേന്ദ്ര മോദിയും പിണറായി വിജയനും ഒരു പോലെയാണെന്നാണ് മേജർ രവി പറയുന്നത്. മനോരമയോടാണ് സംവിധായകൻ മനസ്സ് തുറക്കുന്നത്. നോട്ട് നിരോധനത്തിലെ ലേഖനത്തിൽ ലാലിന് പൂർണ്ണ പിന്തുണയെന്നും മേജർ രവി പറയുന്നു. രാജസ്ഥാനിൽ ചിത്രീകരിക്കുന്ന മേജർ രവി- മോഹൻലാൽ ചിത്രത്തിന്റെ സെറ്റിലിരുന്നാണ് മനോരമയോട് മേജർ രവി മനസ്സ് തുറന്നത്.

എന്തിന്റെ പേരിലാണ് ഇത്രയധികം പ്രശ്‌നമുണ്ടാക്കുന്നതെന്ന് മനസിലാകുന്നില്ല. മന്ത്രിമാരടക്കം എല്ലാവരും ഇതിനെ എതിർത്തു സംസാരിക്കുന്നു. ഒരു നടൻ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞതിന് ഇത്രമാത്രം കോലാഹലം ഉണ്ടാക്കേണ്ട ആവശ്യമെന്താണ്? ഇത് രാഷ്ട്രീയ വൽക്കരിക്കേണ്ട കാര്യവുമില്ല. അഭിപ്രായം പറയുന്നതിന്റെ പേരിൽ അദ്ദേഹത്തിന്റെ അമ്മയേയും അച്ഛനെയും വരെ പറയുന്ന രീതിയിലേക്ക് വിമർശനങ്ങൾ പോകുന്നത് സംസ്‌കാരശൂന്യതയാണ്.-മേജർ രവി പറഞ്ഞു.

പിന്നെ ലാൽ ഇവിടിരുന്ന് നടക്കുന്ന കോലാഹലങ്ങളെല്ലാം അറിയുന്നുണ്ട്. ഞാൻ ലാലിനോട് സംസാരിച്ചിരുന്നു. കുറേ ആളുകൾ എന്തൊക്കെയോ പറയുന്നു ഇതിൽ പ്രതികരിച്ച് നമ്മുടെ മൂഡ് കളയേണ്ട കാര്യമില്ല എന്നാണ് പറഞ്ഞത്. ബ്ലോഗിന്റെ ഓഡിയോയും ഞാൻ കേട്ടിരുന്നു. വ്യക്തിപരമായ അഭിപ്രായം പറഞ്ഞതിൽ കവിഞ്ഞ് രാഷ്ട്രീയചായ്‌വ് എനിക്ക് തോന്നിയില്ല. മോദി എന്ന വ്യക്തിയെയാണ് പിന്തുണച്ചിരിക്കുന്നത് അല്ലാതെ ബിജെപി എന്ന പാർട്ടിയെ അല്ല. ഇതേ മോഹൻലാൽ തന്നെയാണ് പിണറായി വിജയനോടും സൗഹൃദം പുലർത്തുന്നത്. അതുകൊണ്ട് അദ്ദേഹത്തിന്റെ അഭിപ്രായത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് ശരിയല്ല. കലാകാരന്മാരെ രാഷ്ട്രീയവൽക്കരിക്കുന്നത് എന്തിനാണ്? എന്നും മേജർ രവി ചോദിക്കുന്നു.

മൂന്നു വ്യത്യസ്ത ഗെറ്റപ്പിലാണ് മോഹൻലാൽ തന്റെ പുതിയ ചിത്രത്തിൽ എത്തുന്നത്. മേജർ മഹാദേവന്റെ അച്ഛന്റെ വേഷമുണ്ട്, പിന്നെ മഹാദേവന്റെ തന്നെ പലകാലത്തിലുള്ള വേഷപകർച്ചകളുമുണ്ട്. ഇരട്ടറോളിൽ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടില്ല. ഇതൊരു യുദ്ധസിനിമ എന്നതിലുപരി യുദ്ധത്തിൽ പങ്കെടുക്കുന്ന മനുഷ്യരുടെ കഥയാണെന്നും മേജർ രവി പറയുന്നു.