- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലസ് വൺ പ്രവേശന നടപടി വ്യാഴാഴ്ച മുതൽ; സീറ്റ് ക്ഷാമം രൂക്ഷം; ആദ്യ അലോട്ട്മെന്റിൽ ഇടംനേടാതെ അപേക്ഷകരിൽ പകുതിയിലേറെ വിദ്യാർത്ഥികൾ; എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയവർക്കും ഇഷ്ടമുള്ള വിഷയത്തിൽ പ്രവേശനം ലഭിക്കില്ലെന്ന് ആശങ്ക
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പട്ടികയിൽ അപേക്ഷകരിൽ പകുതിപേർക്കും ഇടം നേടാനായില്ല. 4,65,219 അപേക്ഷകരിൽ 2,18,418 പേർക്കാണ് ഇടംലഭിച്ചത്. മെറിറ്റ് സീറ്റിൽ അവശേഷിക്കുന്നത് 52,718 സീറ്റുകളാണ്. വ്യാഴാഴ്ച മുതൽ പ്രവേശന നടപടികൾ തുടങ്ങും. വ്യാഴാഴ്ച രാവിലെ ഒൻപത് മുതൽ ഒക്ടോബർ ഒന്ന് വരെയാണ് പ്രവേശനം.
എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയവർക്ക് ട്രയൽ അലോട്ട്മെന്റിൽ തന്നെ ഇഷ്ടമുള്ള വിഷയത്തിൽ പ്രവേശനം കിട്ടാത്തതിന്റെ ആശങ്കയ്ക്കിടെയാണ് അഡ്മിഷൻ തുടങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ ബാച്ച് ഇത്തവണ അനുവദിക്കില്ല എന്നാണ് സർക്കാർ നിലപാട്. കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വേണം പ്രവേശന നടപടികൾ എന്നാണ് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം.
ഹയർസെക്കന്ററി വെബ്സൈറ്റിലാണ് അലോട്ട് മെന്റ് പ്രസിദ്ധീകരിച്ചത്. പ്രസിദ്ധീകരിച്ചതിന് പിന്നാലെ സൈറ്റ് ഹാങ്ങാണെന്ന പരാതിയും ഉയർന്നു. പലകുട്ടികൾക്കും വെബ്സൈറ്റിലേക്ക് പ്രവേശിപ്പിച്ച് എവിടെയാണ് പ്രവേശനം കിട്ടിയതെന്ന് അറിയാൻ കഴിയുന്നില്ലെന്നയിരുന്നു പരാതി.
അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ ഫസ്റ്റ് അലോട്ട് റിസൽട്ട് എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന ലെറ്ററിലെ തിയതിയിലും സമയത്തും പ്രവേശനം ലഭിച്ച സ്കൂളിൽ രക്ഷിതാവിനൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ആദ്യ അലോട്ട്മെന്റിൽ ഒന്നാം ഓപ്ഷൻ ലഭിക്കുന്നവർ ഫീസ് അടച്ച് സ്ഥിരം പ്രവേശനം നേടണം. മറ്റു ഓപ്ഷനുകളിൽ പ്രവേശനം ലഭിക്കുന്നവർക്ക് ഫീസ് അടയ്ക്കാതെ താൽക്കാലിക പ്രവേശനം നേടാം. വിഎച്ച്എസ്ഇ പ്രവേശനം 29നും ഹയർ സെക്കൻഡറി പ്രവേശനം ഒക്ടോബർ ഒന്നിനും അവസാനിക്കും.
ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ആകെ ഉണ്ടായിരുന്ന 44281 ഒഴിവുകളിൽ ലഭിച്ച 109320 അപേക്ഷകളിൽ 107915 അപേക്ഷകളാണ് അലോട്ട്മെന്റിനായി പരിഗണിച്ചത്.
കോവിഡ് മാനദണ്ഡം അനുസരിച്ചാണ് പ്രവേശന നടപടികൾ. ഒരു വിദ്യാർത്ഥികളുടെ പ്രവേശം പൂർത്തിയാക്കാൻ ആകെ 15 മിനിട്ടാണ് അനുവദിച്ചിരിക്കുന്നത്. ഒന്നാമത്തെ ഓപ്ഷൻ ലഭിച്ചവർ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. മറ്റ് ഓപ്ഷനുകൾ ലഭിക്കുന്നവർക്ക് താൽക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാം.
സ്പോർട്സ് ക്വാട്ട അലോട്ട്മെന്റ് വ്യാഴാഴ്ച പ്രസിദ്ധീകരിക്കും.സെപ്റ്റംബർ 25 ,29 തീയതികളിൽ ആയിരിക്കും സ്പോർട്സ് ക്വാട്ട അഡ്മിഷൻ നടക്കുക. അലോട്ട്മെന്റ് വിവരങ്ങൾക്ക് www.adimission.dge.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് Candidate Login-Sports ലെ Candidate Login-Sports എന്ന ലിങ്കിൽ പ്രവേശിച്ചാൽ റിസൽട്ട് പരിശോധിക്കാം.
മറുനാടന് മലയാളി ബ്യൂറോ