ന്യൂയോർക്ക്: വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ന്യൂയോർക്ക് വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിലെ മകരവിളക്ക് ഉത്സവം ഭക്തിനിർഭരമായി ആഘോഷിച്ചു.

ഗുരു സ്വാമി പാർത്ഥസാരഥി പിള്ളയുടെയും ക്ഷേത്ര മേൽശാന്തി മനോജ് നമ്പൂതിരിയുടെയും വാസ്റ്റിന്റെ ഭാരവാഹികളുടെയും നേതൃത്വത്തിൽ നടന്ന മകരവിളക്ക് ഉത്സവവും ദീപാരാധനയും ഭക്തർക്ക് ശബരിമലയിൽ എത്തിയ പ്രതീതി ഉളവാക്കി. തിരുവാഭരണവിഭൂഷിതനായ ശ്രീ അയ്യപ്പനെ കണ്ടു വണങ്ങുവാൻ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഭക്തർ. നിറപറയും നിലവിളക്കും താലപ്പൊലിയുമായി വാസ്റ്റിന്റെ മഹിളാ വിഭാഗവും സ്വീകരണചടങ്ങുകൾക്കു മാറ്റുകൂട്ടി. ഇരുമുടിയേന്തിയ അയ്യപ്പന്മാർ താലപ്പൊലിയുടെ അകമ്പടിയോടെ ശരണം വിളിയോടെ ക്ഷേത്രം വലംവച്ച് ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചപ്പോൾ ശരണ മന്ത്രത്താൽ മുഖരിതമായിരുന്നു ക്ഷേത്രം. ഇതോടൊപ്പം തന്നെ അയ്യപ്പൻ വിളക്കും വാസ്റ്റ് വിളക്കും ഒരു വേറിട്ട കാഴ്ചയായിരുന്നു. മകരവിളക്ക് ദർശിക്കാൻ നൂറുകണക്കിനു അയ്യപ്പ ഭക്തരാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്.

സെക്രട്ടറി ഡോ. പത്മജാ പ്രേം, ചെയർമാൻ വാസുദേവ് പുളിക്കൽ, ഗണേശ് നായർ, ജോഷി നാരായണൻ, രാധാകൃഷ്ണൻ. പി.കെ. രാജൻ നായർ, ഡോ.പ്രഭ കൃഷ്ണൻ, വിനോദ് കെയാർകെ, മാധവൻ നായർ, ഗോപികുട്ടൻ നായർ, സന്തോഷ് നായർ, ഡോ.പ്രേം, നാരായണൻ നായർ, ബാലചന്ദ്ര പണിക്കർ, സഹൃദയ പണിക്കർ, ഡോ. രാമചന്ദ്രൻ നായർ, സൻജീവ് നായർ, കിരൺ നായർ ,അപ്പുകുട്ടൻ പിള്ള, സുരേഷ് പണിക്കർ, ഹരിലാൽ നായർ, സുരേന്ദ്രൻ നായർ, ഡോ. എ.കെ.ബി. പിള്ള, ഡോ. വൽസ, സുശിൽ കൃഷ്ണൻ, ജനാർദ്ദനൻ തോപ്പിൽ, സുരേഷ് കുറുപ്പ്, ദീപൻ കണ്ണൻ, കൃഷ്ണൻ, രാമദാസ് കൊച്ചുപറമ്പിൽ, ഡോ. സുവർണ, രുക്മിണി നായർ, തങ്കമണി പിള്ള, ഓമന വാസുദേവ്, ഷൈല നായർ, പ്രിയ ശ്രീകാന്ത്, ബീനാ പ്രസന്നൻ, പങ്കജം മേനോൻ, ശാരദ നായർ തുടങ്ങിയവർ ഗുരുസ്വാമിക്കൊപ്പം ചടങ്ങുകൾക്കു നേതൃത്വം നൽകി.

സ്മൃതിപ്രേമിന്റെ ഭക്തി ഗാനാലാപനം, ദീപാരാധന, മേൽശാന്തി ബ്രഹ്മശ്രീ മനോജ് നമ്പൂതിരിയുടെ താന്ത്രിക ശൈലിയിലുള്ള പൂജാ ക്രമങ്ങൾ തുടങ്ങിയവയും നടന്നു. ഗുരു സ്വാമി പാർഥസാരഥിപിള്ളയും സംഘവും ഹരിവരാസനം പാടവേ മേൽശാന്തി മനോജ് നമ്പൂതിരി ദീപങ്ങൾ ഓരോന്നായി അണച്ച് ഭഗവാനെ ഉറക്കി നട അടച്ചു.

മണ്ഡലകാലത്തിനു ശേഷവും ക്ഷേത്രത്തിൽ എല്ലാദിവസവും കേരളീയത്തനിമയോടു കൂടിയുള്ള പൂജാകർമാദികൾ പൂജാരി ബ്രഹ്മശ്രീ മനോജ് നമ്പൂതിരി നിർവഹിക്കും.