ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ കോൺഗ്രസ് നേതാക്കളുടെ രാജി. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അജയൻ മാക്കനും ഡൽഹിയിലെ പാർട്ടി ചുമതലയുള്ള പി.സി. ചാക്കോയും പാർട്ടിപദവികൾ രാജിവച്ചു. മൂന്നിൽ രണ്ടു സീറ്റുകളും സ്വന്തമാക്കി ബിജെപി ചരിത്രവിജയം നേടിയ തെരഞ്ഞെടുപ്പിൽ ആംആദ്മിക്കും പിന്നിൽ മൂന്നാമതാണ് കോൺഗ്രസിന്റെ സ്ഥാനം.

സൗത്ത് ഡൽഹി, നോർത്ത് ഡൽഹി, ഈസ്റ്റ് ഡൽഹി എന്നീ മൂന്നു മുനിസിപ്പാലിറ്റികളിലും വലിയ ഭൂരിപക്ഷത്തോടെയാണ് ബിജെപി അധികാരത്തിലെത്തുന്നത്. ആകെയുള്ള 272 സീറ്റുകളിൽ 183 സീറ്റുകളിൽ ബിജെപി മുന്നിലെത്തി. രണ്ടു സീറ്റുകളിൽ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. തുടർച്ചയായ മൂന്നാം തവണയാണ് ഡൽഹി മുനിസിപ്പൽ കോർപറേഷൻ ബിജെപി ഭരിക്കുന്നത്.

കോൺഗ്രസിന്റെ തോൽവിക്കു പിന്നാലെ ആദ്യം രാജിവച്ച് പ്രദേശ് കോൺഗ്രസ് അധ്യക്ഷനും മുതിർന്ന നേതാവുമായ അജയ് മാക്കനായിരുന്നു. ഫലം വ്യക്തിപരമായി നിരാശപകരുന്നതാണെന്നും മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നതായും ഡൽഹിയിൽ കോൺഗ്രസിനെ നയിച്ച മാക്കൻ വ്യക്തമാക്കി. അടുത്ത ഒരു വർഷത്തേക്ക് പാർട്ടിയിൽ ഒരു സ്ഥാനവും ഏറ്റെടുക്കില്ലെന്നും സാധാരണ പ്രവർത്തകനായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മറ്റി അധ്യക്ഷൻ എന്ന നിലയിൽ പരാജയത്തിന്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു. അതിനാൽ ആ സ്ഥാനത്ത് നിന്ന് ഞാൻ രാജി വെക്കുന്നു.' അജയ് മാക്കൻ പറഞ്ഞു. കുറഞ്ഞത് ഒരു വർഷമെങ്കിലും സ്ഥാനങ്ങൾ ഏറ്റെടുക്കാതെ സാധാരണ പ്രവർത്തകനായി പ്രവർത്തിക്കും- അജയ് മാക്കൻ വ്യക്തമാക്കി.

ഇതിനുപിന്നാലെ പാർട്ടിയിലെ ഡൽഹി ചുമതലാ പദവിയിൽനിന്ന് ചാക്കോയും രാജിവയ്ക്കുകയായിരുന്നു. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നറിയിച്ചുള്ള രാജിക്കത്ത് അദ്ദേഹം ദേശീയനേതൃത്വത്തിന് കൈമാറി.

എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിവച്ചുകൊണ്ടുള്ള വിജയമാണ് ബിജെപി സ്വന്തമാക്കിയത്. മൂന്നു കോർപ്പറേഷനുകളിലുമായി ബിജെപി 183 സീറ്റുകൾ നേടി. നോർത്ത് ഡൽഹിയിൽ 69ഉം സൗത്ത് ഡൽഹിയിൽ 68ഉം ഈസ്റ്റ് ഡല്ഹിയിൽ 46ഉം സീറ്റുകൾ ബിജെപി നേടി. രണ്ടാം സ്ഥാനത്തുള്ള ആംആദ്മി നോർത്ത് ഡൽഹിയിൽ 16ഉം സൗത്ത് ഡൽഹിയിൽ 15ഉം ഈസ്റ്റ് ഡൽഹിയിൽ 10ഉം അടക്കം 41 സീറ്റുകൾ നേടി. മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസ് നോർത്തിൽ 16ഉം സൗത്തിൽ 15ഉം ഈസ്റ്റിൽ അഞ്ചും സീറ്റുകൾ നേടി.