റിയാദ്: മക്കയിലെ ഹറം പള്ളിയിലുണ്ടായ ക്രെയിൻ ദുരന്തത്തിൽ ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചതോടെ ദുരന്തത്തിൽ മരിച്ച ഇന്ത്യാക്കാരുടെ പന്ത്രണ്ടായി. മഹാരാഷ്ട്ര സ്വദേശി ഷെയ്ഖ് അലാവുദ്ധീൻ ഉമറിന്റെ മൃതദേഹം മക്കയിലെ മോർച്ചറിയിൽ കണ്ടെത്തി. 12 ഇന്ത്യാക്കാരുടേയും മൃതദേഹം മക്കയിൽ തന്നെ കബറടക്കുകയും ചെയ്തു.

ദുരന്തമുണ്ടായ ശേഷം കാണാതായ ഒരു ഇന്ത്യാക്കാരനെ കൂടി കണ്ടെത്താനുണ്ട്. മഹാരാഷ്ട്ര സ്വദേശി ഹൈദർ ശറഫുദീനെയാണ് കാണാതായിരിക്കുന്നത്.

പാലക്കാട് സ്വദേശിനി മുഅ്മിന ഇസ്മയിലടക്കം ക്രെയിൻ അപകടത്തിൽ മരിച്ച 12 ഇന്ത്യക്കാരുടേയും കബറടക്കം മക്കയിൽ തന്നെ നടത്തുകയായിരുന്നു. ഡിഎൻഎ പരിശോധന നടത്തുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും വിരലടയാളം, രൂപസാദൃശ്യപരിശോധനകൾ എന്നിവ വഴി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതിനെ തുടർന്നാണു ചൊവ്വാഴ്ച രാത്രി വൈകി കബറടക്കം നടത്തിയത്. നടപടിക്രമത്തിന്റെ ഭാഗമായാണ് ഇത്തരം പരിശോധനകളെന്നും രാപകൽ വ്യത്യാസമില്ലാതെ കബറടക്കത്തിനുള്ള സൗകര്യം ചെയ്തിട്ടുണ്ടെന്നും മക്ക നഗരസഭയിലെ മയ്യിത്ത് പരിപാലന മേധാവി അറിയിച്ചു.

ദുരന്തത്തിൽ ആകെ മരണം 112 ആയതായും പരുക്കേറ്റതു 331 പേർക്കാണെന്നും സൗദി അധികൃതർ അറിയിച്ചു. ഹറം പള്ളി പരിസരത്തെ എല്ലാ ക്രെയിനുകളുടെയും പ്രവർത്തനം നിർത്തിവയ്ക്കണമെന്നും അവയുടെ സുരക്ഷ പരിശോധിച്ചുറപ്പാക്കണമെന്നും നിർമ്മാണക്കമ്പനിക്ക് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ക്രെയിൻ നിർമ്മിച്ച ജർമൻ കമ്പനിയിൽ നിന്നുള്ള മൂന്നു സാങ്കേതിക വിദഗ്ദ്ധർ അന്വേഷണത്തിൽ സഹകരിക്കുന്നതിനു മക്കയിലെത്തി.