- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുണ്യമാസത്തിന് ദിവസങ്ങൾ മാത്രം ബാക്കി; കൊറോണാ ഭീഷണിയിൽ മക്കയിലും മദീനയിലും കുറ്റമറ്റ സന്നാഹങ്ങളും അതീവ ജാഗ്രതയും
ജിദ്ദ: വിശുദ്ധ റംസാൻ സമാഗതമാവുന്നു. അവശേഷിക്കുന്നത് രണ്ടാഴ്ചയിൽ കുറഞ്ഞ ദിവസങ്ങൾ മാത്രം. ആയിരം മാസങ്ങളേക്കാൾ പുണ്യകരമായ രാവ് ഉൾകൊള്ളുന്ന വിശുദ്ധ മാസം മഹാമാരിയിലും വിശ്വാസി ലോകത്തിന് ആവേശ നിർഭരവും ആത്മനിർവൃതി ദായകവുമാണ്; അതുപോലെ അതിലെ അതിലെ അനുഷ്ഠാനങ്ങളും. മുസ്ലിം ലോക ആസ്ഥാനമായ മക്കയിലും അന്ത്യപ്രവാചകൻ അന്ത്യവിശ്രമം കൊള്ളുന്ന മദീനയിലും റംസാൻ മാസത്തെ അത്യാദരവോടെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകളിലാണ് ഔദ്യോഗിക കേന്ദ്രങ്ങളും ജനാവലിയും.
മഹാമാരി അങ്ങേയറ്റം ഭീഷണി ഉയർത്തിയ സന്ദര്ഭത്തിലായിരുന്നു കഴിഞ്ഞ വർഷത്തെ വിശുദ്ധ റംസാൻ ആഗതമായതും നിർഗമിച്ചതും. മറ്റൊരു റംസാൻ കൂടി ആഗതമാവുമ്പോൾ അതേ മുൻകരുതൽ നടപടികൾ അതേപടി നിലനിൽക്കുന്നില്ലെന്ന ആശ്വാസം അനുഭവിക്കുന്നതോടൊപ്പം തെല്ലും കുറയാത്ത ജാഗ്രതയിലുമാണ് മക്കയും മദീനയും മൊത്തം സൗദിയും.
ആഴ്ചകൾക്ക് മുമ്പ് കൊറോണാ കേസുകളും മരണസംഖ്യയും കുറഞ്ഞു വരികയും രോഗം ഭേദമാവുന്നവരുടെ എണ്ണം കൂടുകയും ചെയ്യുന്നുവെന്നതായിരുന്നു സ്ഥിതിയെങ്കിൽ, കഴിഞ്ഞ ഏതാനും ദിവസങ്ങളായുള്ള അവസ്ഥ വിഭിന്നമാണ്, രോഗം പിടിപെടുന്നവരുടെ എണ്ണവും അതിൽ തന്നെ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും ആശങ്കാജനകമാണ്. മരണ സംഖ്യയിലും സ്ഥിതി മറ്റൊന്നല്ല. ഈ സാഹചര്യത്തിൽ ഇരു ഹറമുകളിൽ ഈ റംസാനിൽ പാലിക്കേണ്ട കൊറോണാ മുൻകരുതൽ നടപടികൾ ഇരു ഹറം ഭരണകാര്യ സമിതി മേധാവിയും മക്കാ ഹറം ഇമാമുമായ ശൈഖ് ഡോ. അബ്ദുറഹ്മാൻ അബ്ദുൽഅസീസ് അൽസുദൈസ് പ്രഖ്യാപിച്ചു.
ഇരു ഹറമുകളിലും നിലാവിലുള്ളതും റംസാനിൽ പ്രത്യേകമായി ഏർപ്പെടുത്തുന്നതുമായ കൊറോണാ നിയന്ത്രണങ്ങളും പ്രതിരോധ മുൻകരുതൽ നടപടികളും പൂർണ്ണമായി പാലിക്കണമെന്ന് അദ്ദേഹം വിശ്വാസികളോട് അഭ്യർത്ഥിച്ചു. ഹറമുകളിലെ റംസാൻ ആരാധനാ രീതി വിവരിക്കുന്ന വേളയിൽ സൗദി ഇൻഫർമേഷൻ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബിയും സന്നിഹിതനായി.
വിശുദ്ധ നഗരങ്ങളിലേക്കുള്ള പ്രവേശനം, പുണ്യ ഹറമുകളിൽ വെച്ചുള്ള അനുഷ്ഠാനങ്ങൾ, റംസാനിലെ പ്രത്യേക കർമങ്ങൾ എന്നിവയ്ക്കെല്ലാം കർശനമായ നിയന്ത്രണങ്ങളും വ്യവസ്ഥകളുമാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്. വൈറസ് വ്യാപനം വർദ്ധിക്കുന്നതായ സൂചനയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ എന്ന നിലയ്ക്കാണ് ഇതിന് അധികൃതർ ഇത്തവണയും വിലക്കേർപ്പെടുത്തിയിട്ടുള്ളത്. മഹാമാരി താണ്ഡവമാടിയ സമയത്ത് ആഗതമായ കഴിഞ്ഞ വർഷത്തെ വിശുദ്ധ ഹജ്ജ് പൂർണമായും വൈറസ് വ്യാപനമുക്തമായി നടത്താൻ കഴിഞ്ഞതിലെ ആത്മവിശ്വാസത്തോടെയാണ് റംസാൻ ക്രമീകരണങ്ങൾ.
റംസാനിൽ മക്ക, മദീന നഗരത്തിലേക്കുള്ള പ്രവേശനാനുമതിയിൽ വ്യക്തമാക്കിയ സമയപരിധി പുറമെ നിന്നെന്തുന്നവർ പൂർണമായും പാലിക്കണം. പ്രവേശന കവാടങ്ങളിലെ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരും റോഡ് സുരക്ഷാ ഉദ്യോഗസ്ഥരും പെർമിറ്റിൽ അടയാളപ്പെടുത്തിയ സമയ പരിധിക്കുള്ളിൽ മാത്രമേ കടത്തി വിടുകയുള്ളൂ.
മക്ക, മദീന ഹറമുകളിൽ കുളിർമ പകരുന്ന അനുഭവമായി റംസാൻ ആദ്യാവസാനം അരങ്ങേറുന്ന വിഭവസമൃദമായ ഓപ്പൺ ഇഫ്താർ സംഗമം ഇത്തവണ ഇത്തവണ ഉണ്ടാകില്ല. വിഭവ സമൃദ്ധവും വൻ ജനാവലിയുടെ പങ്കാളിത്വത്തോടെയുമുള്ള ഇഫ്താർ വിരുന്ന് മഹാമാരിയിൽ പോയ് മറഞ്ഞു. ജനലക്ഷങ്ങളാണ് രണ്ടിടങ്ങളിലെയും ഇഫ്താർ സദസ്സിൽ മുപ്പതു ദിവസവും പങ്കെടുക്കാറ്. റംസാനിൽ ഹറമുകളിൽ നോമ്പ് തുറ സമയത്ത് എത്തുന്ന വിശ്വാസികൾക്ക് ലഭിക്കുക ഈത്തപ്പഴവും സംസം വെള്ളവും മാത്രം. അതും ഹറമുകളിലേയ്ക്ക് കൊണ്ടുവരാനോ പൊതുവിതരണം നടത്താനോ അനുവദിക്കില്ല.
പ്രതിദിനം രണ്ട് ലക്ഷം വെള്ളക്കുപ്പികൾ വിതരണം ചെയ്യും. മക്കയിലെ വിശുദ്ധ ഹറമിലെത്തുന്ന വിശ്വാസികൾക്ക് പാക്ക് ചെയ്ത നോമ്പ് തുറ, അത്താഴ വിഭവ വിതരണത്തിന് മക്കാ പ്രവിശ്യ ഗവർണറേറ്റുമായി സഹകരിച്ച് പദ്ധതികൾ നടപ്പാക്കും.
റമദാനിൽ മക്കാ ഹറമിൽ തീർത്ഥാടകരെ സേവിക്കാനായി പ്രത്യേക പരിശീലനം ലഭിച്ച 4,422 ജീവനക്കാരുണ്ടാകും. ഇവരിൽ വനിതാ ജീവനക്കാരും ഉൾപ്പെടും. തറാവീഹ്, ഖിയാമുലൈൽ നമസ്കാര സമയങ്ങളിൽ ജോലിക്കാരുടെ എണ്ണം വർധിപ്പിക്കും. ത്വവാഫിന് 14 പാതകൾ നിശ്ചയിക്കും.ഒരോ നമസ്കാരത്തിനും മുമ്പും ശേഷവും അണുമുക്തമാക്കും. അണുമുക്തമാക്കുന്നതിനും ശുചീകരണ ജോലികൾക്കും ഏകദേശം 5,000 തൊഴിലാളികളെയാണ് വിന്യസിക്കുന്നത്.
സാധാരണ ദിവസങ്ങളിലുള്ള കഴുകലിനു പുറമെ റംസാനിൽ ദിവസവും ഹറം മസ്ജിദ് പത്ത് തവണ കഴുകും. ഒരോ നമസ്കാര ശേഷവും വിരിപ്പുകൾ എടുത്തുമാറ്റുകയും ചെയ്യും.
നിസ്കാരത്തിന് അണിയായി നിൽക്കുമ്പോൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ സ്റ്റിക്കറുകൾ പതിക്കും. ജീവനക്കാരെയും തൊഴിലാളികളെയും പ്രത്യേകിച്ച് തീർത്ഥാടകരുമായി ഇടപഴകുന്നവരെ ഇടക്കിടെ പരിശോധനക്ക് വിധേയമാക്കും.
വിശുദ്ധ കഅബാ മന്ദിരം പ്രദക്ഷിണം (ത്വവാഫ്) ചെയ്യാനും ഉംറ കർമം അനുഷ്ഠിക്കാനുമുള്ള അനുമതി അതിനായുള്ള പ്രത്യേക ആപ്പ് ('ഇഅതമർനാ') വഴി മുൻകൂർ അനുമതി ലഭിച്ചവർക് മാത്രമായിരിക്കും. ഇത് ഹറം കവാടങ്ങളിൽ വെച്ചും പരിശോധിക്കും. അവർക്ക് മാത്രമായിരിക്കും പ്രദക്ഷിണ വീഥിയിൽ പ്രവേശിക്കാനുള്ള അനുമതിയും. നിസ്കാരം മാത്രം അനുഷ്ഠിക്കുന്നവർക്കായി മക്കാ ഹറമിന്റെ മറ്റു ഭാഗങ്ങൾ നീക്കി വെക്കും.
തറാവീഹ് നിസ്കാരത്തിന്റെ ആവർത്തി (റക്അത്ത്) ഇരുപതിൽ നിന്ന് പകുതിയാക്കി. അഞ്ച് സലാം വീട്ടലോടെയുള്ള പത്ത് റക്അത്ത് മാത്രമായിരിക്കും തറാവീഹ് നിസ്കാരം. നിസ്കാരത്തിന് വരുന്നവരുടെ കൂട്ടത്തിൽ പതിനഞ്ച് വയസിനു താഴെയുള്ള കുട്ടികൾക്ക് പ്രവേശനം നൽകുകയില്ല.
അപ്രകാരം, റംസാൻ അവസാന പത്ത് ദിവസങ്ങളിൽ അനുഷ്ഠിക്കാറുള്ള ഭജന (ഇഅതികാഫ്) യും ഇത്തവണ വേണ്ടെന്ന് വെച്ചിട്ടുണ്ട്.
ഭിന്നശേഷിക്കാർക്ക് നിസ്കരിക്കാൻ പ്രത്യേക സ്ഥലം ഏർപ്പെടുത്തും. വിശ്വാസികളുടെ സംശയ ദൂരീകരണത്തിന്സം വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള പണ്ഡിതന്മാരെയും വിവർത്തകരെയും വിന്യസിക്കും. അഞ്ച് ഭാഷകളിൽ150 പഠന കാസ്സുകൾ ഹറം പ്ലാറ്റ്ഫോം വഴി സംഘടിപ്പിക്കും.രണ്ട് ഡോക്യുമെന്ററി ഫിലിമുകൾ പുറത്തിറക്കും. ടെലിവിഷൻ പ്രക്ഷേപണ പരിപാടികൾ പുറത്തിറക്കും. ഇൻഫർമേഷൻ മന്ത്രാലയവുമായി സഹകരിച്ച് ഇരു ഹറമുകളിലെ സേവന പ്രവർത്തനങ്ങൾ ലോകത്തിനു മുമ്പാകെ എത്തിക്കും തുടങ്ങിയ പ്രവർത്തനങ്ങൾ റംസാൻ പ്രത്യേക പദ്ധ്വതികളിൽ പെടുന്നു.
വിശുദ്ധ റംസാനിൽ മദീനയിലെ മസ്ജിദുന്നബവി രാത്രിയിലെ തറാവീഹ് നിസ്കാരം കഴിഞ്ഞു അര മണിക്കൂറിനകം അടച്ചിടും. പ്രഭാതത്തിന് മുമ്പുള്ള നിസ്കാരത്തിന് രണ്ടു മണിക്കൂർ മുമ്പായാണ് പിന്നെ ഹറം തുറക്കുക. റംസാനിലെ അവസാനത്തെ പത്ത് ദിവസങ്ങളിൽ പ്രവാചകന്റെ പള്ളിയിലേക്ക് എല്ലാ സമയത്തും വിശ്വാസികൾക്ക് പ്രവേശനം നൽകുമെന്നും അദ്ദേഹം അറിയിച്ചു.