കൊച്ചി: മലബാർ സിമന്റ് അഴിമതി വിജയത്തിൽ സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. സംസ്ഥാന മുഖ്യമന്ത്രി അടക്കമുള്ളവർ വി എം രാധാകൃഷ്ണനു വേണ്ടി നിലകൊള്ളുകയാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. സർക്കാറും സർക്കാർ അഭിഭാഷകരും കേസിൽ ഒത്തുകളിക്കുകയാണോ എന്നാണ് ഹൈക്കോടതി കുറ്റപ്പെടുത്തി.

കേസിലെ പ്രതി വിവാദ വ്യവസായി രാധാകൃഷ്ണൻ എന്ന വി എം രാധാകൃഷ്ണനെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ എടുത്തിരിക്കുന്നതെന്ന് ഹൈക്കോടതി വിമർശിച്ചു. സംസ്ഥാന സർക്കാരുകളേക്കാലും മുകളിലാണോ വി എം രാധാകൃഷ്ണനെന്നും എന്തുകൊണ്ടാണ് പ്രതിയെ സംരക്ഷിക്കുന്ന നിലപാട് സംസ്ഥാന സർക്കാരുകൾ എടുക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു.
സാധാരണക്കാരന് നീതിവ്യവസ്ഥയോടുള്ള വിധേയത്വം ഇല്ലാതാക്കുന്നതാണ് ഇത്തരം നടപടികൾ. മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ ഇത്തരം സംഭവങ്ങൾ കാണാതിരിക്കുന്നത് അത്ഭുതമാണ്. വി എം രാധാകൃഷ്ണൻ നിയമത്തിന് അതീതനായ വ്യക്തിയല്ല. എല്ലാവരും നിയമത്തിന് തുല്യരാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

2015ലെ മലബാർ സിമന്റ്സ് ക്യുക്വെരിഫിക്കേഷൻ അഴിമതിയും ക്രമക്കേടും സംബന്ധിച്ച് മുൻ വ്യവസായ സെക്രട്ടറി പി.ബാലകൃഷ്ണൻ, മുൻ മലബാർ സിമന്റ് എംഡി. എം.സുന്ദരമൂർത്തി, നിലവിലെ മലബാർ സിമന്റ്സ് എം.ഡി. പത്മകുമാർ, മുൻ വ്യവസായ മന്ത്രി എളമരം കരീം തുടങ്ങിയവർ പ്രതിപ്പട്ടികയിൽ വരേണ്ടിയിരുന്ന വിധത്തിലായിരുന്നു കേസ് ആദ്യം രജിസ്റ്റർ ചെയ്തത്. എന്നാൽ, പിന്നീട് കാര്യമായ അന്വേഷണം മുന്നോട്ടുപോയില്ല.

ക്രമക്കേട് കണ്ടെത്തിയാൽ 48 മണിക്കൂറിനുള്ളിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് ലളിത കുമാരി ഉത്തരവിന് ഘടകവിരുദ്ധമായാണ് ഈ കേസിൽ അന്വേഷണ ഏജൻസികൾ നിലപാട് കൈക്കൊണ്ടിരിക്കുന്നത്. ക്യുക് വെരിഫിക്കേഷൻ കേസിൽ പ്രതികളായവരും പ്രതികളാകാൻ സാധ്യതയുള്ളവരും പ്രതികളുടെ പട്ടിക വെട്ടിത്തിരുത്തിയെന്ന സംശയവും കോടതി ഉന്നയിച്ചു.

എത്രയും വേഗം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും കോടതി അറിയിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ വരുന്ന 18 ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനോട് ഹാജരാകാനും കോടതി നിർദ്ദേശം നൽകി. മുൻ വിജിലൻസ് ഡയറക്ടർ വിൻസൻ എം പോളാണ് ഈ കേസ് അന്വേഷിച്ചത്. അന്ന് കേസ് അട്ടിമറിച്ചെന്ന ആരോപണം ശക്തമായി ഉയർന്നിരുന്നു. ഹൈക്കോടതിയിൽ അപ്പീൽ കൊടുത്തിട്ടും കേസിൽ അന്വേഷണം നടത്താൻ വിസമ്മതിച്ചതിനെത്തുടർന്ന് അദ്ദഹം വീണ്ടും കോടതിയെ സമീപിച്ചു. സർക്കാറും സർക്കാർ അഭിഭാഷകരും ഒത്തുകളിക്കുകയാണോ എന്നാണ് കോടതി ചോദിച്ചത്.