കോഴിക്കോട്: താത്ക്കാലികമായി നിർത്തിവച്ച ഹജ്ജ് എംബാർക്കേഷൻ പോയന്റ് കോഴിക്കോട് നിന്നും പുനഃസ്ഥാപിക്കാൻ കേന്ദ്ര ഹജ്ജ് കമ്മിറ്റിയോടും കേന്ദ്ര ഗവൺമെന്റിനോടും കേരള ഹജ്ജ് കമ്മിറ്റി ആവശ്യപ്പെടുമെന്നും ഈ ആവശ്യം നേടിയെടുക്കാനുള്ള ഏത് സമരപരിപാടിയിലും നിഴൽപോലെ ഹജ്ജ് കമ്മിറ്റി ഉണ്ടാവുമെന്നും കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. മൂന്ന് മാസം നീണ്ടുനിൽക്കുന്ന സമരസംഗമത്തിന്റെ ഭാഗമായി മലബാർ ഡവലപ്മെന്റ് ഫോറം പ്രധാനമന്ത്രിക്കും വ്യോമയാന വകുപ്പ് മന്ത്രിക്കും അയക്കുന്ന പത്തുലക്ഷം ഇ മെയിൽ കാമ്പയിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2015 മെയ് ഒന്നുമുതൽ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള റൺവേ റീ കാർപ്പറ്റിങ് ആവശ്യത്തിന്നു വേണ്ടി താത്ക്കാലികമായാണ് ഹജ്ജ് എംബാർക്കേഷൻ പോയന്റ് നെടുമ്പാശ്ശേരിക്കു മാറ്റുന്നത്. എന്നാൽ ഈ വർഷം മാർച്ച് മാസം മുതൽ കോഴിക്കോട് വിമാനത്താവളം പൂർവ്വാധികം ആധുനിക സൗകര്യത്തോടെ 24 മണിക്കൂറും പ്രവർത്തന സജ്ജമാകുകയാണ്. ഈ സാഹചര്യത്തിലും ഹജ്ജ് എംബാർക്കേഷൻ പോയന്റ് ആക്കാതെ കരിപ്പൂരിനെ അവഗണിക്കുന്നതിന്ന് യാതൊരു ന്യായീകരണവുമില്ല. ആയിരക്കണക്കായ മലബാറിലെ ഹാജിമാരുടെ പരിശുദ്ധ ഹജ്ജ് യാത്രാ സൗകര്യത്തിന്നുവേണ്ടി ഹജ്ജ് എംബാർക്കേഷൻ പോയന്റ് കോഴിക്കോട് നിന്നും പുനരാരംഭിക്കേണ്ടതുണ്ട്. ഈ വിഷയത്തിൽ കേരള ഹജ്ജ് കമ്മിറ്റി അടിയന്തിര പ്രാധാന്യത്തോടെ സജീവമായ ഇടപെടൽ നടത്തേുമെന്ന് അദ്ദേഹം മലബാർ ഡവലപ്മെന്റ് ഫോറത്തിന്ന് ഉറപ്പുതന്നു.

ഈ ആവശ്യത്തിന്റെ സാക്ഷാത്കാരത്തിന്നായി മുഴുവൻ ജനങ്ങളും സമരരംഗത്തുണ്ടാവണമെന്നും അദ്ദേഹം ആഗ്രഹംപ്രകടിപ്പിച്ചു. സി.പി കുഞ്ഞുമുഹമ്മദ്, ശരീഫ് മണിയാട്ടുകുടി( കേരള ഹജ്ജ് കമ്മിറ്റി മെംബർ) ഹസ്സൻ തിക്കോടി, മലബാർ ഡവലപ്മെന്റ് ഫോറം പ്രസിഡണ്ട് കെ.എം ബഷീർ, ജനറൽ സെക്രട്ടറി അമ്മാർ കിഴുപറമ്പ്, കെ.സൈഫുദ്ധീൻ (ഓർഗനൈസിങ് സെക്രട്ടറി)ഇസ്മയിൽ പുനത്തിൽ, ശൈഖ് ഷാഹിദ് എന്നിവർ പങ്കെടുത്തു