- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികളുടെ പാഠശാലയായി മലബാർ വില്ല
ജിദ്ദ: പ്രവാസ ലോകത്ത് താമസ സൗകര്യവും കേരളീയ ഭക്ഷണവും ലഭിക്കുന്ന വില്ലകൾ ധാരാളം ഉണ്ട്. എന്നാൽ വിവിധ ഭാഷാ പഠനവും സാങ്കേതിക-തൊഴിൽ പരിശീലനങ്ങളുമൊക്കെ ലഭിക്കുന്ന വില്ലകൾ വിരളമാണ്. ഇക്കൂട്ടത്തിൽ വേറിട്ട് നിൽക്കുന്ന ഒരു വില്ലയാണ് ഫലസ്തീൻ സ്ട്രീറ്റിലെ മൊബൈൽ സൂഖിനു സമീപമുള്ള മലബാർ വില്ല.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരും വിവിധ കമ്പനികളിൽ ജോലി ചെയ്യുന്നവരുമായ പ്രവാസികൾ സ്‌നേഹത്തോടെ താമസിക്കുന്ന മലബാർ വില്ല കേരളത്തിന്റെ ഒരു പരിച്ഛേദം തന്നെയാണ്. ഇവിടെയുള്ളവരുടെ സംസാരം ശ്രദ്ധിച്ചാൽ മലയാളത്തിൽ ഒരേ വസ്തുവിന് വ്യത്യസ്ത പേരുകൾ പറയുന്നത് കേൾക്കാൻ സാധിക്കും. ആറു നാട്ടിൽ നൂറ് ഭാഷ എന്നത് ഇവിടെ അന്വർത്ഥം!
മലബാർ വില്ലയിൽ താമസിച്ചിരുന്ന പ്രവാസികൾക്ക് വിവിധ വിഷയങ്ങളിൽ പഠന ക്ളാസുകൾ ലഭിച്ചിരുന്നു. അറബി - ഇംഗ്ലീഷ് പഠനം, കമ്പ്യൂട്ടർ പഠനം, അക്കൗണ്ടൻസി തുടങ്ങിയ ക്ളാസുകൾ പലർക്കും ഉയർന്ന ജോലി ലഭിക്കാനും നിലവിലെ ജോലിയിൽ ഉയർച്ച ലഭിക്കാനും സഹായകമായിട്ടുണ്ട്. ഇങ്ങനെ പ്രവാസികൾക്ക് വിവിധ തരം അറിവുകൾ പകർന്നു നൽകുന്ന മലബാർ വില്ല പ്രവാസികളുടെ ഒരു അനൗദ്യോഗിക പാഠശാലയായി നില കൊള്ളുന്നു.
1993-ൽ മലപ്പുറം ഇരുമ്പുഴി സ്വദേശി പരേതനായ വി. കെ അബ്ദു സാഹിബ്, പി.കെ അബ്ബാസ് മാസ്റ്റർ, കൊടിഞ്ഞി സ്വദേശികളായ മുഹമ്മദലി, അബ്ദുൽ ഹമീദ്, കാസർഗോഡ് സ്വദേശി ഇബ്റാഹീം ശംനാട് തുടങ്ങിയവർ ചേർന്നാണ് മലബാർ വില്ല ആരംഭിച്ചത്. വില്ലയുടെ തുടക്കം മുതൽ തന്നെ വിവിധ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ ഇസ്ലാമിക വിഷയങ്ങളിൽ പഠന ക്ളാസുകൾ നടന്നിരുന്നു. ഇപ്പോൾ വർഷങ്ങളായി മതാർ ഖദീം ദഅവ സെന്റർ മലയാള വിഭാഗം പ്രബോധകനായ അബ്ദുറഹ്മാൻ ഉമരിയുടെ നേതൃത്വത്തിൽ ഇസ്ലാമിക പഠന ക്ളാസുകൾ നടന്നിരുന്നു. എന്നാൽ കോവിഡ് സാഹചര്യം ആയതിനാൽ ഇപ്പോൾ ക്ളാസുകളൊന്നും ഇവിടെ നടക്കുന്നില്ല.
പ്രവാസികൾക്ക് ഏറെ അനിവാര്യമായ ഇംഗ്ലീഷ്, അറബി ഭാഷ പഠന ക്ളാസുകൾ ഇവിടെ പലപ്പോഴും ഉണ്ടായിട്ടുണ്ട്. ജിദ്ദ കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി അദ്ധ്യാപകനായിരുന്ന പരേതനായ പ്രൊഫ . റെയ്നോൾഡിന്റെ നേതൃത്വത്തിൽ മലബാർ വില്ലയിൽ വെച്ച് നടന്നിരുന്ന ഇംഗ്ലീഷ് ക്ളാസ് വില്ല നിവാസികൾക്ക് പുറമെ മറ്റുള്ളവർക്കും ഏറെ ഉപകാരപ്രദമായിരുന്നു. ഇംഗ്ലീഷ് ഭാഷയിൽ ഉയർന്ന പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം വ്യാകരണ നിയമങ്ങൾ, സാധാരണ സംഭവിക്കാറുള്ള തെറ്റുകൾ എന്നിവ വ്യക്തയായി പഠിപ്പിച്ചിരുന്നു. ഇത് ഇംഗ്ലീഷ് ഭാഷയിൽ തെറ്റ് കൂടാതെ ആശയ വിനിമയം നടത്താൻ ഏറെ സഹായകമായിരുന്നു.
മുമ്പ് ഇവിടെ കമ്പ്യൂട്ടർ പഠന ക്ളാസുകളും നടന്നിരുന്നു. ഇത് കാരണം കമ്പ്യൂട്ടർ പരിജ്ഞാനം ഇല്ലാത്ത നിരവധി പേർക്ക് ഈ സാങ്കേതിക വിദ്യ നേടാൻ കഴിഞ്ഞിട്ടുണ്ട്. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ ജിദ്ദയിൽ വന്ന എ. പി ഉണ്ണികൃഷ്ണൻ മലബാർ വില്ല സന്ദർശിക്കുകയും എം. എസ്. എക്‌സൽ പഠന ക്ലസിന്റെ ഉത്ഘാടനം നിർവഹിക്കുകയും ചെയ്തിരുന്നു.
അത് പോലെ കലാ-കായിക - സാഹിത്യ പരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ വേണ്ടി നിരവധി പരിപാടികൾ ഇവിടെ നടന്നിരുന്നു. മലബാർ വില്ല നിവാസികൾ മുൻ കൈ എടുത്ത് ആരംഭിച്ച മലബാർ ആർട്‌സ് & സ്പോർട്സ് ക്ലബിന്റെ കീഴിൽ ഫുട്‌ബോൾ, വോളി ബോൾ, ഷട്ടിൽ ബാറ്റ് മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. അഹ്മദ് കോഴിക്കോടിന്റെ (ആമുക്ക) നേതൃത്വത്തിൽ എല്ലാ വാരാന്ത്യങ്ങളിലും വിവിധ തരം കളികൾ നടന്നിരുന്നത് ശാരീരിക വ്യായാമത്തിനും ഒപ്പം മാനസിക സന്തോഷവും ലഭിക്കാൻ ഏറെ സഹായകമായിരുന്നു. ക്ലബ്ബിന്റെ കീഴിൽ വിവിധ കലാ പരിപാടികളും ഇവിടെ നടന്നിരുന്നു.
എല്ലാ ആഴ്ചകളിലും നടന്നിരുന്ന 'ജാലകം' പരിപാടി വിജ്ഞാനവും ഒപ്പം വിനോദവും പകരുന്നതായിരുന്നു. ഇതോടൊപ്പം വ്യക്തിത്വ വികസനത്തിനുപകരിക്കുന്ന നിരവധി പരിപാടികളും ഇവിടെ നടന്നിരുന്നു. ജിദ്ദയിലെ വിവിധ മത - സാംസകാരിക - കലാ - സാഹിത്യ മേഖലയിൽ ഉള്ളവരൊക്കെ മലബാർ വില്ല സന്ദർശിക്കുകയും വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യാറുണ്ട്.
ഇവിടെയുള്ള ലൈബ്രറിയിൽ വിവിധ വിഷയങ്ങളെപ്പറ്റിയയുള്ള ഗ്രന്ഥങ്ങൾ ഉണ്ട്. ദിന പത്രം, വാരിക തുടങ്ങിയവയും ഇവിടെ ഉള്ളതിനാൽ ഒഴിവ് സമയം വായനക്കും പഠനത്തിനും വളരെ സൗകര്യം ഉണ്ട്.
മലബാർ വില്ല നിവാസികൾ ഇടക്കൊക്കെ നടത്തിയിരുന്ന വിനോദ യാത്രകൾ സൗദിയുടെ വിവിധ ഭാഗങ്ങൾ കാണാനും വൈവിധ്യങ്ങൾ നേരിട്ട് മനസ്സിലാക്കാനും സഹായകരമായിരുന്നു.
പ്രവാസം അവസാനിപ്പിച്ച മലബാർ വില്ല നിവാസികൾ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി സൗഹൃദം നിലനിര്ത്തുന്നതോടൊപ്പം ഇടക്കൊക്കെ സൗഹൃദ സംഗമങ്ങളും നടത്തി പഴയ സൗഹൃദം പുതുക്കുന്നു.
മലബാർ വില്ലയിൽ നടക്കാറുള്ള വിവിധ പരിപാടികളിൽ പങ്കെടുക്കാൻ കഴിഞ്ഞതും വിവിധ നാട്ടുകാരായ ഒരു പാട് നല്ല സുഹൃത്തുക്കളെ കിട്ടി എന്നതും പ്രവാസ ജീവിതത്തിലെ നേട്ടങ്ങളാണെന്നു ജിദ്ദയിലെ സിങ്കപ്പൂർ കോൺസുലേറ്റ് മുൻ ഉദ്യോഗസ്ഥനായിരുന്ന നാസർ മാഹിൻ പറഞ്ഞു.
പണ്ഡിതരും പ്രതിഭാ ശാലികളുമായവരോടൊപ്പം മലബാർ വില്ലയിൽ ദീർഘ കാലം താമസിക്കാൻ കഴിഞ്ഞതും പല അറിവുകളും അവരിൽ നിന്ന് നേടാൻ കഴിഞ്ഞതും പ്രവാസ ജീവിതത്തിലെ വലിയ ഭാഗ്യമാണെന്ന് ഇപ്പോൾ നാട്ടിൽ ബാങ്ക് ഉദ്യോഗസ്ഥനായ ഹനീഫ കോട്ടക്കൽ പറഞ്ഞു
മലബാറിലെ ഭാഷ വൈവിധ്യവും സംസ്‌കാരവും കൂടുതൽ അടുത്തറിയാൻ മലബാർ വില്ലയിലെ കുറഞ്ഞ കാലത്തെ താമസം സഹായിച്ചുവെന്ന് പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ വിശ്രമ ജീവിതം നയിക്കുന്ന ചങ്ങനാശ്ശേരി സ്വദേശിയായ എഞ്ചിനീയർ മുസ്തഫ റാവുത്തർ പറഞ്ഞു.
മത - സാഹിത്യ - സാംസകാരിക പരിപാടികളിൽ പങ്കെടുക്കാനും പ്രസംഗ പരിശീലനം നേടാനും മലബാർ വല്ലയിലെ താമസം സഹായിച്ചുവെന്ന് കെഎംസിസിയുടെയും ഇസ്ലാഹി സെന്ററിന്റെയും പ്രവർത്തകനായ സലിം കൂട്ടിലങ്ങാടി പറഞ്ഞു.
മുമ്പ് ഇവിടെ താമസ സൗകര്യം ലഭിക്കാൻ പലപ്പോഴും മാസങ്ങൾ കാത്തിരിക്കേണ്ടിയിരുന്നു. എന്നാൽ പ്രതിസന്ധികളിൽ പിടിച്ചു നിലക്കാൻ കഴിയാതെ പ്രവാസികൾ അധികവും നാട്ടിലേക്കു മടങ്ങിയത് മലബാർ വില്ലയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ദീർഘ കാലം ഇവിടെ ഭക്ഷണം ഉണ്ടാക്കിയിരുന്ന കൊടിഞ്ഞി സ്വദേശിയായ അസീസ്‌ക്ക വർഷങ്ങൾക്കു മുമ്പ് ഈ ലോകത്തോട് വിട പറഞ്ഞെങ്കിലും അദ്ദേഹം ഉണ്ടാക്കിയിരുന്ന ഭക്ഷണത്തിന്റെ രുചി ഇപ്പോഴും വില്ല നിവാസികളുടെ നാവിൽ ഉണ്ട്.
മുമ്പ് പ്രവാസികൾ തിങ്ങി താമസിച്ചിരുന്ന ഫ്‌ളാറ്റുകളും വില്ലകളും ഇപ്പോൾ ആളില്ലാതെ മുന്നോട്ടു കൊണ്ട് പോവാൻ വിഷമിച്ചു നിൽക്കുകയാണ്. മലബാർ വില്ലയിൽ മുമ്പ് താമസ സൗകര്യം ലഭിക്കാൻ പലപ്പോഴും മാസങ്ങൾ കാത്തിരിക്കേണ്ടിയിരുന്നു. എന്നാൽ പ്രതിസന്ധികളിൽ പിടിച്ചു നിലക്കാൻ കഴിയാതെ കൂടുതൽ പ്രവാസികൾ നാട്ടിലേക്കു മടങ്ങിയത് മലബാർ വില്ലയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്
പ്രവാസ ലോകം പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോൾ പിടിച്ചു നില്ക്കാൻ കഴിയാതെ പലരും നാട്ടിലേക്ക് മടങ്ങുകയാണ്. എന്നാൽ നിരവധി ക്ളാസുകളാലും വിവിധ പരിപാടികളാലും സജീവമായിരുന്ന മലബാർ വില്ല ഹാളും വിവിധ തരം കളികളാൽ സജീവമായിരുന്ന വില്ല മുറ്റവും മലബാർ വില്ല നിവാസികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകളാണ് സമ്മാനിക്കുന്നത്.