ന്യൂഡൽഹി: മലങ്കര സഭയ്ക്കു കീഴിൽ തർക്കം നിലനിന്ന പള്ളികളിൽ ഓർത്തഡോക്‌സ് സഭയ്ക്കും യാക്കോബായ സഭയ്ക്കും ഒരുപോലെ ആരാധന നടത്താൻ അവസരം നൽകണമെന്ന യാക്കോബായ സഭയുടെ അപേക്ഷ സുപ്രീംകോടതി തള്ളി. ഇങ്ങനെ ചെയ്യുന്നതു സമാന്തര ഭരണത്തിന് ഇടയാക്കുമെന്നും അതു നിയമപരമായി അനുവദിക്കാൻ ആവില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് അമിതാവ റോയ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് വിധിയിൽ പറയുന്നു. ഇതോടെ യാക്കോബായ സഭ തീർത്തും വെട്ടിലായി.

മലങ്കര സഭയിൽ ഇപ്പോഴുള്ള സ്ഥിതിവിശേഷം സൃഷ്ടിച്ചതിനു യാക്കോബായ സഭയെയാണ് കുറ്റപ്പെടുത്തേണ്ടതെന്നു വിധിന്യായത്തിൽ പറയുന്നു. 1934 ലെ ഭരണഘടനയാണ് അംഗീകരിക്കേണ്ടതെന്ന സുപ്രീംകോടതിയുടെ 1995 ലെ വിധി മാനിക്കാൻ യാക്കോബായ സഭ കൂട്ടാക്കിയില്ലെന്നും 276 പേജുകളുള്ള വിധിയിൽ കുറ്റപ്പെടുത്തി. ഒന്ന് മലങ്കര സഭ എപ്പിസ്‌ക്കോപ്പൽ സ്വഭാവമുള്ളതും ഇത് 1934 ലെ ഭരണഘടനയിൽ പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. ഇടവകപ്പള്ളികളുടെ കാര്യങ്ങളിൽ പൂർണമായും ഭരണം നടത്തേണ്ടത് 1934 ലെ ഭരണ ഘടനപ്രകാരമാണ്, അത് നിലനിൽക്കുന്നതുമാണെന്ന സുപ്രീംകോടതി വിധി യാക്കോബായ സഭയ്ക്ക് തീർത്തും തിരിച്ചടിയാണ്.

1934 ലെ ഭരണഘടന എല്ലാ ഇടവകപ്പള്ളികൾക്കും ബാധകമാകയാൽ ഏതെങ്കിലും ഒരു പള്ളിക്ക് 2002 ലേതു പോലെ പുതിയ ഭരണഘടന ഉണ്ടാക്കാൻ കഴിയില്ല. പാത്രിയർക്കീസിന്റെ ആധ്യാത്മിക പരമാധികാരത്തിന്റെ പേരിൽ നിലവിലുള്ള പള്ളികളിൽ സമാന്തര ഭരണസംവിധാനം ഉണ്ടാക്കാനും അനുമതിയില്ല. പൗരസ്ത്യ ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധികാരി കാതോലിക്കായാണ്. ആധ്യാത്മിക അധികാരത്തോടൊപ്പം തന്നെ മലങ്കര മെത്രാപ്പെലീത്തയുടെ അധികാരവും കാതോലിക്കായ്ക്കുണ്ട്. 1934 ലെ ഭരണഘടന അനുശാസിക്കുന്നതനുസരിച്ചു മലങ്കര സഭയുടെ ഭൗതികവും പൗരോഹിത്യപരവും ആധ്യാത്മികവുമായ പരമാധികാരം മലങ്കര മെത്രാപ്പൊലീത്തയ്ക്കാണെന്നും സുപ്രീംകോടതി പറയുന്നു.

1995 ൽ ഈ കോടതിയുടെ വിധി മറികടക്കാൻ വേണ്ടിയാണ് ഇപ്പോഴത്തെ പരാതിക്കാർ പാത്രിയാർക്കീസിന് ആധ്യാത്മിക അധികാരം നൽകിയത്. കോടതിയുടെ വിധി പാത്രിയർക്കീസിനും കാതോലിക്കോസിനും എല്ലാവർക്കും ബാധകമാണ്. ചരിത്ര പശ്ചാത്തലവും നടപടിക്രമങ്ങളും പരിഗണിക്കുമ്പോൾ പാത്രിയർക്കീസിനു വികാരിമാർ, വൈദികർ, ഡീക്കന്മാർ, മേൽപ്പട്ടക്കാർ തുടങ്ങിയവരെ നിയമിക്കാനുള്ള അധികാരമില്ല. സഭയ്ക്കുള്ളിലെ മറ്റ് ഭരണാധികാരികൾക്കാണ് അതിനുള്ള അധികാരം. 1934 ലെ ഭരണഘടന ലംഘിച്ചു 2002 മുതൽ പള്ളികളിൽ സമാന്തര ഭരണ സംവിധാനം സൃഷ്ടിക്കാൻ പാത്രിയർക്കീസിന് അധികാരമില്ല.

പാത്രിയാർക്കീസ് ഇങ്ങനെ ഏകപക്ഷീയമായി അധികാരം പ്രയോഗിക്കുന്നതു തെറ്റാണെന്നു 1995 ൽ ഈ കോടതി വിധിച്ചതാണ്. ഈ വിധിയും ലംഘിച്ചിരിക്കയാണ്. പാത്രിയർക്കീസിന് ഇങ്ങനെ ഏകപക്ഷീയമായി അധികാരം പ്രയോഗിക്കാൻ പാടില്ലെന്നു വിധിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും സുപ്രീംകോടതി വിശദീകരിക്കുന്നു. ഈ നിരീക്ഷണമെല്ലാം യാക്കോബായ സഭയ്ക്ക് തിരിച്ചടിയാണ്. മലങ്കരസഭാ ചരിത്രത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണു പുതിയ വിധി. ജസ്റ്റിസ് ജെ.അരുൺകുമാർ മിശ്രയാണു വിധി എഴുതിയിരിക്കുന്നത്. 1995ൽ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ വിധി പൂർണമായും ശരിവയ്ക്കുന്നതാണ് ഇപ്പോൾ ജസ്റ്റിസ് അരുൺകുമാർ മിശ്രയുടെയും ജസ്റ്റിസ് അമിതാവ റോയിയുടെയും വിധി.

പള്ളിക്കേസാണെങ്കിലും ഉപനിഷത്തും ഭഗവദ്ഗീതയും ഉദ്ധരിച്ചാണു വിധിന്യായത്തിൽ പല ഭാഗത്തും ജസ്റ്റിസ് അരുൺകുമാർ മിശ്ര വാദമുഖങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. കോലഞ്ചേരി, മണ്ണത്തൂർ, വരിക്കോലി എന്നീ പള്ളികളുടെ കേസുകളിലാണു വാദം കേട്ടതെങ്കിലും ഇപ്പോൾ വന്നിരിക്കുന്ന വിധി എല്ലാ പള്ളികൾക്കും മലങ്കരസഭയ്ക്കും ആകമാനം ബാധകമാണ്.276 പേജുകളുള്ള വിധിന്യായത്തിൽ അർഥശങ്കയ്ക്ക് ഇടനൽകാത്തവിധം എന്താണു വിധി എന്നു വ്യക്തമാക്കിയിട്ടുമുണ്ട്.