- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലങ്കര കത്തോലിക്കാസഭയുടെ അമേരിക്കൻ എക്‌സാർക്കേറ്റ് ഭദ്രാസനമായി ഉയർത്തി
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ന്യൂയോർക്ക് കേന്ദ്രമാക്കിയുള്ള എക്‌സാർക്കേറ്റ് ഫ്രാൻസിസ് മാർപാപ്പ ഭദ്രാസന പദവിയിലേക്കുയർത്തി. നിലവിലെ എക്‌സാർക്കേറ്റ് അധ്യക്ഷൻ ബിഷപ് തോമസ് മാർ യൗസേബിയോസിനെ പുതിയ ഭദ്രാസനാധ്യക്ഷനായി നിയമിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം സഭാതലവൻ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ്
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ന്യൂയോർക്ക് കേന്ദ്രമാക്കിയുള്ള എക്‌സാർക്കേറ്റ് ഫ്രാൻസിസ് മാർപാപ്പ ഭദ്രാസന പദവിയിലേക്കുയർത്തി. നിലവിലെ എക്‌സാർക്കേറ്റ് അധ്യക്ഷൻ ബിഷപ് തോമസ് മാർ യൗസേബിയോസിനെ പുതിയ ഭദ്രാസനാധ്യക്ഷനായി നിയമിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം സഭാതലവൻ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ സഭാ കേന്ദ്രമായ പട്ടം കാതോലിക്കേറ്റ് സെന്ററിൽ നടത്തി. റോമിലും അമേരിക്കയിലും തൽസമയം പ്രഖ്യാപനങ്ങൾ നടന്നു.
പുതിയ ഭദ്രാസനം മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ വടക്കേ അമേരിക്കയിലെയും കാനഡയിലെയും സമാധാനരാജ്ഞിയുടെ ഭദ്രാസനം എന്നറിയപ്പെടും. ന്യൂയോർക്കിലെ എൽമണ്ടിലുള്ള മാർ ഈവാനിയോസ് സെന്റർ പുതിയ ഭദ്രാസനകേന്ദ്രവും നിലവിലുള്ള ഇടവക ദൈവാലയം കത്തീഡ്രലും ആയിരിക്കും. ഇതോടെ മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് തിരുവനന്തപുരം മേജർ അതിരൂപത ഉൾപ്പെടെ പത്ത് രൂപതകളും ഒരു എക്‌സാർക്കേറ്റും ഉണ്ട്. ഇന്ത്യക്കു പുറത്ത് മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് ആരംഭിക്കുന്ന പ്രഥമ ഭദ്രാസനമാണിത്.
ബിഷപ് തോമസ് മാർ യൗസേബിയോസിനെ യൂറോപ്പിന്റെ ചുമതലയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ ഭദ്രാസനത്തിന്റെ ഉദ്ഘാടനം ജനുവരി അവസാന വാരത്തിൽ അമേരിക്കയിൽ നടക്കും. പുതിയ ഭദ്രാസനത്തിൽ വടക്കേ അമേരിക്കയും കാനഡയും ഉൾപ്പെടും. 2001ൽ ഇപ്പോഴത്തെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായെ അപ്പസ്‌തോലിക വിസിറ്ററായി നിയമിച്ചുകൊണ്ടായിരുന്നു മാർപാപ്പ വടക്കേ അമേരിക്കയിലെ മലങ്കര കത്തോലിക്കരുടെ നൈയാമികമായ രൂപീകരണം ആരംഭിച്ചത്.
1960 കാലഘട്ടത്തിൽ ആർച്ച്ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസിന്റെ കാലത്തു ചില കേന്ദ്രങ്ങളിലായി രൂപം കൊണ്ട മലങ്കര കത്തോലിക്കാ സമൂഹം ഇപ്പോൾ അമേരിക്കയിലെയും കാനഡയിലെയും അനേകം കേന്ദ്രങ്ങളിലായി വളർന്നിരിക്കുന്നു. ചടങ്ങിൽ മേജർ അതിരൂപത സഹായ മെത്രാൻ ബിഷപ് സാമുവൽ മാർ ഐറേനിയോസ്, മൂവാറ്റുപുഴ രൂപതാധ്യക്ഷൻ ബിഷപ് ഏബ്രഹാം മാർ യൂലിയസ്, വികാരി ജനറാൾമാരായ ഗീവർഗീസ് മണ്ണിക്കരോട്ട് കോർ എപ്പിസ്‌കോപ്പ, മാത്യു മനക്കരക്കാവിൽ കോർഎപ്പിസ്‌കോപ്പാ, മോൺ. ജോൺ കൊച്ചുത്തുണ്ടിൽ തുടങ്ങിയവർ സംബന്ധിച്ചു.
1961 ജൂൺ ആറിനു പത്തനംതിട്ട ജില്ലയിൽ മൈലപ്രായിലാണു ബിഷപ് തോമസ് മാർ യൗസേബിയോസിന്റ ജനനം. 1986 ഡിസംബർ 29 ന് തിരുവനന്തപുരം അതിരൂപതക്കുവേണ്ടി ആർച്ചുബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസിൽ നിന്നു വൈദികപട്ടം സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിൽനിന്നു ഫിലോസഫിയിൽ ഡോക്ടറേറ്റ് നേടി. 2010 സെപ്റ്റംബർ 21 ന് മേജർ ആർച്ചുബിഷപ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായിൽനിന്ന് അമേരിക്കയിലെ മലങ്കര കത്തോലിക്കാ എക്‌സാർക്കേറ്റിനുവേണ്ടി മെത്രാഭിഷേകം സ്വീകരിച്ചു.