തിരുവനന്തപുരം: നിരവധി സാമ്പത്തിക തട്ടിപ്പു കേസുകൾ പുറത്തുവന്ന മലങ്കര ഓർത്തഡോക്‌സ് സഭയിൽ നിന്നും മറ്റൊരു സാമ്പത്തിക തട്ടിപ്പിന്റെ കഥ കൂടി പുറത്തുവന്നു. വൈകല്യം ബാധിച്ച കുട്ടികളുടെ പേരു പറഞ്ഞുള്ള ലക്ഷങ്ങളുടെ പണപ്പിരിവും തട്ടിപ്പും നടക്കുന്നു എന്ന ആരോപണം ഉയർന്നിരിക്കുന്നത് സഭയുടെ തിരുവനന്തപുരം ഭദ്രാസനത്തിനെതിരെയാണ്. ശ്രീകാര്യത്ത് പ്രവർത്തിക്കുന്ന വികലാംഗ ബാലഭവന്റെ പേരിലാണ് തട്ടിപ്പ് ആക്ഷേപം. വികലാംഗരായ കുട്ടികൾ ഇല്ലാത്ത ബാലഭവന്റെ പേരിലാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആക്ഷേപം. ഭദ്രാസനാധിപനായ ഗബ്രിയേൽ മാർഗ്രിഗോറിയോസിന്റെ നേരിട്ടുള്ള ചുമതലയിലാണ് ഈ ബാലഭവൻ പ്രവർത്തിക്കുന്നത്. അദ്ദേഹത്തിന്റെ പേരിലാണ് ഇടവകളിൽ നിന്നും ബാലഭവനിൽ നിന്നും സംഭാവനകൾ ആവശ്യപ്പെട്ടുള്ള കത്ത് നൽകിയിരിക്കുന്നത്.

വികലാംഗബാലഭവൻ എന്നത് പേരിൽ മാത്രമാണുള്ളതെന്നും ശാരീരികവൈകല്ല്യമുള്ള കുട്ടികൾ ആരും തന്നെ ഇപ്പോൾ അവിടെ പഠിക്കുന്നില്ലയെന്നും മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ വ്യക്തമായ്. വികലാംഗരായ കുട്ടികൾ ഇല്ലാതിരുന്നിട്ടും അധികാരികൾ ഇവരുടെ പേരിൽ വ്യാപകമായ് പിരിവു നടത്തുന്നതായി അറിയാൻ കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ നേരിട്ടറിയാനായ് ഞങ്ങൾ ഹോളി ട്രിനിറ്റി വികലാംഗ ബാലഭവനിൽ നേരിട്ടെത്തി.

വികലാംഗരായ കുട്ടികൾ ഇപ്പോൾ അവിടെ പഠിക്കുന്നുണ്ടൊ എന്നതായിരുന്നു ഞങ്ങൾക്ക് അറിയേണ്ടിയിരുന്നത്. വികലാംഗയായ ഒരു കുട്ടിക്ക് അഡ്‌മിഷന് വേണ്ടി എന്ന് പറഞ്ഞാണ് വികലാംഗബാലഭവന്റെ ചുമതലയുള്ള ഫാദർ ജോർജുമായി സംസാരിച്ചത്. കുട്ടിയെ ബാലഭവലിൽ ചേർത്താൽ മറ്റു ചെലവ് എല്ലാം അവർ തന്നെ വഹിക്കും. സംസാരത്തിനിടയിൽ ഫാദർ ജോർജ് തന്നെ പറഞ്ഞു, വികലാംഗരായ കുട്ടികൾ ഇപ്പോൾ ഇവിടെ ഇല്ല. ഇപ്പോൾ ഇവിടെ പഠിപ്പിക്കുന്നതെല്ലാം സാദാരണ കുട്ടികളാണ്്. വികലാംഗരായ കുട്ടികൾക്കായുള്ള ഫിസിയോതറാപ്പി മുറി പോലും പൊടി പിടിച്ച് കിടക്കുന്നത് കാണാൻ കഴിഞ്ഞു.

വികലാംഗരായ കുട്ടികൾ ഇല്ലാതിരുന്നിട്ടും അധികാരികൾ ഈ സ്ഥാപനത്തിന്റെ പേരിൽ സംസ്ഥാന വ്യാപകമായും സഭക്കുള്ളിലും അനധികൃതമായ് പിരിവ് നടത്തിവരുകയാണ്. പണം പിരിക്കുന്ന രസീതിലും ട്രിനിറ്റി വികലാംഗബാലഭവൻ എന്നാണ് കൊടുത്തിരിക്കുന്നത്. വിവിധ സഭയ്ക്കുള്ളിലും പണം പിരിക്കുന്നതിനായ് നൽകിയ സിർക്കുലറിന്റെ കോപ്പിയും, പണം പിരിക്കുമ്പോൾ വ്യക്തികൾക്ക് നൽകുന്ന റെസിപ്റ്റിന്റെ കോപ്പിയും മറുനാടൻ മലയാളിക്ക് ലഭിച്ചു. കണ്ണടച്ചു ഇരുട്ടാകുകയാണ് അധികാരികൾ ചെയ്യുന്നതെന്ന് അന്വേഷണത്തിൽ മനസ്സിലായി.

കാര്യങ്ങൾക്കു കൂടുതൽ വ്യക്തത വരുത്തുന്നതിനായി ഹോളി ട്രിനിറ്റി വികലാംഗ ബാലഭവന്റെ പ്രസിഡന്റായ ബിഷപ്പ് ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയെ ഞങ്ങൾ വിളിച്ചു. സ്ഥാപനത്തിൽ വികലാംഗരായ കുട്ടികൾ ഇല്ലായെന്നും എന്നാൽ വികലാംഗരായ കുട്ടികളുടെ പേരിൽ നിങ്ങൾ വ്യാപകമായ പിരിവ് നടത്തുന്നുണ്ടെന്നും പരാതി കേൾക്കുന്നല്ലോ എന്ന ചോദ്യത്തിന് സഭ മേലധികാരികൾക്ക് മറുപടി ഉണ്ടായിരുന്നില്ല.

2011ൽ തിരുവനന്തപുരം ഭദ്രാസനത്തിന്റെ മുൻ ബിഷപ്പായിരുന്ന ഗീവർഗീസ് മാർ ദിയോസ്‌കോറസിന്റെ പേരിൽ വ്യാജ രജിസ്‌ട്രേഷൻ നടത്തി കോടികൾ വിലയുള്ള വസ്തുക്കൾ വിലയുള്ള വസ്തുക്കൾ വിറ്റതായി കണ്ടെത്തിയിരുന്നു. മൺവിളയിൽ 27 സെന്റ് ഭൂമി 11 വർഷങ്ങൾക്ക് മുമ്പ് മരിച്ചു പോയ ബിഷപ്പ് സബ്് രജിസ്ട്രാർ ഓഫീസിൽ നേരിട്ടെത്തി രജിസ്‌ട്രേഷൻ നടത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്. ഈ തട്ടിപ്പിൽ സഭയിലെ പല പ്രമുഖർക്കും പങ്കുള്ളതായി ആരോപണം ഉയർന്നിരുന്നു. ഇപ്പോഴത്തെ ബിഷപ്പിന്റെ അടുപ്പക്കാരായ ചില പുരോഹിതർക്കും അൽമായർക്കും പങ്കുള്ളതായി കണ്ടെത്തിയിരുന്നു.