കോഴിക്കോട്: മലാപ്പറമ്പ് എ.യു.പി സ്‌കൂൾ അടച്ചുപൂട്ടാനുള്ള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. ഇതോടെ സ്‌കൂൾ അഠച്ചു പൂട്ടണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കേണ്ടി വരും. അടിയന്തര പ്രാധാന്യമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. അടിയന്തര പ്രാധാന്യമുള്ള കേസല്ല ഇതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ജൂലൈയിൽ പരിഗണിക്കാമെന്നും പറഞ്ഞു. സുപ്രീംകോടതി രജിസ്ട്രാറുടെ വിവേചനാധികാരം ഉപയോഗിച്ചാണ് ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ തീരുമാനിച്ചത്. അതും ഫലം കണ്ടില്ല. സ്‌കൂൾ പൂട്ടുന്നതിന് ആവശ്യത്തിലധികം സമയം നൽകിയിരുന്നുവെന്ന് ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് പി.സി.ഘോഷ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ജൂൺ എട്ടിനകം സ്‌കൂൾ അടച്ചുപൂട്ടണമെന്നാണ് ഹൈക്കോടതിയുടെ അന്ത്യശാസനം. ഡി.ജി.പി, ജില്ലാ കലക്ടർ, സിറ്റി പൊലീസ് കമീഷണർ എന്നിവരെ കക്ഷിചേർത്താണ് ഹൈക്കോടതിയുടെ വിധി. സ്‌കൂൾ അടച്ചുപൂട്ടണമെന്ന വിധി നടപ്പാക്കാൻ എത്തിയ സിറ്റി ഉപജില്ലാ എ.ഇ.ഒയെ രണ്ടു തവണ സമരസമിതിക്കാർ തിരിച്ചയച്ചിരുന്നു. ഇതേ തുടർന്നാണ് ഡി.ജി.പി ഉൾപ്പെടെയുള്ളവരെ ഹൈക്കോടതി സ്വമേധയാ കക്ഷിചേർത്തത്. സുപ്രീകോടതി ഹർജി തള്ളിയ സാഹചര്യത്തിൽ സ്‌കൂൾ ഉടൻ അടച്ചു പൂട്ടേണ്ടി വരും. സ്‌കൂളിൽ പഠിക്കുന്ന 72 കുട്ടികളുടെ ഭാവി പ്രതിസന്ധിയിലാണെന്ന വാദം സുപ്രീംകോടതി അംഗീകരിച്ചില്ല.

സ്‌കൂൾ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ അപ്പീൽ നൽകിയിരുന്നു. സ്‌കൂൾ അടച്ചു പൂട്ടുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നും അവരുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കുമെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ. മതിയായ സമയം നൽകിയതിന് ശേഷമാണ് സ്‌കൂൾ അടച്ചു പൂട്ടാനുള്ള തീരുമാനം എടുത്തത്. മാത്രമല്ല, സ്‌കൂളിലെ അദ്ധ്യാപകരക്ഷകർതൃ സമിതിയും സ്‌കൂൾ പൂട്ടുന്നതിനെ അനുകൂലിക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു. മാനേജ്‌മെന്റിന്റെ കൂടെ വാദം കേൾക്കാതെ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് മാനേജ്‌മെന്റ് കോടതിയിൽ തടസ ഹർജിയും ഫയൽ ചെയ്തിരുന്നു.

ആദായകരമല്ലാത്ത സ്‌കൂൾ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് മാനേജർ എ.എ.പത്മനാഭൻ നൽകിയ ഹർജിയിലാണ് സ്‌കൂൾ പൊളിച്ചു മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടത്. 2014 ഏപ്രിൽ 10 ന് മാനേജരുടെ നേതൃത്വലത്തിൽ ഒരു സംഘം സ്‌കൂൾ കെട്ടിടം പൊളിച്ചു നീക്കിയിരുന്നു. എന്നാൽ, വിവിധ അദ്ധ്യാപക, വിദ്യാർത്ഥി സംഘടനകളും സന്നദ്ധ സംഘടനകളും ചേർന്ന് സ്‌കൂൾ പുനർനിർമ്മിക്കുകയായിരുന്നു.