മലപ്പുറം: മുസ്ലിംലീഗ് ദേശീയ അധ്യക്ഷൻ ഇ അഹമ്മദിന്റെ മരണത്തെ തുടർന്ന് ഒഴിവ് വന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ ആരെ മത്സരിപ്പിക്കണമെന്ന ചർച്ച മുസ്ലിംലീഗിനുള്ളിൽ സജീവമായിരിക്കുകയാണ്. മുസ്ലിംലീഗിൽ നിന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർന്നു വരേണ്ടത് ആരെന്ന ചർ്ച്ച നടക്കുന്നതോടൊപ്പം സീറ്റുറപ്പിക്കാനുള്ള തകൃതിയായ നീക്കങ്ങളും നേതാക്കൾക്കിടയിൽ സജീവമായിട്ടുണ്ട്. ദേശീയ അന്തർദേശീയ ബന്ധമുള്ള രാഷ്ട്രീയ നേതാവായിരുന്ന ഇ അഹമ്മദിനു പകരക്കാരനായി ശക്തനായ ഒരാൾ കടന്നു വരണമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ പൊതു അഭിപ്രായം. ഇതിന്റെ ഭാഗമായി പികെ കുഞ്ഞാലിക്കുട്ടിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള പ്രാഥമിക ചർച്ചകൾ നടന്നു കഴിഞ്ഞു. ദേശീയ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കാൻ കുഞ്ഞാലിക്കുട്ടിയും താൽപര്യം അറിയിച്ചിട്ടുണ്ട്. എന്നാൽ കുഞ്ഞാലിക്കുട്ടി വരുന്നതോടെയുണ്ടാകുന്ന 'തിരിച്ചടികൾ' മുന്നിൽകണ്ട് ലീഗിനുള്ളിൽ നിന്നും കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ പടയൊരുക്കവും ശക്തമായിരിക്കുകയാണ്.

നിലവിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ദേശീയ ട്രഷററാണ് പികെ കുഞ്ഞാലിക്കുട്ടി. ഇ അഹമ്മദിന്റെ മരണത്തോടെ ദേശീയ ജനറൽ സെക്രട്ടറി ഖാദർ മൊയ്ദീന് പ്രസിഡന്റ് ചുമതല നൽകിയിട്ടുണ്ട്. ഈ മാസം 26ന് ചെന്നൈയിൽ നടക്കുന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ നേതൃത്വത്തിലെ ഒഴിവ് നികത്താനാണ് തീരുമാനം. സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക ധാരണയും ഈ യോഗത്തിൽ രൂപപ്പെടുത്തും. ഖാദർമൊയ്ദീനെ പ്രസിഡന്റായി തീരുമാനിക്കുകയും പികെ കുഞ്ഞാലിക്കുട്ടിയെ ജനറൽ സെക്രട്ടറിയായി പരിഗണിക്കുമെന്നുമാണ് അറിയുന്നത്. ഇതോടെ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാർത്ഥിത്വവും ഉറപ്പാകും.

കുഞ്ഞാലിക്കുട്ടിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർത്തുന്നതിലൂടെ ദീർഘകാല പദ്ധതികളാണ് ലീഗ് നേതൃത്വത്തിനുള്ളത്. ഉത്തർപ്രദേശ്, പഞ്ചാബ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് തിരിച്ചടിയാകുമെങ്കിൽ ദേശീയ രാഷ്ട്രീയത്തിൽ ബിജെപി ഇതര മുന്നണിയുടെ തിരിച്ചുവരവിന് കളമൊരുങ്ങുമെന്നാണ് ലീഗിന്റെ കണക്കുകൂട്ടൽ. ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിന് രണ്ടുവർഷം മാത്രമേയുള്ളൂവെന്നതിനാൽ ദേശീയ തലത്തിലുണ്ടായേക്കാവുന്ന ഭരണമാറ്റസാധ്യതകളും കുഞ്ഞാലിക്കുട്ടിയെ മലപ്പുറത്ത് മത്സരിപ്പിക്കുന്നതിനുള്ള കാരണങ്ങളിലൊന്നാണ്.

എന്നാൽ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ചരടുവലിയും ശക്തമാണ്. ഇ അഹമ്മദിന്റെ മകൾ ഡോ. ഫൗസിയ ഷെർസാദിനെയോ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി തങ്ങളെയോ മത്സരിപ്പിക്കാനാണ് ഒരു വിഭാഗത്തിന്റെ നീക്കം. ഇരുവരെയു കൊണ്ടുവരുന്നതിലൂടെ സ്ഥാനാർത്ഥിത്വത്തിനു വേണ്ടി കുഞ്ഞാലിക്കുട്ടിയെ നിശബ്ദനാക്കാൻ സാധിക്കുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. ഉറച്ച സീറ്റായ മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ നിന്നും ഉപ തെരെഞ്ഞെടുപ്പിൽ വിജയിച്ചു കയറുന്നതോടെ കുഞ്ഞാലിക്കുട്ടിയുടെ കുത്തക സീറ്റായി മലപ്പുറം പാർലമെന്റ് മണ്ഡലം മാറും.

പൊന്നാനിയിൽ നിന്നും രണ്ട് തവണ പാർലമെന്റിലെത്തുകയും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് മത്സരിക്കുകയും ചെയ്യാമെന്നു കണക്കുകൂട്ടിയിരുന്ന ഇ.ടി മുഹമ്മദ് ബഷീറിനെയാണ് ഇത് തിരിച്ചടിയുണ്ടാക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി പാർലമെന്റ്ിലെ മണ്ഡലങ്ങളെല്ലാം ലീഗിനെ ആട്ടി ഉലച്ചിരുന്നു. മാത്രമല്ല, ഇവിടെങ്ങളിലെ ലീഗ് കോൺഗ്രസ് പ്രശ്നവും, ലീഗിനുള്ളിലെ ഭിന്നതയും ഇ.ടി മുഹമ്മദ് ബഷീറിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലായിരുന്നു ബഷീർ മണ്ഡലം മാറാൻ ഒരുങ്ങിയത്.

എന്നാൽ കുഞ്ഞാലിക്കുട്ടിയുടെ വരവോടെ ഏറെ തിരിച്ചടിയുണ്ടാക്കുക ഇ.ടി മുഹമ്മദ് ബഷീറിനാണ്. കുഞ്ഞാലിക്കുട്ടി വരുന്നതോടെ, രണ്ട് വർഷം കഴിഞ്ഞാൽ കേന്ദ്രത്തിൽ ഭരണമാറ്റമുണ്ടാകുന്ന സാഹചര്യത്തിൽ ലീഗിനു ലഭിക്കുന്ന ഒരു മന്ത്രി സ്ഥാനവും ഇ.ടിക്കു ലഭിക്കാതെ പോകും. ഇതെല്ലാം കണക്കിലെടുത്ത് കുഞ്ഞാലിക്കുട്ടിയുടെ വരവ് തടയുവാനുള്ള ശക്തമായ ചരടു വലികൾ ഒരുവിഭാഗം ലീഗിനുള്ളിൽ ആരംഭിച്ചു. പാർട്ടിക്കുള്ളിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധരെ ഒരുമിപ്പിച്ചാണ് ശക്തമായ നീക്കം നടന്നു വരുന്നത്. ഇ അഹമ്മദിന്റെ മകൾ ഡോ. ഫൗസിയ ഷെർസാദിനെ മലപ്പുറത്തേക്ക് പരിഗണിക്കണമെന്ന നിർദേശമാണ് ഈ വിഭാഗം ഉയർത്തിയിരിക്കുന്നത്.  എംഎൽഎമാരായ ഡോ. എംകെ മുനീർ, കെഎം ഷാജി, മുൻ യൂത്ത് ലീഗ് സംസ്ഥാന നേതാക്കൾ തുടങ്ങിയ ലീഗിലെ ഒരു വിഭാഗമാണ് ഈ നീക്കത്തിന് നേതൃത്വം നൽകുന്നത്.

ഇ അഹമ്മദിന്റെ മരണത്തിന് ശേഷം ചേർന്ന ലീഗ് നേതൃയോഗത്തിൽ കുഞ്ഞാലിക്കുട്ടിയ ദേശീയ രാഷ്ട്രീയ്ത്തിലേക്ക് ഉയർത്തണമെന്നായിരുന്നു ധാരണ. കുഞ്ഞാലിക്കുട്ടി ഇക്കാര്യത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയതുമില്ല. കുഞ്ഞാലിക്കുട്ടി പല നേതാക്കളോടും താൽപര്യം അറിയിക്കുകയും ചെയ്തു. ഇതോടെ മത്സരിക്കാൻ സ്വപ്നം കണ്ട പലർക്കും ഇതു തിരിച്ചടിയായി. ഈ പശ്ചാത്തലത്തിലാണ് ഫൗസിയയെ മുൻനിർത്തിയുള്ള നീക്കം. എന്നാൽ കുഞ്ഞാലിക്കുട്ടിയുടെ വരവ് ഇല്ലാതാക്കാൻ ഫൗസിയയെ കൊണ്ടുവരുന്നതോടെ അടുത്ത രണ്ടു വർഷം കഴിഞ്ഞാൽ ഇ.ടി മുഹമ്മദ് ബഷീറിന് മണ്ഡലം മാറാൻ സാധിക്കുമെന്നതും അനുകൂലഘടകമായി ഇവർ കാണുന്നു. ഫൗസിയയുമായി ആദ്യഘട്ട ചർച്ചകൾ നടത്തിയതായാണ് അറിവ്. ഇംഗ്ലീഷ് മാസികയായ ഔട്ട്‌ലുക്കിലാണ് ഫൗസിയ രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന് സൂചനയും വന്നിരുന്നു. അതേസമയം രാഷ്ട്രീയത്തിൽ ഇറങ്ങുന്നകാര്യം ഫൗസിയ സ്ഥിരീകരിച്ചിട്ടില്ല.

ലീഗിലെ തന്നെ മുതിർന്ന നേതാക്കൾ ഫൗസിയയോട് മത്സരിക്കാൻ ആവശ്യപ്പെട്ടുവെന്ന് അഹമ്മദിന്റെ കുടുംബത്തോട് അടുപ്പമുള്ള ചിലർ വ്യക്തമാക്കുന്നു. ലീഗിൽ പികെ കുഞ്ഞാലിക്കുട്ടിയെ എതിർക്കുന്ന വിഭാഗത്തിൽനിന്നാണ് ഈ നീക്കങ്ങൾ. ഫൗസിയയെ മുൻനിർത്തി സമ്മർദം ശക്തമാക്കിയാൽ കുഞ്ഞാലിക്കുട്ടി പിന്മാറുമെന്നാണ് കണക്കുകൂട്ടൽ. ഫൗസിയ മത്സരത്തിന് തയ്യാറായില്ലെങ്കിലും സമവായമെന്ന നിലയിൽ മറ്റാരെയങ്കിലും കൊണ്ടുവരാനാണ് ലക്ഷ്യം. യൂത്ത് ലീഗിന്റെ സംസ്ഥാന അധ്യക്ഷനായ പാണക്കാട് മുനവറലി ശിഹാബ് തങ്ങളെയാണ് ഈ വിഭാഗം ലക്ഷ്യമിടുന്നത്.

മുനവറലി വന്നാൽ ലീഗ് അണികളിൽ എതിർപ്പുണ്ടാകില്ലെന്നാണ് കുഞ്ഞാലിക്കുട്ടി വിരുദ്ധപക്ഷത്തിന്റെ കണക്കുകൂട്ടൽ. ഫൗസിയയെ കൊണ്ടുവരിക എന്നതിലുപരി കുഞ്ഞാലിക്കുട്ടിയുടെ വരവിനെ തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഇത്തവണ നിയമസഭാ സീറ്റ് നിഷേധിച്ച അബ്ദുസ്സമദ് സമദാനി, കെ.എൻ.എ ഖാദർ എന്നിവരുടെ പേരുകളും മത്സര രംഗത്തേക്ക് ഉയർന്നു കേട്ടിരുന്നു. മലപ്പുറം സീറ്റിന് താനാണ് അർഹനെന്ന് സമദാനിയും ചില നേതാക്കളെ അറിയിച്ചിട്ടുണ്ട്. എന്നാൽ മറ്റു പേരുകൾ ഇപ്പോൾ നേതൃത്വത്തിന്റെ പരിഗണനയിലില്ല.

ഫൗസിയയുടെയും മുനവ്വറലി തങ്ങളുടെയും പേര് ഉയർത്തിക്കാട്ടി ഒരു വിഭാഗം നീക്കം നടത്തുന്നുണ്ടെങ്കിലും കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കുന്ന കാര്യത്തിൽ ഏറെക്കുറേ അന്തിമ തീരുമാനം ലീഗ് നേതൃത്വം കൈക്കൊണ്ടിട്ടുണ്ട്. അങ്ങനെ വന്നാൽ വേങ്ങര നിയമസഭാ മണ്ഡലത്തിലേക്ക് പകരക്കാരനെ കണ്ടെത്തേണ്ടിവരും. അബ്ദുറഹ്മാൻ രണ്ടത്താണിയുടെ പേരാണ് കുഞ്ഞാലിക്കുട്ടി പകരക്കാരനായി കണ്ടെത്തിയിട്ടുള്ളത്. താനൂരിൽ വി അബ്ദുറഹ്മാനോട് തോറ്റ രണ്ടത്താണിയെ വേങ്ങരിയിൽ കൊണ്ടുവരുന്നതിനോടും എതിർപ്പുകളുണ്ട്. ഇത് കൂടി ഉപയോഗപ്പെടുത്തി കുഞ്ഞാലിക്കുട്ടിയുടെ നീക്കങ്ങളെ ചെറുക്കാനാണ് വിരുദ്ധപക്ഷത്തിന്റെ നീക്കം. എന്നാൽ രണ്ടത്താണിയെ നിയമസഭയിലെത്തിച്ച് മധുരപ്രതികാരം ചെയ്യുകയാണ് പാർട്ടിയുടെ ലക്ഷ്യം.

അതേസമയം നാട്ടുകാരനായ ഒരാൾ തന്നെ വേങ്ങരയിൽ മത്സരിക്കണമെന്ന അഭിപ്രായവും മണ്ഡലത്തിലെ നേതാക്കളിൽ നിന്നും ഉയർന്നിട്ടുണ്ട്. ലീഗ് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്ന നിർണായക സാഹചര്യമാണ് വരാനിരിക്കുന്നത്. തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പായി പാർട്ടിക്കുള്ളിൽ ചർച്ചകളും ചരടുവലികളും വെട്ടിമാറ്റലുകളുമായി ഉപതെരഞ്ഞെടുപ്പ് രംഗം സജീവമാക്കിയിരിക്കുകയാണ്.