മലപ്പുറം: കേരളത്തെ നടുക്കിയ തിരോധാനങ്ങളുടെ വിവരങ്ങളാണ് കുറച്ചുകാലമായി പുറത്തുവരുന്നത്. കോട്ടയം മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജെസ്‌നയ്ക്ക് വേണ്ടി കർണാടകത്തിലും കേരളത്തിലും വിശദമായ പരിശോധന നടത്തിയിട്ടും ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. ജെസ്‌ന എങ്ങോട്ടു പോയി എന്ന ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ അവശേഷിക്കുകയാണ്. ഇതിനിടെയാണ് കേരളത്തെ ആശങ്കയിലാക്കുന്ന മറ്റൊരു തിരാധോന വാർത്തകൂടി പുറത്തുവരുന്നത്. മലപ്പുറം കരിപ്പൂരിൽ നിന്നും മൂന്നു പെൺമക്കളുമായി വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷരായി. രണ്ടാഴ്‌ച്ച മുമ്പ് കുറുപ്പെഴുതി വെച്ച് അപ്രത്യക്ഷയായ ഇവരെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടല്ല. സംഭവത്തിൽ കരിപ്പൂർ പൊലീസ് വിശദമായ അന്വേഷണം നടത്തിയെങ്കിലും ഇതുവരെ തുമ്പായിട്ടില്ല.

മലപ്പുറം പള്ളിക്കലിൽ നിന്നുമാണ് വീട്ടമ്മയെയും മക്കളെയും കാണാതായത്. പുളിയപറമ്പ് സ്വദേശി സൗദാബി , മക്കളായ ഷാസിയ(18), മുസ്‌കിന(6), ഹാനിയ(4) എന്നിവരെയാണ് കഴിഞ്ഞ മുപ്പതാം തിയ്യതി മുതൽ കാണാതായത്. പ്ലസുവിന് പഠിക്കുന്ന വിദ്യാർത്ഥിനിയാണ് ഷാസിയ. സൗദാബിയുടെ ഭർത്താവ് മുഹമ്മദ് ബഷീർ ദ്വീർഘകാലമായി ഗൾഫിൽ ജോലി നോക്കുന്ന ആളാണ്. ഇവർക്ക് 21 വയസുള്ള മൂത്ത മകനുമുണ്ട്. സുഹൃത്തിന്റെ വീട്ടിൽ മരണം ഉണ്ടായപ്പോൾ മൂത്ത മകൻ അവിടെ പോയ ഘട്ടത്തിലാണ് ഉമ്മയെയും പെങ്ങന്മാരെയും കാണാായത്.

ഇവർ ഓട്ടോ വിളിച്ച് കൊണ്ടോട്ടിയിലെ ജാറത്തിൽ പോയതിന് തെളിവുണ്ട്. ഇക്കാര്യം ഓട്ടോറിക്ഷ ഡ്രൈവറാണ് വ്യക്തമാക്കിയത്. ഇതിന് ശേഷം സൗദാബിയും മക്കളും എവിടെ പോയെന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല. വിശ്വാസ കാര്യത്തിൽ അന്ധമായ നിലപാടുകാരിയായിരുന്നു സൗദാബി എന്നാണ് നാടുകാരും ബന്ധുക്കളും പറയുന്നത്. മക്കളെയും ഉമ്മയുടെ വിശ്വാസത്തിൽ വളർത്തുകയായിരുന്നു ഇവർ. ഒരിക്കൽ അസുഖം വന്ന വേളയിൽ പുളിയംപറമ്പിലുള്ള ഒരു സിദ്ധനെ കാണാൻ സൗദാബി പോയിരുന്നു. അദ്ദേഹം വെള്ളം മന്ത്രിച്ചു നൽകിയതോടെ രോഗം മാറി. ഇതോടെ സിദ്ധന്റെ കടുത്ത അനുയായി ആയി ഇവർ മാറുകയായിന്നു.

ഇടയ്ക്ക് സിദ്ധനെ ഇവർ സന്ദർശിക്കുകയും ചെയ്തു. സിദ്ധനെ സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട് സൗദാബിയും ബന്ധുക്കളും തമ്മിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇതിന്റെ ഭാഗമായാണോ തിരാധാനം എന്നാണ് പൊലീസ് അന്വേഷിച്ചത്. ഇത് പ്രകാരം അന്വേഷണം നടത്തുകയും ചെയ്തു. നാടുവിട്ടു പോകുന്നതു സംബന്ധിച്ച് ഒരു കത്തും വീട്ടമ്മ എഴുതി വെച്ചിരുന്നു.

താൻ ചില പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും ഖാജാ എന്ന് പേരുള്ള സിദ്ധന്റെ അടുത്തേക്ക് പോകുകയാണെന്നും സൗദാബി എഴുതിയ കത്തിൽ പറയുന്നുണ്ട്. 'എനിക്ക് മനസമാധാനം വേണം, മനസമാധാനം ലഭിക്കുന്നതിനായി ഞാൻ കാജയുടെ ഹള്‌റത്തിലേക്ക് പോകുന്നു'. പടച്ചവനും റസൂലൂം കാജായും എന്നെ കൈവിടില്ല..' എന്നായിരുന്നു കത്തിൽ എഴുതിയിരിക്കുന്നത്. ഇത് പ്രകാരം പെൺകുട്ടികളുമായി വീട്ടമ്മ അജ്മീറിൽ അടക്കം തീർത്ഥാടനത്തിന് പോയി എന്ന വിലയിരുത്തലുമുണ്ടായി. ഇതോടെ എസ്‌ഐ ഹരികൃഷ്ണന്റെ നേതൃത്വത്തിൽ കരിപ്പൂർ പൊലീസ് അജ്മീറിൽ എത്തിയും പരിശോധന നടത്തി. അവിടെ സിസി ടിവി അടക്കം പരിശോധിച്ചെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല. ഏർവാടിയിൽ പോയിരിക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിൽ അവിടെയും പൊലീസ് പരിശോധന നടത്തി.

സിദ്ധനുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ സിദ്ധന്റെ കേന്ദ്രം കരിപ്പൂർ പൊലീസ് പരിശോധിച്ചെങ്കിലും സൗദാബിയെയും മക്കളെയും കണ്ടെത്താനായില്ല. സിദ്ധനെ പരിചയമുണ്ടെങ്കിലും അവടെ യുവതിയും മക്കളും എത്തിയിരുന്നില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. പ്രവാസിയായ ഭർത്താവും പെൺകുട്ടികളെയും ഭാര്യയെയും കാണാതായതോടെ നാട്ടിൽ എത്തിയിട്ടുണ്ട്. ഭർത്താവുമായി യാതൊരു പ്രശ്‌നവും സൗദാബിക്ക് ഉണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇവർ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ വീട്ടിൽ വച്ചാണ് പോയത്. കൂടാതെ ബാങ്കിൽ നിന്നും പണം പിൻവലിക്കുകയും ചെയ്തിട്ടില്ല.

കാണാതാകുന്ന ഘട്ടത്തിൽ സൗബാദിയും മക്കളും എട്ട് പവനോളം വരുന്ന സ്വർണാഭരണം ധരിച്ചതായാണ് ബന്ധുക്കൾക്ക് ലഭിക്കുന്ന വിവരം. കൗമാരക്കാരിയായ മകളെയും കുഞ്ഞു പ്രായത്തിലുള്ള പെൺമക്കളും എവിടെ പോയെന്ന കാര്യത്തിൽ രണ്ടാഴ്‌ച്ചയായി ഒരു വിവരവും ലഭിക്കാത്തതിൽ കടുത്ത ആങ്കയിലാണ് പൊലീസ് ഫോട്ടോയിൽ കൊടുത്തിരിക്കുന്നവരെ എവിടെ വെച്ചെങ്കിലും കണ്ടാൽ വിവരം അറിയിക്കണമെന്ന് കരിപ്പൂർ എസ്‌ഐ ഹരികൃഷ്ണൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഫോൺ നമ്പർ: 9497980693