- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാർത്ഥികളിൽ 91 ശതമാനവും പുതുമുഖങ്ങൾ; 60 ശതമാനം 50 വയസ്സിന് താഴെയുള്ളവർ; മൂന്ന് തവണ മത്സരിച്ചവർ മാറിനിൽക്കണമെന്ന നിർദ്ദേശം നടപ്പിലായപ്പോൾ മുസ്ലിം ലീഗിൽ തലമുറ മാറ്റം; ഒരു വീട്ടിൽ നിന്ന് ഒന്നിൽ കൂടുതൽ ആളുകൾ മത്സരിക്കരുതെന്ന നിർദ്ദേശവും നടപ്പിൽ
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർത്ഥികളിൽ മഹാഭൂരിഭാഗവും പുതുമുഖങ്ങൾ. ആകെ സ്ഥാനാർത്ഥികളുടെ 91.46 ശതമാനവും പുതുമുഖങ്ങളാണ്. കേവലം 8.54 ശതമാനം മാത്രമാണ് സിറ്റിങ് അംഗങ്ങൽ മത്സരിക്കുന്നത്.
മൂന്ന് തവണ അംഗങ്ങളായവർ മത്സരിക്കേണ്ടതില്ലെന്ന മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിർദ്ദേശം കൃത്യാമായി നടപ്പിലാക്കിയതോടെയാണ് മുസ്ലിം ലീഗിൽ തദ്ദേശ തലത്തിൽ തലമുറമാറ്റത്തിന് വഴിയൊരുങ്ങിയത്. ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കുമായി 1463 പേരാണ് മുസ്ലിം സ്ഥാനാർത്ഥികളായി മത്സരിക്കുന്നത്. ഇതിൽ കേവലം 125 പേർ മാത്രമാണ് നിലവിലെ അംഗങ്ങളായിട്ടുള്ളത്. മാത്രവുമല്ല ആകെ സ്ഥാനാർത്ഥികളിൽ 60 ശതമാനവും 50 വയസ്സിന് താഴെയുള്ളവരാണ് എന്നതും ഇത്തവണ മലപ്പുറത്തെ മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി പട്ടികയെ വേറിട്ട് നിർത്തുന്നു.
മൂന്നു തവണ മത്സരിച്ചവരും അംഗങ്ങളായിട്ടുള്ളവരും മാറി നിൽക്കണമെന്നായിരുന്നു മുസ്ലിം ലീഗ് നേതൃത്വത്തിന്റെ തീരുമാനം. തുടക്കത്തിൽ ഈ നിർദ്ദേശത്തിനെതിരെ പാർട്ടിക്കുള്ളിൽ നിന്നു തന്നെ വിമർശനങ്ങളുയർന്നിരുന്നു. എന്നാൽ ആ വിമർശനങ്ങളെയെല്ലാം മറികടന്ന് പ്രാദേശിക തലത്തിൽ ഈ തീരുമാനം വിജയകരമായി നടപ്പിലാക്കിയിട്ടുണ്ടെന്ന് മുസ്ലിം ലീഗിന്റെ ജില്ലയിലെ സ്ഥാനാർത്ഥി പട്ടിക കണ്ടാൽ മനസ്സിലാകും. ഈ നിർദ്ദേശം നടപ്പിലാക്കിയതിൽ പ്രതിഷേധിച്ച് നിരവധി പേർ വിമതരായും രംഗത്തുണ്ട്. കാലങ്ങളായി മത്സരിച്ചു പോന്നിരുന്ന ചിലർക്ക് ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അവസരം നഷ്ടമായപ്പോൾ അത്തരരക്കാരിൽ ചിലർ വിമതരായി മത്സരിക്കുന്നുണ്ട്.
അവരെയെല്ലാം പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടുമുണ്ട്. ഒരു വീട്ടിൽ നിന്നും ഒന്നിൽ കൂടുതൽ ആളുകൾ മത്സരിക്കേണ്ടതില്ലെന്ന നേതൃത്വത്തിന്റെ നിർദ്ദേശവും മലപ്പുറത്ത് മുസ്ലിം ലീഗ് നടപ്പിലാക്കിയിട്ടുണ്ട്. സംവരണ സീറ്റിൽ ഭാര്യയും ജനറൽ സീറ്റിർ ഭർത്താവുമെന്ന കാലങ്ങളായുള്ള പതിവിനും ഇത്തവണ മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ മാറ്റമുണ്ടായിട്ടുണ്ട്. എല്ലാ പഞ്ചായത്തുകളിലും ആകെ സീറ്റിന്റെ 30 ശതമാനമെങ്കിലും പുതുമുഖങ്ങളായിരിക്കണമെന്നായിരുന്നു പാർട്ടി നിർദ്ദേശം. എന്നാൽ നടപ്പിലായി വന്നപ്പോൾ അത് 90 ശതമാനത്തിലേറെ ആയിട്ടുണ്ട്.
ഗ്രാമ പഞ്ചായത്തുകളിലേക്ക് 1028 സ്ഥാനാർത്ഥികളാണ് ജില്ലയിൽ മുസ്ലിം ലീഗിനുള്ളത്. ഇതിൽ 943 പേർ പുതുമുഖങ്ങളാണ്. ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്ന ആകെയുള്ള 135 പേരിൽ 10 പേർ മാത്രമാണ് ഒരിക്കലെങ്കിലും മത്സരിച്ചവരായിട്ടുള്ളത്. ബാക്കി 125 പേരും പുതുമുഖങ്ങളാണ്. വിവിധ നഗരസഭകളിലേക്ക് 278 സ്ഥാനാർത്ഥികളാണ് മലപ്പുറത്ത് മുസ്ലിം ലീഗിനുള്ളത്.
ഇതിൽ 253 പേരും പുതുമുഖങ്ങളാണ്. മലപ്പുറം ജില്ല പഞ്ചായത്തിലേക്ക് 22 സീറ്റിലേക്കാണ് യുഡിഎഫിൽ മുസ്ലിം ലീഗ് മത്സരിക്കുന്നത്. ഇതിൽ 5 പേർ മാത്രമാണ് നേരത്തെ അംഗങ്ങളായിട്ടുള്ളവരുള്ളത്. ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്.
മറുനാടന് മലയാളി ബ്യൂറോ