മലപ്പുറം: ട്രിപ്പിൾ ലോക്ഡൗൺ നടക്കുന്ന മലപ്പുറത്ത് ഭക്ഷണം ലഭിക്കാതെ നാടോടി വൃദ്ധൻ അലഞ്ഞത് ദിവസങ്ങളോളം. അവസാനം സംഭവം ശ്രദ്ധയിൽപ്പെട്ട മലപ്പുറം നഗരസഭാ ചെയർമാന്റെ ഇടപെൽ. നാടോടി വൃദ്ധനെ മണിക്കൂറുകൾക്കുള്ളിൽ കോട്ടപ്പടി ജി.എൽ.പി.സ്‌കൂളിലെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. അതോടൊപ്പം തന്നെ മലപ്പുറത്ത് ഇത്തരത്തിൽ അലഞ്ഞുതിരിയുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക് നഗരസഭ സ്വന്തം ചെലവിൽ അഭയകേന്ദ്രം തുടങ്ങാനും തീരമാനിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷ ജീവനക്കാരായി വേണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ കാണാൻ ഇറങ്ങിയപ്പോഴാണ് നഗരസഭ ചെയർമാൻ മുജീബ് കാടേരിയും, സഹപ്രവർത്തകരും ഈ ദയനീയ കാഴ്‌ച്ച കണ്ടത്. യാത്രയ്ക്കിടയിൽ മലപ്പുറം മൂന്നാംപടിയിൽവച്ചാണ് അവശനായി ഭക്ഷണം കഴിക്കാതെ തളർന്നിരിക്കുന്ന വയോധികനെ കാണുന്നത്.

ഉടൻ വാഹനം നിർത്തി ഇറങ്ങിയ ചെയർമാനും സംഘവും സംസാരിച്ചപ്പോഴാണ് ദിവസങ്ങളായി ഭക്ഷണം കിട്ടാത്തതിനാൽ തളർന്നു വൃദ്ധൻ തന്റെ വിശപ്പ് പറഞ്ഞു കണ്ണ് നിറച്ചത്. ഉടൻ ചെയർമാനും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി.കെ. അബ്ദുൽ ഹക്കീം, സിദ്ദീഖ് നൂറേങ്ങൽ, കൗൺസിലർമാരായ ഒ.സഹദേവൻ, ശിഹാബ് മൊടയങ്ങാടൻ, സി.കെ.സഹീർഎന്നിവർ തൊട്ടടുത്ത ആശുപത്രി നിന്നും ഭക്ഷണം എത്തിക്കുകയും വൃദ്ധന് ഭക്ഷണം നൽകുകയും ചെയ്തു.

തുടർന്ന് അതുവഴി കടന്നു വന്ന അസിസ്റ്റന്റ് ലേബർ ഓഫീസർ അനീഷ്, നഗരസഭാ സെക്രട്ടറി എം.ജോബിൻ എന്നിവരുമായി ചർച്ചചെയ്യുകയും നിലവിൽ ഗവൺമെന്റ് സംവിധാനം ഒന്നും തന്നെ ഇല്ലാത്ത സാഹചര്യത്തിൽ ഇത്തരത്തിൽ അലഞ്ഞുതിരിയുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക് നഗരസഭ സ്വന്തം ചെലവിൽ അഭയകേന്ദ്രം തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു.