മലപ്പുറം:  കോൺഗ്രസ് പുനഃസംഘടനയിൽ മലപ്പുറം ഡി.സി.സി പ്രസിഡന്റ് സ്ഥാനം നേടിയെടുക്കാൻ രണ്ടു ദിവസം നീണ്ട ഡൽഹി ചർച്ചകളുമായി എ.പി അനിൽകുമാർ എംഎ‍ൽഎ. കോൺഗ്രസ് സംഘടനാകാര്യ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവറുമായും ചർച്ച നടത്തിയ അനിൽകുമാർ തന്റെ ബയോഡാറ്റ രാഹുൽഗാന്ധിയുടെ ഓഫീസിൽ സമർപ്പിച്ചാണ് മടങ്ങിയതെന്നാണ് വിവരം.  

രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ചക്ക് അനുമതി ലഭിച്ചില്ലെന്നും ചില മുതിർന്ന നേതാക്കൾ പറഞ്ഞു.  രാഹുൽഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ വയനാടിന്റെ ഭാഗമായതിനാൽ മലപ്പുറം, വയനാട് ഡി.സി.സി പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പിൽ രാഹുലിന്റെ നിലപാടാണ് നിർണായകം. കെ സി വേണുഗോപാലിന്റെ മനസ്സും നിർണ്ണായകമാകും. വേണുഗോപാലിന് അനിൽകുമാറിനോട് താൽപ്പര്യവും ഏറെയാണ്.

മലപ്പുറം ഡി.സി.സി പ്രസിഡന്റായിരുന്ന വി.വി പ്രകാശിന് നിലമ്പൂരിൽ മത്സരിക്കാൻ ടിക്കറ്റ് നൽകിയപ്പോൾ എ.ഐ.സി.സി തലത്തിൽ നടത്തിയ സമവായ ചർച്ചകൾക്കൊടുവിൽ നിലമ്പൂരിനായി അവസാനം വരെ പരിഗണിച്ചിരുന്ന ആര്യാടൻ ഷൗക്കത്തിന് ഡി.സി.സി പ്രസിഡന്റ് സ്ഥാനം നൽകുകയായിരുന്നു. എന്നാൽ സമവായ ധാരണകൾ അട്ടിമറിച്ച് തെരഞ്ഞെടുപ്പിന് ശേഷം ഷൗക്കത്തിനെ മാറ്റി വി. വി പ്രകാശ് തന്നെ വീണ്ടും ഡി.സി.സി പ്രസിഡന്റായി. ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പ് പ്രകാശ് ഹൃദയാഘാതം മൂലം മരണപ്പെട്ടതോടെ മലപ്പുറത്ത് ഡി.സി.സി പ്രസിഡന്റില്ലാത്ത അവസ്ഥയാണിപ്പോൾ.

എ ഗ്രൂപ്പിന്റെ കൈവശമുള്ള മലപ്പുറം ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്യാടൻ ഷൗക്കത്തിന്റെ പേരാണ് എ ഗ്രൂപ്പ് നേതൃത്വം ഉയർത്തികാട്ടുന്നത്. എന്നാൽ ഗ്രൂപ്പുകൾക്കതതീതമായി പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റിനെയും തെരഞ്ഞെടുത്ത സാഹചര്യത്തിലാണ് മലപ്പുറം ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് അനിൽകുമാർ സ്വയം രംഗത്തെത്തിയത്.

നിലവിൽ എംപിയായ കെ. സുധാകരനെ കെപിസിസി പ്രസിഡന്റും എംഎ‍ൽഎമാരായ പി.ടി തോമസ്, ടി. സിദ്ദിഖ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരെ വർക്കിങ് പ്രസിഡന്റുമാരായും നിയമിച്ചതോടെ എംഎ‍ൽഎയായ തനിക്ക് ഡി.സി.സി പ്രസിഡന്റാകാൻ തടസമില്ലെന്ന നിലപാടാണ് അനിൽകുമാറിന്. നിലവിൽ ഐ.സി ബാലകൃഷ്ണൻ എംഎ‍ൽഎയാണ് വയനാട് ഡി.സി.സി പ്രസിഡന്റ്. രാഹുൽഗാന്ധിയുടെ വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന മലപ്പുറം ജില്ലയിലെ വണ്ടൂർ, നിലമ്പൂർ, ഏറനാട് മണ്ഡലങ്ങളുടെ ചുമതല ഇപ്പോൾ അനിൽകുമാറിനാണ്.

എ.ഐ.സി.സി  ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായുള്ള സൗഹൃദമാണ് അനിൽകുമാറിന്റെ കരുത്ത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് ചെന്നിത്തലയെ കൈവിട്ട് വി.ഡി സതീശന്റെ പേരായിരുന്നു അനിൽകുമാർ നിർദ്ദേശിച്ചത്. ജില്ലയിൽ ഐ ഗ്രൂപ്പിന്റെ പൂർണ  അനിൽകുമാറിനില്ലെന്നതാണ് പ്രധാന തിരിച്ചടി.  കെ.പി അബ്ദുൽമജീദ്, പി.ടി അജയ്മോഹൻ, വി. ബാബുരാജ് എന്നീ മൂന്ന് കെപിസിസി സെക്രട്ടറിമാരാണ് ജില്ലയിൽ ഐ ഗ്രൂപ്പിനുള്ളത്. അനിൽകുമാറും അജയ്മോഹനും ചേർന്നാണ് ഐ ഗ്രൂപ്പിനെ നിയന്ത്രിച്ചിരുന്നത്. എന്നാൽ പൊന്നാനി സീറ്റ് വിട്ടു നൽകിയിട്ടും കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം നൽകാതെ അജയ് മോഹനെ യു.ഡി.എഫ് ജില്ലാ ചെയർമാനാക്കി ഒതുക്കുകയായിരുന്നു. അതേസമയം എ ഗ്രൂപ്പ്  വി.എ കരീമിന് പുറമെ വി എസ് ജോയിയെയും മുൻ ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ്കുഞ്ഞിയെയും കെപിസിസി ജനറൽ സെക്രട്ടറിമാരാക്കി.

അനിൽകുമാറുമായി അടുത്തബന്ധം പുലർത്തുന്നയാളാണ് മുഹമ്മദ്കുഞ്ഞി. ആര്യാടൻ ഷൗക്കത്തിന് പകരം മുഹമ്മദ്കുഞ്ഞിയെ ഡി.സി.സി പ്രസിഡന്റാക്കാൻ അനിൽകുമാർ കരുനീക്കിയെങ്കിലും തലമുറ മാറ്റത്തിൽ മുഹമ്മദ്കുഞ്ഞിയുടെ വഴിയടയുകയായിരുന്നു. ഇതോടെയാണ് ഡി.സി.സി പ്രസിഡന്റാകാൻ അനിൽകുമാർ സ്വയം രംഗത്തിറങ്ങിയത്. അനിൽകുമാർ ടൂറിസം മന്ത്രിയായിരിക്കെ കണ്ണൂർ കോട്ട ടൂറിസം പദ്ധതിയിലെ അഴിമതിയിൽ അന്നത്തെ കണ്ണൂർ എംഎ‍ൽഎയായിരുന്ന എ.പി അബ്ദുള്ളക്കുട്ടി അനിൽകുമാറിനെതിരെ അഴിമതി ആരോപണം ഉയർത്തിയിരുന്നു. പഴയ സുഹൃത്തും സഹപ്രവർത്തകനുമായ അബ്ദുള്ളക്കുട്ടിയുടെ ആരോപണത്തിൽ അനിൽകുമാറിനായി ജില്ലയിലെ ഒറ്റ കോൺഗ്രസ് നേതാവും രംഗത്തിറങ്ങിയിരുന്നില്ല. അനിൽകുമാർ സ്വന്തം നിലക്കാണ് പ്രസ്താവനയിറക്കി പ്രതിരോധിച്ചത്.

അതേസമയം ബിജെപി ഉപാധ്യക്ഷനായ അബ്ദുള്ളക്കുട്ടിക്കായി ബിജെപി നേതൃത്വം തന്നെ രംഗത്തിറങ്ങുകയും ചെയ്തു. ഇതും അനിൽകുമാറിനെ ചൊടിപ്പിച്ചിരുന്നു. സോളാർ പീഡനക്കേസിൽ പ്രതികൂടിയായ അനിൽകുമാറിനെ ഇടതുസർക്കാർ വേട്ടയാടിയാൽ പാർട്ടി പിന്തുണ പ്രധാനമാണ്. ഇതുകൂടി ലക്ഷ്യമിട്ടാണ് ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തിനായി പിടിമുറുക്കുന്നത്. അതേസമയം ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് ഒരാൾക്ക് ഒരു പദവി നടപ്പാക്കി അനിൽകുമാറിനെ വെട്ടാൻ എ ഗ്രൂപ്പിലും ഐ ഗ്രൂപ്പിലും അണിയറ നീക്കങ്ങളും നടക്കുന്നുണ്ട്.

മലപ്പുറത്ത് ഐ ഗ്രൂപ്പ് നേതൃത്വം എംപി ഗംഗാധരനിലായപ്പോഴാണ് കെ. മുരളീധരന്റെ വിശ്വസ്ഥനായി അനിൽകുമാർ ഐ ഗ്രൂപ്പ് നോമിനിയായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായത്. 1996ൽ തൃത്താലയിൽ മത്സരിച്ച് പരാജയപ്പെട്ട അനിൽകുമാറിന് 2001ൽ വണ്ടൂരിൽ സീറ്റ് നൽകിയത് കെ. മുരളീധരന്റെ ഇടപെടലിലായിരുന്നു.   വണ്ടൂർ എംഎ‍ൽഎയായി  മുരളീധരന്റെ വാശിയിൽ ഉമ്മൻ ചാണ്ടി സർക്കാരിൽ മന്ത്രിയുമായി. കെ.കരുണാകരനും മുരളീധരനും ഡി.ഐ.സിയുണ്ടാക്കി കോൺഗ്രസ് വിട്ടപ്പോൾ മുരളീധരനെ കൈവിട്ട് ഉമ്മൻ ചാണ്ടിക്കൊപ്പം നിന്ന് മന്ത്രിസ്ഥാനം സംരക്ഷിക്കുകയായിരുന്നു അനിൽകുമാർ.

പിന്നീട് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ വിശാല ഐ ഗ്രൂപ്പുണ്ടായപ്പോൾ ചെന്നിത്തലക്കൊപ്പം നിന്നു. 2011ൽ പി.കെ ജയലക്ഷ്മി മന്ത്രിയായിട്ടും അനിൽകുമാറിന് മന്ത്രി സ്ഥാനം നൽകിയത് രമേശ് ചെന്നിത്തലയുടെ ഇടപെടൽകൊണ്ടായിരുന്നു. എന്നാൽ ഇത്തവണ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയുടെ പേരുപറയാതെ വി.ഡി സതീശനെ പിന്തുണച്ച് മലക്കംമറിയുകയായിരുന്നു അനിൽകുമാർ.  കെ.സി വേണുഗോപാൽ എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായതോടെ ചെന്നിത്തലയെ വിട്ട് കെ.സി വേണുഗോപാലിനൊപ്പമാണിപ്പോൾ അനിൽകുമാർ.  

ആര്യാടൻ മുഹമ്മദിനു ശേഷം മലപ്പുറത്ത് കോൺഗ്രസ് നേതൃത്വത്തെ കൈപ്പിടിയിലൊതുക്കാൻ അനിൽകുമാറിന്റെ നീക്കങ്ങളാണിപ്പോൾ മലപ്പുറത്ത് കോൺഗ്രസിൽ കലാപത്തിരികൊളുത്തുന്നത്. സംഘടനാതെരഞ്ഞെടുപ്പ് നടന്നപ്പോൾ എ ഗ്രൂപ്പിന് ആധിപത്യം ലഭിച്ച ജില്ലയാണ് ആര്യാടന്റെ തട്ടകമായ മലപ്പുറം.  ഗ്രൂപ്പ് സമവാക്യം തിരുത്തിക്കുറിച്ച് എ.പി അനിൽകുമാർ ഡി.സി.സി പ്രസിഡന്റായാൽ സംഘടനയെ ഒരുമിച്ച് നയിക്കാനാവുമോ എന്നതാണ് പ്രതിസന്ധി.