മലപ്പുറം: എടപ്പാൾ തീയറ്ററിൽ ബാലിക പീഡിപ്പിക്കപ്പെട്ട കേസ് പുറത്തുവന്നത് കേരള സമൂഹത്തെ ശരിക്കും നാണംകെടുത്തിയിരുന്നു. എന്നാൽ, പുറത്തുവന്ന പീഡനങ്ങളേക്കാൾ വലിയ സംഭവങ്ങളാണ് മലപ്പുറത്തു നിന്നും പുറത്തുവരാത്തതെന്നാണ് മനസിലാകുന്നത്. ഇത് സംബന്ധിച്ച പുറത്തുവന്ന വിവരങ്ങൾ ശരിക്കും ഞെട്ടിക്കുന്നതാണ്. മലപ്പുറം ജില്ലയിൽ പെൺകുട്ടികൾക്കെതിരെ എന്ന പോലെ ആൺകുട്ടികളും ലൈംഗിക അതിക്രമത്തിന് വ്യാപകമായി ഇരയാകുന്നുണ്ട്. ആൺകുട്ടികൾ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാകുന്നത് മതസ്ഥാപനങ്ങളിൽ പോലുമുണ്ടെന്നാതാണ് ഞെട്ടിക്കുന്ന കാര്യം. എന്നാൽ, ഇക്കാര്യങ്ങളിലൊക്കെ പരാതിയില്ലാത്തതിനാൽ അധികം കേസ് മുന്നോട്ടു പോകാറില്ല.

മലപ്പുറത്ത് ഈ മാസം 14 ദിവസത്തിനിടെ മലപ്പുറം ചൈൽഡ്ലൈനിൽ വന്നത് 13 ബാലപീഡനക്കേസുകളാണ്. ഇതിൽ അധികവും പൊലീസ് അവഗണിച്ചുവിട്ടതാണെന്നതും ശ്രദ്ധേയമാണ്. അടുത്ത ബന്ധുക്കളിൽ നിന്നും മറ്റുമാണ് പീഡനം ഏൽക്കേണ്ടി വന്ന സംഭവം. പല കേസുകളിലും പൊലീസിന്റെ അലംഭാവം ശരിക്കും പ്രകടമാണ്. പല കേസുകളിലും ഇതുവരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുമില്ല.

പത്തുദിവസം മുൻപാണ് മങ്കടയിൽ രണ്ടുകുട്ടികളെ അമ്മയുടെ അനുമതിയോടെ പലരും പീഡിപ്പിച്ചത്. സംഭവം വിവാദമായപ്പോൾ പ്രതി അമ്മയെയും കുട്ടിയെയും സ്വാധീനിച്ചു. എഫ്.ഐ.ആർ. പോലും രജിസ്റ്റർ ചെയ്യാതെ ആ കേസ് തേഞ്ഞുമാഞ്ഞുപോകുന്ന അവസ്ഥയിലാണ്. അധികാരവും പണവും ഉണ്ടെങ്കിൽ ആർക്കും എന്തും ചെയ്യാവുന്ന അവസ്ഥയാണ് ഇവിടെയുള്ളത്.

അരീക്കോട്ടെ പതിനേഴുകാരനെ രണ്ടാനച്ഛൻ പീഡിപ്പിച്ച കേസും വ്യക്തമായ തെളിവുള്ളതായിരുന്നു. കുട്ടിയുടെ മാനസികസംഘർഷം കണ്ട് അമ്മ കൗൺസലറുടെ സഹായം തേടിയപ്പോഴാണ് സംഭവം പുറത്താവുന്നത്. കുട്ടി പൊലീസിന് വ്യക്തമായി സംഭവം എഴുതിക്കൊടുത്തിട്ടും എഫ്.ഐ.ആർ. പോലും എടുത്തിട്ടില്ല. സ്വന്തം പിതാവ് പീഡിപ്പിച്ച് ബാലിക പ്രസവിച്ച സംഭവം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ചൈൽഡ്ലൈൻ ജാഗ്രതയോടെ ഇടപെട്ടതിനെ തുടർന്നാണ് ഈ കേസിൽ എഫ്.ഐ.ആർ. ഇട്ടത്.

തേഞ്ഞിപ്പലത്ത് ആറുവയസ്സുകാരനെ ലൈംഗികപീഡനത്തിന് ഇരയായാക്കിയത് ഒരു ഓട്ടോഡ്രൈവറാണ്. അശ്ലീല വീഡിയോ കുട്ടിക്ക് കാണിച്ചുകൊടുത്താണ് ലൈംഗികമായി ഉപയോഗിച്ചത്. മേലാറ്റൂരിൽ മൂന്നു കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതും കഴിഞ്ഞയാഴ്ചയാണ്. ജില്ലയിൽ മുൻകാലങ്ങളിൽ പീഡിപ്പിക്കപ്പെട്ടിരുന്നത് കൂടുതലും ആൺകുട്ടികളായിരുന്നെങ്കിൽ ഇപ്പോൾ ഏറക്കുറേ തുല്യമാണ്.

അതേസമയം ബാലപീഡനങ്ങളുടെ എണ്ണം മുൻവർഷങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ കൂടിവരുന്നുണ്ട്. മലപ്പുറത്ത് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസുകൾ 2016ൽ 177 കേസുകൾ റിപ്പോർട്ട് ചെയ്‌തെങ്കിൽ 2017ൽ ഇത് 160തായിരുന്നു. എന്നാൽ 2018 ഇതിനോടകം 113 ബാലപീഡന കേസുകൾ റിപ്പോർട്ടു ചെയ്തു.