മലപ്പുറം: കോവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. മലപ്പുറം മങ്കട കടന്നമണ്ണ കരിമ്പനകുണ്ട് പരേതനായ രാമം തൊടി അപ്പുവിന്റെ ഭാര്യ മാധവി (77) ആണ് മരിച്ചത്. 17നാണ് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് മങ്കട സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയും കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആ വുകയും ചെയ്തു. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്നു. പ്ലാസ് മ ചികിത്സയും നടത്തിയെങ്കിലും ഇന്നു രാവിലെ മരിച്ചു.

ട്രൂനാറ്റ് പരിശോധന ഫലം കൂടി വന്ന ശേഷം നാളെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മക്കൾ: ബാലസുബ്രമണ്യൻ (സുന്ദരൻ ), ഉദയരാജൻ, ഉഷാദേവി, പ്രീത. മരുമക്കൾ: ശ്രീജ, ഷൈലജ, ശശി.ജില്ലയിൽ ഇന്ന് 454 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ജില്ലയിൽ 400 ന് മുകളിൽ കോവിഡ് രോഗികൾ സ്ഥിരീകരിച്ച ദിവസമാണിന്ന്. ഏറ്റവും ഉയർന്ന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതീവ ജാഗ്രത അനിവാര്യമായിരിക്കുകയാണ്.

സർക്കാർ വകുപ്പുകളോടൊപ്പം രോഗം തടയുന്നതിനായി കൂട്ടായി പ്രവർത്തിക്കേണ്ട സമയമാണിതെന്നും, അനാവശ്യമായി ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 428 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്നതും ആശങ്കാ ജനകമാണ്. ഇതിൽ 12 ആരോഗ്യ പ്രവർത്തകരുൾപ്പെടെ 27 പേർക്ക് ഉറവിടമറിയാതെയും 401 പേർക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ആറ് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന 20 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. ജില്ലയിൽ ഇപ്പോൾ 42,935 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. അതേ സമയം 240 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗം ഭേദമായി ഇന്ന് വീടുകളിലേക്ക് മടങ്ങിയത്. ഇതുവരെ 4,537 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

നിരീക്ഷണത്തിലുള്ളത് 42,935 പേർ

42,935 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 3,154 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 290 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 1,761 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയിൽ ഇതുവരെ ആർ.ടി.പി.സി.ആർ, ആന്റിജൻ വിഭാഗങ്ങളിലുൾപ്പടെ 1,846 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

ആരോഗ്യ ജാഗ്രത കർശനമായി പാലിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253