മലപ്പുറം: മലപ്പുറത്തെ മൂന്നുപേർകൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇന്ന് മാത്രം മലപ്പുറത്തെ 230 പേർക്ക് കോവിഡ്, ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 45,343 പേർ. പിടിവിടാതെ കോവിഡ്. കോട്ടയ്ക്കൽ രണ്ടത്താണി സ്വദേശി മൂസ (72), ചെമ്പ്രക്കാട്ടൂർ സ്വദേശി ഉണ്ണിക്കമ്മത്ത് (71), കോഡൂർ ആൽറ്റക്കുളമ്പ് പാറമ്മലിലെ പരേതനായ വടക്കാത്ര സെയ്തുട്ടിയുടെ മകൻ വടക്കാത്ര കോയക്കുട്ടി (69) എന്നിവരാണ് മരിച്ച്ത്.

ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച കോയക്കുട്ടിയെ രണ്ട് ദിവസം മുമ്പ് ശ്വാസതടസം കാരണം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. രോഗിയെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പോസിറ്റീവ് ഫലം ലഭിച്ചത്.
തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ വെച്ച് വ്യാഴാഴ്ച കാലത്താണ് അന്തരിച്ചത്. കോവിഡ് രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഭാര്യ ആസ്യ. മക്കൾ ബുഷൈർ, നുഅ്മാൻ, സ്വഫ് വാൻ, ജാഫിർഷാൻ, ഷമീമ. മരുമക്കൾ മുജീബ് റഹ്മാൻ, ജിംഷിദ, ആയിഷാ മുഹ്‌സിന, ബുഷ്താന ഷെറിൻ. സഹോദരങ്ങൾ ഹമീദ്, കുഞ്ഞാത്തു, പാത്തുമ്മ, പരേതനായ കമ്മുകുട്ടി.

വ്യാഴാഴ്ച വൈകുന്നേരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആൽപ്പറ്റക്കുളമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.മൂസയും ഉണ്ണിക്കമ്മത്തും മഞ്ചേരി മെഡിക്കൽ കോളജിൽ വച്ചാണ് മരിച്ചത്. . ഇരുവരും മഞ്ചേരി മെഡിക്കൽ കോളജിൽ വിദഗ്ധ ചികിത്സയിലായിരുന്നു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 39 ആയി. രക്തസമ്മർദ്ദം, സ്ട്രോക്ക്, ശ്വാസകോശ അർബുദം എന്നിവ അലട്ടിയിരുന്ന മൂസയെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഓഗസ്റ്റ് 23നാണ് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുന്നത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരിയിലേക്ക് മാറ്റിയത്. രോഗിയെ കോവിഡ് ഐസിയുവിലേക്ക് മാറ്റി പ്രോട്ടോകോൾ പ്രകാരം ചികിത്സ ആരംഭിച്ചു.

ക്രിട്ടിക്കൽ കെയർ ടീമിന്റെ നിർദ്ദേശ പ്രകാരം ഇൻവേസിവ് വെന്റിലേഷൻ നൽകിയെങ്കിലും 27ന് രാവിലെ രോഗിയുടെ ആരോഗ്യ നില വഷളായി. എസിഎൽഎസ് പ്രകാരം ചികിത്സ നൽകിയെങ്കിലും മരുന്നുകളോട് പ്രതികരിക്കാതെ രോഗി മരണത്തിന് കീഴടങ്ങുകയായിരുന്നു. രക്തസമ്മർദം, വാതം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവ അലട്ടിയിരുന്ന ഉണ്ണിക്കമ്മത്ത് പനിയും ചുമയുമായി ഓഗസ്റ്റ് എട്ടിനാണ് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ട്രൂനാറ്റ് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗിയെ കോവിഡ് ഐസിയുവിലേക്ക് മാറ്റി പ്രോട്ടോകോൾ പ്രകാരം ചികിത്സ ആരംഭിച്ചു. ക്രിട്ടിക്കൽ കെയർ ടീമിന്റെ പരിശോധനയിൽ കോവിഡ് ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ്സ് സിൻഡ്രോം എന്നിവ കണ്ടെത്തിയതോടെ പ്ലാസ്മ തെറാപ്പി, റിറ്റോനാവിർ എന്നിവ നൽകി. 26ന് രാവിലെ രോഗിക്ക് ശ്വാസമെടുക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ നോൺ ഇൻവേസീവ് വെന്റിലേഷൻ ആരംഭിച്ചു.

27ന് രാവിലെ രോഗിയുടെ ആരോഗ്യ നില വഷളായി. എസിഎൽഎസ് പ്രകാരം ചികിത്സ നൽകിയെങ്കിലും മരുന്നുകളോട് പ്രതികരിക്കാതെ ഉച്ചക്കഴിഞ്ഞ് രോഗി മരണത്തിന് കീഴടങ്ങി.മലപ്പുറം ജില്ലയിൽ ഇന്ന് 230 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. 192 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ച് ആരോഗ്യ പ്രവർത്തകർക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു. 25 പേർക്ക് ഉറവിടമറിയാതെയുമാണ് കോവിഡ് 19 ബാധിച്ചത്. സമ്പർക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത അനിവാര്യമാണെന്നും ജില്ലാ കലക്ടർ പറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന ആറ് പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. അതേ സമയം 538 പേർ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 5,327 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

നിരീക്ഷണത്തിലുള്ളത് 45,343 പേർ

45,343 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. മറ്റ് ജില്ലക്കാരുൾപ്പെടെ 2,932 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്. ഇതിൽ 2,702 പേരാണ് മലപ്പുറം ജില്ലക്കാരായുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 261 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 1,846 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവർ വീടുകളിലും കോവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ആർ.ടി.പി.സി.ആർ, ആന്റിജൻ വിഭാഗങ്ങളിലുൾപ്പടെ ജില്ലയിൽ ഇതുവരെ പരിശോധനക്കയച്ച 87,596 സാമ്പിളുകളിൽ 2,160 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

ആരോഗ്യ ജാഗ്രത കർശനമായി പാലിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദ്ദേശങ്ങൾ പൂർണമായും പാലിക്കണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.