- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആന്റിജൻ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ ശവസംസ്കാര ചടങ്ങുകൾ നടത്തിയത് പ്രോട്ടോക്കോൾ പ്രകാരം; മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും ആർടിപിസിആർ ഫലം വന്നപ്പോൾ കോവിഡില്ലെന്ന് റിപ്പോർട്ടും; എടപ്പാളിൽ മരണമടഞ്ഞത് 76കാരനായ ദാമോദരൻ; മലപ്പുറം ജില്ലയിൽ ഇന്ന് 324 പേർക്ക് വൈറസ് ബാധ
മലപ്പുറം: കോവിഡ് ചികിത്സയിലിരിക്കെ മരണമടഞ്ഞ 76 കാരന് ആർ.ടി.പി.സി ആർ പരിശോധനയിൽ കോവിഡില്ല. നേരത്തെ ആന്റിജൻ പരിശോധനയിൽ ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എടപ്പാൾകുറ്റിപ്പാല അമൃതാനന്ദമയി മഠത്തിനു സമീപം താമസിക്കുന്ന പള്ളി മഠത്തിൽ വീട്ടിൽ ദാമോദര(76)നാണ് ആന്റിജൻ ടെസ്റ്റിൽ പോസറ്റീവായതിനെ തുടർന്ന് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്‌കരിച്ചിരുന്നത്. തുടർന്ന് മരണശേഷം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തിയപ്പോഴാണ് നെഗറ്റീവ് റിസൾട്ട് വന്നത്. കഴിഞ്ഞ ദിവസം വാർദ്ധക്യസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ദാമോദരൻ മരിച്ചത്. ആന്റിജൻ പരിശോധനാ ഫലംപോസ്റ്റീവ് ആയതിനെ തുടർന്ന് വിശദമായ പരിശോധനക്കായി സ്രവം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് അയച്ചിരുന്നത്. ഇതിന്റെ ഫലമാണ് ഇന്ന് നെഗറ്റീവായി ലഭിച്ചത്. വിവിധ അസുഖങ്ങൾ മൂലം ബുദ്ധിമുട്ടിയിരുന്ന ദാമോദരനെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്. തുടർന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്. മൃദദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഈശ്വരമംഗലം സ്മശാനത്തിൽ സംസ്‌കരിച്ചു.ഭാര്യ: ഭാസുര.മക്കൾ :ജനിത്, ധനീഷ് (ഇരുവരും പരേതർ). ആത്മജ, റീജ. മരുമക്കൾ: രാജൻ കണ്ണൂർ, ദാമു നാരായണൻ തൃത്താല.
അതേ സമയം ജില്ലയിൽ ഇന്ന് 324 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. 280 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 17 പേർക്ക് ഉറവിടമറിയാതെയാണ് കോവിഡ് 19 ബാധിച്ചത്. വൈറസ് ബാധയുണ്ടായ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 18 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന എട്ട് പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്.അതേസമയം ജില്ലയിൽ ഇന്ന് 202 പേർ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 8,594 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. രോഗമുക്തി നേടുന്നവർ വർധിക്കുന്നത് ആശ്വാസകരമാണെന്നും കൂട്ടായ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമാണിതെന്നും ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ പറഞ്ഞു.
48,142 പേർ നിരീക്ഷണത്തിൽ
48,142 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 1,848 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 331 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 1,017 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവർ വീടുകളിലും കോവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്.
ഇതുവരെ 1,25,567 സാമ്പിളുകളാണ് ജില്ലയിൽ നിന്ന് പരിശോധനക്കയച്ചത്. ഇതിൽ 1,272 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്.
ആരോഗ്യ ജാഗ്രത കർശനമായി പാലിക്കണം
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.