- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് സ്ഥിരീകരിച്ച അമ്മയേയും നവജാത ശിശുവിനേയും സ്വന്തം വാഹനത്തിൽ മെഡിക്കൽ കോളജിൽ കൊണ്ടുപോകാനുള്ള ഭർത്താവിന്റെ ശ്രമം തടഞ്ഞ് നാട്ടുകാർ; ഭർത്താവ് റിസ്‌ക് എടുക്കാൻ തീരുമാനിച്ചത് വിവരമറിയിച്ചിട്ടും ആബുലൻസ് എത്താത്തതിനെ തുടർന്ന്; ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ടതോടെ ഇരുവരെയും ആശുപത്രിയിൽ കൊണ്ടുപോയത് സ്വന്തം വാഹനത്തിലും
മലപ്പുറം: മലപ്പുറം എടപ്പാളിൽ കോവിഡ് സ്ഥിരീകരിച്ച അമ്മയേയും ദിവസംമാത്രം നവജാത ശിശുവിനേയും സ്വന്തം വാഹനത്തിൽ മഞ്ചേരി മെഡിക്കൽ കോളജിൽ കൊണ്ടുപോകാനുള്ള ഭർത്താവിന്റെ ശ്രമം നാട്ടുകാർ തടഞ്ഞു. ഭർത്താവ് റിസ്‌ക് എടുക്കാൻ തീരുമാനിച്ചത് ചൊവ്വാഴ്‌ച്ച ആബുലൻസിനെ വിവരമറിയിച്ചിട്ടും എത്താത്തതിനെ തുടർന്ന്. അവസാനം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ടതോടെ സ്വന്തം വാഹനത്തിൽ തന്നെ കൊണ്ടുപോയി. കോവിഡ് 19 സ്ഥിരീകരിച്ച് പ്രസവിച്ച് ദിവസങ്ങൾ മാത്രമായ അമ്മയെയും കൈകുഞ്ഞിനെയുമാണ് നാട്ടുകാർ തടഞ്ഞത്.
ഇന്നു വൈകീട്ടാണ് സംഭവം നടന്നത്.പൊന്നാനി മാതൃ ശിശു ആശുപത്രിയിൽ ചികിത്സിച്ച യുവതികൾക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇരുപത് ദിവസം മുൻപ് പൊന്നാനി മാതൃ ശിശു ആശുപത്രിയിൽ പ്രസവിച്ച യുവതിക്ക് പരിശോധന നടത്തുകയയിരുന്നു. ചൊവ്വാഴ്ച ഫലം വന്നപ്പോൾ കോവിഡ് 19 സ്ഥിരീകരിച്ചു. തുടർന്ന് ചികിത്സക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകുന്നതിനായി 108 ആബുലൻസിനെ വിവരമറിയിച്ചു. എന്നാൽ ഇന്നലെയും ആബുലൻസ് എത്താത്തതിനാൽ യുവതിയുടെ ഭർത്താവ് സ്വന്തം വാഹനത്തിൽ മഞ്ചേരിയിലേക്ക് കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു. ഇതിനെ ഒരു വിഭാഗം നാട്ടുകാർ എതിർത്തു. ഇതോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തുകയും പ്രസവ ശുശ്രൂഷക്കും മറ്റ് ആവശ്യങ്ങൾക്കും ഭർത്താവ് യുവതിയുടെ കൂടെ ഉണ്ടായിരുന്നതിനാലും വേറെ സമ്പർക്കമില്ലാത്തതിനാലും തടയണ്ടതില്ലെന്ന് അറിയിച്ചു. തുടർന്ന് യുവതിയും ഭർത്താവും സ്വന്തം വാഹനത്തിൽ മഞ്ചേരിക്ക് പോയി.
അതേ സമയം മലപ്പുറം ജില്ലയിൽ ഇന്ന് 201 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. 167 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ. 15 പേർക്ക് ഉറവിടമറിയാതെയാണ് കോവിഡ് 19 ബാധിച്ചത്. വൈറസ് ബാധയുണ്ടായവരിൽ ആറ് പേർ ആരോഗ്യ പ്രവർത്തകരുമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ആറ് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന ഏഴ് പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്.
അതേസമയം ജില്ലയിൽ ഇന്ന് 151 പേർ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി. ഇതുവരെ 9,104 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതെന്നും ജില്ലാ കലക്ടർ പറഞ്ഞു.42,284 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 2,063 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 354 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 1,300 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവർ വീടുകളിലും കോവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,28,721 സാമ്പിളുകളാണ് ജില്ലയിൽ നിന്ന് പരിശോധനക്കയച്ചത്. ഇതിൽ 1,350 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്.