- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഹുലിന്റെ കേരള പര്യടനത്തിന് മുമ്പേ എല്ലാം ക്ലിയർ ആക്കണം; എ.കെ.ആന്റണി കണ്ണുരുട്ടിയതോടെ പത്തി മടക്കി മുസ്ലിംലീഗ്; മിന്നൽ വേഗത്തിൽ ശനിയാഴ്ച രാത്രി തന്നെ ആര്യാടൻ ഷൗക്കത്തിനെ മലപ്പുറം ഡിസിസി അദ്ധ്യക്ഷനാക്കാൻ കത്ത്; ലീഗിന്റെ കണ്ണിലെ കരടായ ആര്യാടൻ മുഹമ്മദിന്റെ മകനെ തന്നെ കസേരയിൽ ഇരുത്തിയപ്പോൾ കോൺഗ്രസിന് ആശ്വാസം
മലപ്പുറം : മുസ്ലിം ലീഗിന്റെ എതിർപ്പിനെ അവഗണിച്ച് മലപ്പുറം ഡി.സി.സി പ്രസിഡന്റ് സ്ഥാനം ആര്യാടൻ ഷൗക്കത്തിന് ഉറപ്പിച്ചത് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ ആന്റണിയുടെ ഇടപെടലിൽ. രാഹുൽഗാന്ധി എംപിയുടെ കേരള പര്യടനത്തിന് മുമ്പ് മലപ്പുറം ഡി.സി.സി പ്രസിഡന്റ് സ്ഥാനം ആര്യാടൻ ഷൗക്കത്തിന് കൈമാറാൻ ഹൈക്കമാന്റിന്റെ നിർദ്ദേശം കെപിസിസി പ്രസിഡന്റിന് എത്തുകയായിരുന്നു. ഇതോടെ മിന്നൽ വേഗത്തിൽ ഇന്നലെ രാത്രി തന്നെ പദവി കൈമാറാൻ കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.പി അനിൽകുമാർ വി. വി പ്രകാശിന് കത്തു നൽകി. ഇന്നു രാവിലെ പതിനൊന്നരക്ക് ഡി.സി.സി ഓഫീസിൽ നടന്ന ചടങ്ങിൽ വി.വി പ്രകാശ് പ്രസിഡന്റ് സ്ഥാനം ഷൗക്കത്തിന് കൈമാറി.
മലപ്പുറം ജില്ലാ രൂപീകരണത്തെതുടർന്ന് 1969തിൽ ആര്യാടൻ മുഹമ്മദ് ആദ്യ ഡി.സി.സി പ്രസിഡന്റായി 52 വർഷത്തിനു ശേഷമാണ് മകന് ഷൗക്കത്ത് ഡി.സി.സി നേതൃത്വത്തിലെത്തുന്നത്. മലപ്പുറത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കുമെന്ന് പ്രഖ്യാപിച്ച ആര്യാടൻ ഷൗക്കത്ത് വിഭജന രാഷ്ട്രീയത്തിനെതിരെ അബ്ദുറഹിമാൻ സാഹിബിന്റെ പോരാട്ടത്തെ പിന്തുടരുമെന്നു വ്യക്തമാക്കി മുസ്ലിം ലീഗിന് കീഴടങ്ങില്ലെന്ന സന്ദേശമാണ് നൽകിയത്.
സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വം ഒത്തുതീർപ്പ് ഫോർമുലയായി സംസ്ക്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്തിനെ മലപ്പുറം ഡി.സി.സി പ്രസിഡന്റാക്കാനെടുത്ത തീരുമാനം മുസ്ലിം ലീഗിന്റെ എതിർപ്പിനെ തുടർന്ന് അനിശ്ചിതത്വത്തിലായിരുന്നു. നിലമ്പൂർ മണ്ഡലത്തിൽ സ്്ഥാനാർത്ഥിത്വത്തിനായി ആര്യാടൻ ഷൗക്കത്തും മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശുമായിരുന്നു അവസാനഘട്ടം വരെയുണ്ടായിരുന്നത്. നിയോജകമണ്ഡലത്തിലെ രണ്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളും ഏഴു മണ്ഡലം കമ്മിറ്റികളിൽ അഞ്ച് മണ്ഡലം കമ്മിറ്റികളും പി.വി അൻവറിനെ തോൽപ്പിക്കാൻ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യമാണ് ഉയർത്തിയത്. കെ.എസ്.യു യൂത്ത് കോൺഗ്രസ് കമ്മിറ്റികളും ഷൗക്കത്തിനൊപ്പമായിരുന്നു.
പ്രകാശ് പ്രസിഡന്റായ മലപ്പുറം ഡി.സി.സിയുടെ റിപ്പോർട്ടും രണ്ടു മണ്ഡലം കമ്മിറ്റികളുമായിരുന്നു പ്രകാശിനൊപ്പം നിന്നത്. എ.ഐ.സി.സി രണ്ടു ഘട്ടങ്ങളിലായി നടത്തിയ സർവെയിലും സാമുദായിക സമവാക്യങ്ങളും അഞ്ചു വർഷത്തെ പ്രവർത്തനങ്ങളടക്കം പരിഗണിച്ച് ഷൗക്കത്തിനായിരുന്നു മേൽക്കൈ. നിലമ്പൂരിൽ തർക്കം മുറുകിയപ്പോൾ ടി. സിദ്ദിഖിനെ സമവായ സ്ഥാനാർത്ഥിയാക്കാനും ശ്രമമുണ്ടായി. ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിഭീഷണി മുഴക്കിയാണ് പ്രകാശ് ഈ നീക്കത്തെ പ്രതിരോധിച്ചത്. തർക്കം മുറുകിയപ്പോൾ സ്ഥാനാർത്ഥി നിർണയം കേരളത്തിൽ നടത്താൻ ആവശ്യപ്പെട്ട് ഹൈക്കമാന്റ് ലിസ്റ്റ് മടക്കി. ഇതോടെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇരുവരെയും തിരുവനന്തപുരത്തേക്ക് വിളിച്ച് വരുത്തി ചർച്ച നടത്തി.
രണ്ടാം തവണയും സീറ്റില്ലെങ്കിൽ ആത്മഹത്യയല്ലാതെ മറ്റു പോംവഴിയില്ലെന്ന വൈകാരിക നിലപാടാണ് പ്രകാശ് മുന്നോട്ടുവെച്ചത്. പകരം സീറ്റായി നിർദ്ദേശിച്ച പട്ടാമ്പി വേണ്ടെന്നും മത്സരിക്കുന്നെങ്കിൽ അഞ്ചു വർഷം സജീവമായ നിലമ്പൂർ മതിയെന്നും ഷൗക്കത്തും നിലപാടെടുത്തു. ഇതിനിടെ മുസ്ലിം ലീഗ് നേതൃത്വം നിലമ്പൂരിൽ പ്രകാശ് മതിയെന്ന നിലപാടെടുത്തു. ഇതുകൂടി പരിഗണിച്ചാണ് പ്രകാശിന് നിലമ്പൂർ സീറ്റും ഷൗക്കത്തിന് ഡി.സി.സി അധ്യക്ഷ സ്ഥാനവുമെന്ന ഫോർമുലയുമുണ്ടായത്. സ്ഥാനാർത്ഥി നിർണയത്തോടൊപ്പം ഡി.സി.സി പ്രസിഡന്റ് സ്ഥാന പ്രഖ്യാപനവും ഉണ്ടാകുമെന്നറിയിച്ചെങ്കിലും അതുണ്ടായില്ല. ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കിയാൽ ലീഗിന് വഴങ്ങില്ലെന്ന ആശങ്കയിൽ ലീഗ് നേതൃത്വം ഈ തീരുമാനത്തിൽ അതൃപ്തിയുമായി രംഗത്തെത്തുകയായിരുന്നു. മലപ്പുറത്ത് ലീഗിന്റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്ത് രണ്ടാം ആര്യാടൻ വളരുന്നതിന് വഴിയൊരുക്കേണ്ട എന്ന നിലപാടായിരുന്നു ലീഗ് നേതൃത്വത്തിന്.
മലപ്പുറത്ത് വി.വി പ്രകാശ് ലീഗിന് വിധേയമായാണ് പ്രവർത്തിച്ചിരുന്നത്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിൽപോലും ലീഗിന് കീഴടങ്ങുകയായിരുന്നു. ലീഗ് ദുർബലമായ ഇടങ്ങളിൽപോലും കോൺഗ്രസ് മുസ്ലിം ലീഗിന് പ്രാതിനിധ്യം നൽകുമ്പോൾ മലപ്പുറം ജില്ലാ പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനം കോൺഗ്രസിന് നൽകാൻപോലും ലീഗ് ഇതുവരെ തയ്യാറായിട്ടില്ല. ആര്യാടൻ സജീവരാഷ്ട്രീയത്തിൽ നിന്നും പിന്മാറിയതോടെ മലപ്പുറത്ത് മുൻ മന്ത്രി എ.പി അനിൽകുമാറും ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശും ലീഗിന് കീഴടങ്ങിയുള്ള പ്രവർത്തനമാണെന്ന വികാരം കോൺഗ്രസ് പ്രവർത്തകർക്കുണ്ട്.
മലപ്പുറത്ത് ലീഗിന്റെ അപ്രമാദിത്വത്തെ എന്നും വെല്ലുവിളിച്ചാണ് ആര്യാടൻ രാഷ്ട്രീയ പ്രവർത്തനം നടത്തിയത്. മുസ്ലിം ലീഗ് അധ്യക്ഷനായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ആത്മീയ നേതാവല്ല രാഷ്ട്രീയ നേതാവാണെന്നും രാഷ്ട്രീയ നേതാവാകുമ്പോൾ വിമർശന വിധേയനാകുമെന്നും തുറന്നടിച്ചത് ആര്യാടനാണ്. തങ്ങളല്ല സോണിയാഗാന്ധിയാണ് തന്റെ നേതാവെന്ന ആര്യാടന്റെ പ്രസ്ഥാവന ലീഗ് നേതൃത്വത്തെ പൊള്ളിച്ചിരുന്നു. മലപ്പുറത്ത് ലീഗിനെതിരെ കൊമ്പ് കോർത്തുള്ള ആര്യാടന്റെ സാന്നിധ്യമാണ് കാന്തപുരം എ.പി സുന്നി വിഭാഗത്തെ കോൺഗ്രസ് മണ്ഡലങ്ങളിൽ യു.ഡി.എഫിനൊപ്പം നിർത്തിയിരുന്നത്. ലീഗ് വിരുദ്ധ നിലപാടുള്ള എ.പി സുന്നി വിഭാഗം കോൺഗ്രസ് മത്സരിക്കുന്നിടങ്ങളിൽ കോൺഗ്രസ് അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ മലപ്പുറത്ത് കോൺഗ്രസ് ലീഗിന്റെ ബി ടീമായതോടെ കാന്തപുരം സുന്നി വോട്ടുകൾ കൂട്ടത്തോടെ ഇടതുപാളയത്തിൽ എത്തിയ അവസ്ഥയാണുള്ളത്.
കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിൽ സാമുദായിക പ്രാതിനിധ്യം തകർത്ത് മുസ്ലിം ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം നൽകിയപ്പോൾ അതിനെതിരെ രൂക്ഷമായി പ്രതികരിച്ചത് ആര്യാടൻ മുഹമ്മദാണ്. എൻ.എസ്.എസും ക്രൈസ്തവ സഭാനേതൃത്വങ്ങളും ആശങ്കപ്രകടിപ്പിച്ചപ്പോൾ അഞ്ചാം മന്ത്രിക്ക് വിലനൽകേണ്ടിവരിക കോൺഗ്രസാണെന്നും ഇങ്ങിനെയെങ്കിൽ ഉമ്മൻ ചാണ്ടി കോൺഗ്രസിന്റെ അവസാന മുഖ്യമന്ത്രിയാകുമെന്ന മുന്നറിയിപ്പും ആര്യാടൻ നൽകിയിരുന്നു.
സംസ്ക്കാര സാഹിതി ചെയർമാനെന്നനിലയിൽ മൂന്നു വർഷം കൊണ്ട് സംസ്ഥാന വ്യാപകമായി തെരുവുനാടകങ്ങളുമായി 5 കലാജാഥകൾ നടത്തിയ ആര്യാടൻ ഷൗക്കത്ത് ഡി.സി.സി പ്രസിഡന്റായാൽ മലപ്പുറം ഡി.സി.സിക്ക് പുതു ജീവൻ ലഭിക്കുമെന്നും അത് ലീഗിന് തലവേദനയാകുമെന്ന ആശങ്കയാണ് ലീഗ് നേതൃത്വത്തിനുള്ളത്. നിലമ്പൂർ പഞ്ചായത്ത് പ്രസിഡന്റും നഗരസഭ ചെയർമാനുമായി മികച്ച പ്രവർത്തനം നടത്തി നിലമ്പൂരിനെ ദേശീയതലത്തിൽ ശ്രദ്ധാകേന്ദ്രമാക്കിയത് ഷൗക്കത്താണ്. സിനിമാതിരക്കഥാകൃത്തെന്ന നിലയിൽ പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തിൽ, വിലാപങ്ങൾക്കപ്പുറം എന്നീ മൂന്ന് സിനിമകൾക്ക് സംസ്ഥാന ദേശീയ അവാർഡ് ജേതാവ് കൂടിയാണ്. ബിജെപിക്കെതിരെ ശക്തമായ രാഷ്ട്രീയ ആക്രമണം നടത്തുന്ന ഷൗക്കത്തിന്റെ വർത്തമാനം സിനിമ ഇപ്പോൾ പ്രദർശനം തുടരുകയാണ്. മുസ്ലിം സമുദായത്തിലെ അനാചാരങ്ങൾക്കും വർഗീയതക്കുമെതിരെ ശക്തമായ നിലപാടെടുക്കുകയും സിനിമകളെടുക്കുകയും ചെയ്ത ഷൗക്കത്ത് അതേ രീതിയിൽ സംഘപരിവാർ അശയങ്ങളെയും എതിർക്കുന്നത് മുസ്ലിം ചെറുപ്പക്കാരുടെ പിന്തുണയും സ്വന്തമാക്കുമെന്ന ആശങ്ക മുസ്ലിം ലീഗിനുണ്ട്. ഈ ഭീതിയാണ് ആര്യാടൻ ഷൗക്കത്തിന്റെ ഡി.സി.സി പ്രസിഡന്റ് സ്ഥാനം തടയാൻ ലീഗ് നേതൃത്വം ചരടുവലിച്ചതിനു പിന്നിൽ.
സീറ്റ് ലഭിക്കാത്തതിന് തലമുണ്ടനം ചെയ്യാനും ആത്മഹത്യാഭീഷണി മുഴക്കാനും ഇല്ലെന്നും ഒരു സ്ഥാനം ലഭിച്ചില്ലെങ്കിലും സാധാരണ കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നുമുള്ള ആര്യാടൻ ഷൗക്കത്തിന്റെ പ്രസംഗം ആവേശത്തോടെയാണ് മലപ്പുറത്തെ ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർ സ്വാഗതം ചെയ്യുന്നത്. ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കുന്ന ഫോർമുലയെ തള്ളിപ്പറഞ്ഞ് മുൻ മന്ത്രി എ.പി അനിൽകുമാറിനൊപ്പം നിൽക്കുന്ന കെപിസിസി ജനറൽ സെക്രട്ടറി ഇ. മുഹമ്മദ്കുഞ്ഞി രംഗത്തെത്തിയപ്പോൾ അതിരൂക്ഷമായാണ് ജില്ലയിലെ എ ഗ്രൂപ്പ് നേതൃത്വം പ്രതികരിച്ചത്. പാർട്ടിയിൽ സ്ഥാനം ലഭിക്കാൻ വിവിധ ഹോട്ടലുകളിൽ ഗ്രൂപ്പ് യോഗം ചേർന്നത് മുഹമ്മദ് കുഞ്ഞിയെ ഓർമ്മിപ്പിച്ചാണ് ഡി.സി.സി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദും ട്രഷറർ വല്ലാഞ്ചിറ ഷൗക്കത്തലിയും വാർത്താസമ്മേളനം നടത്തിയത്. 15 വർഷം ഡി.സി.സി പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ മുഹമ്മദ്കുഞ്ഞിയെ തള്ളിപ്പറഞ്ഞ് ആര്യാടൻ ഷൗക്കത്ത് ഡി.സി.സി പ്രസിഡന്റാകുന്നതിനെ സ്വാഗതം ചെയ്യുകയും ചെയ്തു. എ.കെ ആന്റണിയും കെ.കരുണാകരന്റെ നോമിനിയായി വലയാർ രവിയും കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ ആന്റണിക്കൊപ്പം അടിയുറച്ച് നിന്ന ജില്ലയാണ് മലപ്പുറം. കോട്ടയം കഴിഞ്ഞാൽ എ വിഭാഗത്തിന് ശക്തമായ അടിത്തറയുള്ളതും മലപ്പുറത്താണ്.