മലപ്പുറം: കരിപ്പൂർ പുളിയംപറമ്പ് സ്വദേശി സൗദാബിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം സിദ്ധനെ കേന്ദ്രീകരിച്ച്. വീട്ടമ്മയും മൂന്നു പെൺമക്കളും വീടുവിട്ടിറങ്ങിയ ശേഷം തിരുവനന്തപുരം ബീമാപള്ളിക്കു സമീപത്തെ സിദ്ധന്റെ അടുത്ത അനുയായിയുടെ ഫ്ളാറ്റിലാണ് താമസിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. വീട്ടമ്മയുടെയും പെൺമക്കളുടെയും തിരോധാനവുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസ് ചോദ്യം ചെയ്യലിൽ തനിക്ക് ബന്ധമില്ലെന്ന് പറഞ്ഞിരുന്ന സിദ്ധനെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം.

സൗദാബിയെയും പെൺമക്കളെയും കണ്ടെത്തിയെങ്കിലും പൊലീസ് അന്വേഷണം തുടരുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ പുളിയംപറമ്പിലെ സിദ്ധനെ കുറിച്ച് ലഭിച്ചത് ഏറെ ദുരൂഹത നിറഞ്ഞ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. സൗദാബിയുടെ സഹോദരിമാരിൽ
നിന്ന് വിശ്വാസത്തെ ചൂഷണം ചെയ്ത് പള്ളിയുണ്ടാക്കാനെന്നു പറഞ്ഞ് ഭൂമി തട്ടിയെടുക്കുകയും സൗദാബിയുടെ 18 തികയാത്ത മകളെ വിവാഹം കഴിക്കാനായി നാടകങ്ങൾ മെനഞ്ഞുമായിരുന്നു സിദ്ധന്റെ 'ആത്മീയ ചികിത്സ'.

അബ്ദുറഹ്മാൻ മുത്തുകോയ തങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന സിദ്ധൻ കോഴിക്കോട് വെള്ളിമാട്കുന്നിനടുത്ത സ്വദേശിയാണ്. മൂന്ന് വർഷം മുമ്പ് മേലങ്ങാടിയിലെത്തി ചികിത്സ നടത്തി തുടങ്ങുകയായിരുന്നു 38 വയസ് പ്രായമുള്ള സിദ്ധൻ. ഇതിനിടെ ഒരു സ്ത്രീയുമായി ബന്ധപ്പെട്ട വിഷയത്തിൽ നാട്ടുകാർ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് ഇവിടെ നിന്നും താമസം മാറി. പിന്നീടാണ് പുളിയംപറമ്പിലേക്കെത്തുന്നത്. സ്ഥിരമായി അജ്മീറിൽ തീർത്ഥാടനത്തിനായി പോകാറുള്ള ഇയാൾ അവിടെ നിന്നും കൂടുതൽ ചികിത്സാ വിദ്യകൾ പഠിക്കുകയായിരുന്നു. ആത്മീയതയോടൊപ്പം പിതാവിൽ നിന്ന് പഠിച്ച പച്ചമരുന്ന് വിദ്യയും കൂടി പരീക്ഷിച്ചാണ് ജനങ്ങളെ ചികിത്സിച്ചിരുന്നത്.

പ്രവാചകൻ മുഹമ്മദ് നബിയുടെ സന്താന പരമ്പരയിൽപ്പെട്ടവരെയാണ് തങ്ങൾ അല്ലെങ്കിൽ സയ്യിദ് എന്ന് വിളിക്കുക. എന്നാൽ ഇയാൾ യഥാർത്ഥ തങ്ങൾ അല്ലെന്നും സ്വയം പ്രഖ്യാപിത തങ്ങളാണെന്നുമാണ് നാട്ടുകാരിൽ ചിലരും പൊലീസും പറയുന്നത്. താമസ സ്ഥലത്തോടു ചേർന്ന് സ്ഥിരമായുള്ള ആത്മീയ മജ്ലിസുകളും എല്ലാ മാസവും അജ്്മീറിലേക്കുള്ള തീർത്ഥാടന യാത്രയും സിദ്ധന്റെ നേതൃത്വത്തിൽ നടന്നു വരുന്നുണ്ട്. ചികിത്സയിലൂടെ സിദ്ധൻ നാട്ടുകാരുടെ അനുകമ്പ പിടിച്ചു പറ്റി. ഇതിനിടെ എല്ലാ രാഷ്ട്രീയക്കാരുടെയും മത വിഭാഗങ്ങളുടെയും പ്രിയപ്പെട്ടവനായി ഈ 'തങ്ങൾ' മാറിയിരുന്നു. ഇന്ന് നിരവധി സ്വത്തിന്റെയും ഭൂമിയുടെയും ഉടമയായി ഇയാൾ മാറി. ഭാര്യയും അഞ്ച് കുട്ടികളുമുണ്ട് അബ്ദുറഹ്മാൻ മുത്തുകോയ തങ്ങൾ എന്നറിയപ്പെടുന്ന സിദ്ധന്.

സൗദാബിയുടെ കുടുംബത്തിൽപ്പെട്ട നിരവധി പേർ സിദ്ധന്റെ സ്ഥിരം സന്ദർശകരും അനുയായികളുമായിരുന്നു. ഇത് ചൂഷണം ചെയ്താണ് ഇവരിൽ നിന്നും ഭൂമി തട്ടിയെടുത്തത്. സൗദാബിക്കും രണ്ട് സഹോദരിമാർക്കുമായി 11 സെന്റ് വീതം 33 സെന്റ് ഭൂമി കുടുംബ സ്വത്തായുണ്ട്. ഇതിൽ മൂന്നു പേരിൽ നിന്നായി അഞ്ച് സെന്റിന്റെ വില നൽകിയും 6 സെന്റ് വീതം പള്ളിയുണ്ടാക്കാനെന്ന് പറഞ്ഞും വാങ്ങി. എതിർപ്പില്ലാതെ ഇവർ രജിസ്റ്റർ ചെയ്തു കൊടുക്കുകയും ചെയ്തു. ഇതിൽ ഒരു സഹോദരി മൂന്ന് സെന്റ് അധികവും നൽകി. സിദ്ധനിലുള്ള അമിത വിശ്വാസവും ഭക്തിയുമായിരുന്നു ഇവരെ ഇത്തരത്തിൽ സ്വത്ത് നൽകാൻ പ്രേരിപ്പിച്ചത്. പള്ളി നിർമ്മാണം നടക്കാതായതോടെ സിദ്ധന്റെ തട്ടിപ്പാണിതെന്ന് മനസിലാക്കി കുടുംബങ്ങൾ ഇയാളുമായുള്ള ഇടപാട് നിർത്തി. എന്നാൽ സൗദാബി ബന്ധം തുടർന്നു.

സൗദാബിയുടെ അസുഖം സിദ്ധന്റെ ചികിത്സയിലൂടെ ഭേദമായതും പുതുതായി നിർമ്മിക്കുന്ന വീടിനോടു ചേർന്ന വെള്ളമില്ലാത്ത കിണറിൽ സിദ്ധന്റെ കർമ്മങ്ങളിലൂടെ വെള്ളം കണ്ടെത്തിയെന്നതും സൗദാബിക്ക് സിദ്ധനിലുള്ള വിശ്വാസം ഇരട്ടിച്ചു. ഇതോടെ സൗദാബി ഇയാളുടെ കടുത്ത അനുയായി ആയിമാറി. എന്തും പറഞ്ഞാൽ സൗദാബി കേൾക്കുമെന്നായപ്പോൾ 18 തികയാത്തെ മകളെ വിവാഹം കഴിക്കാനുള്ള താൽപര്യവും പ്രകടിപ്പിച്ചു. മകളെ റസൂൽ തനിക്ക് സ്വപ്നത്തിൽ കാണിച്ചു തന്നിട്ടുണ്ടെന്നായിരുന്നു സിദ്ധൻ പറഞ്ഞു വിശ്വസിപ്പിച്ചത്. ഇതുകേട്ടപ്പോൾ ഒന്നും നോക്കാതെ സമ്മതം നൽകിയെങ്കിലും കുടുംബത്തിലെ മറ്റുള്ളവരെല്ലാം എതിർത്തു.

ഇതോടെ സൗദാബിയും ഇതേ സ്വപ്നം കണ്ടുവെന്നു പറഞ്ഞു രംഗത്തെത്തി. ഇതും കുടുംബങ്ങൾ അംഗീകരിച്ചില്ല. സൗദാബി വീടുവിട്ടിറങ്ങി തിരിച്ചെത്തിയ ശേഷം പൊലീസും വീട്ടുകാരും ചോദിച്ചപ്പോഴാണ് താൻ അങ്ങിനെയൊരും സ്വപ്നം കണ്ടില്ലെന്ന് സൗദാബി തന്നെ സമ്മതിക്കുന്നത്. ഇവരുടെ അന്തമായ ഭക്തിയും പേടിയും സിദ്ധൻ ചൂഷണം ചെയ്യുകയായിരുന്നു. തന്റെ വാക്കു കേട്ടില്ലെങ്കിൽ കുടുംബം തകരുകയും സാമ്പത്തിക നഷ്ടങ്ങളടക്കം ഉണ്ടാകുമെന്നുമാണ് സുദ്ധൻ യുവതിയെ പറഞ്ഞു പേടിപ്പിച്ചിരുന്നത്.

ഈ സംഭവങ്ങളോട് സിദ്ധനിൽ വിശ്വാസമുണ്ടായിരുന്ന പ്രവാസിയായ ഭർത്താവ് മുഹമ്മദ് ബഷീറും സിദ്ധന്റെ തട്ടിപ്പ് തിരിച്ചറിഞ്ഞു. ഇവരുടെ പ്ലസ്ടു വിദ്യാർത്ഥിയായ മകളെ വിവാഹം കഴിക്കുകയായിരുന്നു സിദ്ധെന്റ ലക്ഷ്യം. എന്നാൽ ഇതിനെ എല്ലാവരും എതിർത്തതോടെ വെടക്കാക്കി തനിക്കാക്കുക എന്ന നിലപാട് സിദ്ധൻ സ്വീകരിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള നാടകങ്ങളായിരുന്നു. അതിന്റെ ഭാഗമായാണ് സൗദാബിയുടെയും മൂന്ന് കുട്ടികളുടെയും തിരോധാനമെന്നാണ് പൊലീസ് സംശയിക്കുന്നത്. സിദ്ധനെയും ഇയാളുടെ ബിനാമികളായി പ്രവർത്തിക്കുന്ന ഏതാനും പേരെയും കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. അന്വേഷണം പൂർത്തിയാകുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് കരിപ്പൂർ എസ്‌ഐ കെ.ബി ഹരികൃഷ്ണൻ മറുനാടൻ മലയാളിയോടു
പറഞ്ഞു.