- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂർ വിമാനത്താവളം നിശ്ചലമാക്കാൻ ശ്രമങ്ങൾ സജീവമെന്ന് ആരോപണം; പിന്നിൽ സ്വകാര്യ ലോബിയും ഉദ്യോഗസ്ഥരും; വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയരുന്നു; മലബാറിന്റെ വികസന സ്വപ്നങ്ങളുടെ ചിറകരിയാനുള്ള ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കണമെന്നും ആഹ്വാനം
മലപ്പുറം: മോശം കാലാവസ്ഥയാണ് കരിപ്പൂരിലെ വിമാന അപകടത്തിന് കാരണമായതെന്ന വിദഗ്ധരുടെ വെളിപ്പെടുത്തലിന് ശേഷവും നടക്കുന്നത് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ നിശ്ചലമാക്കാനുള്ള ഗൂഢനീക്കങ്ങൾ. അപകടത്തിനു പിന്നാലെ വലിയ വിമാനങ്ങളുടെ സർവീസിനു കോഴിക്കോട്ട് താൽക്കാലിക വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സർവീസുകൾ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ സജീവമായത്. കരിപ്പൂർ വിമാനത്താവളത്തെ നിശ്ചലമാക്കാനുള്ള ശ്രമങ്ങൾക്കെതിരെ വിവിധ കോണുകളിൽ നിന്നും ശക്തമായ എതിർപ്പ് ഉയർന്ന് കഴിഞ്ഞു. കരിപ്പൂരിന് എതിരായ നീക്കത്തിന് പിന്നിൽ സ്വകാര്യ ലോബിയും ഉദ്യോഗസ്ഥ വൃന്ദവുമാണെന്നാണ് പ്രധാന ആരോപണം. അസൗകര്യങ്ങളാണ് അപകടത്തിന്റെ കാരണമെന്നു വരുത്തിത്തീർക്കാനും അതുവഴി കോഴിക്കോടിന്റെ വികസന സ്വപ്നങ്ങൾ തകർക്കാനും ഒരു വിഭാഗം ശ്രമിക്കുന്നതായാണ് ആക്ഷേപം.
ഓഗസ്റ്റ് 7ന് രാത്രിയിലാണ് കരിപ്പൂർ എയർപോർട്ട് എന്നറിയപ്പെടുന്ന കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങിയ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം റൺവേയിൽ നിന്നും തെന്നി മാറി 35 അടി താഴേക്ക് വീണ് അപകടമുണ്ടായത്. 177 യാത്രക്കാർ ഉൾപ്പെടെ 190 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിന്റെ പൈലറ്റും സഹപൈലറ്റും കുഞ്ഞുങ്ങളും ഉൾപ്പെടെ 18 പേർ അപകടത്തിൽ മരിച്ചു.
അപകടത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് വിമാനത്താവളം അടച്ചിടണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതിയിൽ എത്തിയിട്ടുണ്ട്. എറണാകുളം സ്വദേശിയായ അഭിഭാഷകൻ യശ്വന്ത് ഷേണായിയാണു ഹർജി സമർപ്പിച്ചത്. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വരുന്നതിനു മുൻപേ വിമാനത്താവളം അടച്ചിടാൻ ആവശ്യപ്പെടുന്നതിനു പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നാണു പ്രവാസികളും പ്രദേശവാസികളും ജനപ്രതിനിധികളും പറയുന്നത്.
കോഴിക്കോട്ടെ റൺവേ വലിയ വിമാനങ്ങൾക്കു സർവീസ് നടത്താൻ സജ്ജമാണെന്ന പഠന റിപ്പോർട്ടുകൾ അവഗണിച്ചാണു ഡിജിസിഎ നടപടിയെടുത്തത്. അപകടത്തിൽപെട്ടതു താരതമ്യേന ചെറിയ വിമാനമാണ് എന്നതും വിലക്കേർപ്പെടുന്ന വിഷയത്തിൽ അധികൃതർ പരിഗണിച്ചില്ല. കോഴിക്കോട്ടെ ടേബിൾ ടോപ് റൺവേ അല്ല അപകട കാരണമെന്നു കേന്ദ്ര വ്യോമയാന മന്ത്രി അടക്കം നിലപാട് എടുത്തിരുന്നു. മോശം കാലാവസ്ഥ ദുരന്തത്തിനു വഴിവച്ചതായി വ്യോമയാന മേഖലയിലെ വിദഗ്ധരും വെളിപ്പെടുത്തിയിരുന്നു. റൺവേ ബലപ്പെടുത്തലും റിസ നവീകരണവും അടക്കം ഡിജിസിഎ നിർദ്ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കോഴിക്കോട്ട് പാലിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തലുണ്ടായി.
1988 ഏപ്രിൽ 13-നാണ് കരിപ്പൂർ എയർപോർട്ട് പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ ബോംബെയിലേക്ക് മാത്രമായിരുന്നു സർവീസ്. 1992 ഏപ്രിൽ 23-നാണ് ആദ്യ അന്താരാഷ്ട്ര സർവീസ് തുടങ്ങിയത്. ഷാർജയിലേക്ക് എയർ ഇന്ത്യയാണ് ആദ്യഅന്താരാഷ്ട്ര സർവീസ് നടത്തിയത്. 2006 ഫെബ്രുവരി 2-ന് കരിപ്പൂർ വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിക്കുകയും ചെയ്തു. സമുദ്രനിരപ്പിൽ നിന്ന് 104 മീറ്റർ ഉയരത്തിൽ ടേബിൾ ടോപ്പ് റൺവേയുള്ള വിമാനത്താവളമാണ് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം. എന്നാൽ 2015 ൽ കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവെ വികസനത്തിനായി മെയ് 1 ന് വലിയ വിമാനങ്ങളുടെ സർവ്വീസ് നിർത്തിവെച്ചു. തുടർന്ന് 2018 ഡിസംബറിലാണ് വീണ്ടും വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കുന്നത്.
നിലവിൽ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ പ്രവർത്തിക്കുന്ന കോഴിക്കോട് എയർപോർട്ടിന്റെ റൺവേയ്ക്ക് വലിയ വിമാനങ്ങൾ വന്നിറങ്ങുന്നതിനുള്ള നീളമില്ലെന്നതാണ് പ്രധാനവിമർശനം. റൺവെ നവീകരണത്തിനായി തദ്ദേശവാസികളിൽ നിന്ന് സ്ഥലം ഏറ്റെടുക്കുന്നതിനായി ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഇതിന് പുറമെ റൺവേയിൽ വെള്ളം കെട്ടികിടക്കുന്നതും റൺവെയിൽ വിമാനത്തിന്റെ ടയർ ഉരഞ്ഞ് അടിഞ്ഞുകിടക്കുന്ന റബ്ബർ നിക്ഷേപവും ഉൾപ്പെടെ 2,860 മീറ്റർ റൺവേയിൽ ഗുരുതരമായ പ്രശ്‌നങ്ങൾ കഴിഞ്ഞ വർഷം നടത്തിയ പരിശോധനയിൽ ഡി.ജി.സി.എ കണ്ടെത്തുകയും എയർപോർട്ട് ഡയറക്ടർക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
റൺവേയിൽ വിള്ളലുകളുണ്ടെന്നും അനുവദനീയമല്ലാത്ത ചെരിവുണ്ടെന്നും കണ്ടെത്തിയിരുന്നു. തുടർന്ന് റൺവേ അറ്റകുറ്റപ്പണിയും നടത്തിയിരുന്നു. അതേസമയം റൺവേയുടെ ഇരുവശങ്ങളിലുമായി 100 മീറ്റർ സ്ഥലം നിർബന്ധമായി വേണമെന്നാണ് വ്യവസ്ഥ. എന്നാൽ, കരിപ്പൂരിൽ ഇത് 75 മീറ്റർ മാത്രമാണ് നിലവിലുള്ളത്.
അപകീർത്തിപ്പെടുത്താൻ ഉദ്യോഗസ്ഥ ലോബിയുടെ ശ്രമം: കെഎംസിസി
കോട്ടയ്ക്കൽ∙ വിമാന അപകടത്തിന്റെ മറവിൽ കോഴിക്കോട് വിമാനത്താവളത്തെ അപകീർത്തിപ്പെടുത്താൻ ഉദ്യോഗസ്ഥരുടെ ലോബി ഊർജിതമായി ശ്രമിക്കുന്നതായി യുഎസ്എ, കാനഡ കെഎംസിസി കമ്മിറ്റികൾ. ഈ സംഘം കാലങ്ങളായി വിമാനത്താവളത്തിന് എതിരായാണു പ്രവർത്തിക്കുന്നത്. വിമാനത്താവളം അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ ഹൈക്കോടതിയെ സമീപിച്ചതിനു പിറകിൽ ഈ ഉദ്യോഗസ്ഥരുടെ പങ്കുണ്ടോ എന്നു സംശയിക്കുന്നു. ഈ നീക്കത്തെ എതിർത്തു തോൽപിക്കാൻ കെഎംസിസി നിയമ പോരാട്ടം നടത്തുമെന്ന് യുഎസ്എ കെഎംസിസി പ്രസിഡന്റ് യു.എ.നസീർ, കാനഡ കെഎംസിസി കൺവീനർ വി.അബ്ദുൽ വാഹിദ് എന്നിവർ പറഞ്ഞു.
വിമാനത്താവളം സംരക്ഷിക്കുന്ന നടപടിയാണ് വേണ്ടത്: പി.കെ.കുഞ്ഞാലിക്കുട്ടി എംപി
എന്തെങ്കിലും കാരണമുണ്ടാക്കി കോഴിക്കോട് വിമാനത്താവളത്തെ തകർക്കാനുള്ള ക്യാംപെയ്നുകൾ നടക്കുന്നതു പതിവായിരിക്കുകയാണ്. അസാധാരണ സാഹചര്യത്തിലാണു ദൗർഭാഗ്യകരമായ ദുരന്തമുണ്ടായത്. 35 വർഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു അപകടം. അതിന്റെ കാരണങ്ങൾ കണ്ടെത്തി തിരുത്തുകയാണ് വേണ്ടത്. രാജ്യത്തിന് ഏറ്റവും അധികം വരുമാനമുണ്ടാക്കിക്കൊടുക്കുന്ന വിമാനത്താവളമാണ് ഇതെന്ന കാര്യം പാർലമെന്റിൽ ഉന്നയിക്കും. വിമാനത്താവളം സംരക്ഷിക്കുന്ന നടപടിയാണ് വേണ്ടത്. - പി.കെ.കുഞ്ഞാലിക്കുട്ടി എംപി
വികസനം മുടക്കുന്നത് ജനങ്ങളല്ല: ടി.വി.ഇബ്രാഹിം എംഎൽഎ
എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചുകൊണ്ടു മുന്നോട്ടു പോകുന്ന വിമാനത്താവളമാണ് കോഴിക്കോട്ടേത്. രാജ്യത്തെ മറ്റു പല വിമാനത്താവളങ്ങളിലെയും റൺവേയെക്കാൾ ബലമുള്ളതാണ് ഇവിടുത്തെ റൺവേ. വിമാനത്താവളത്തിന്റെ വികസനം ജനങ്ങൾ തടസ്സപ്പെടുത്തുന്നു എന്ന രീതിയിലുള്ള പ്രചാരണവും ശരിയല്ല. ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടാണു മുന്നോട്ടു പോകേണ്ടത്. - ടി.വി.ഇബ്രാഹിം എംഎൽഎ
66 ഏക്കർ ഭൂമി കൈവശമുണ്ട്
അപകടത്തിനു പിന്നാലെ റൺവേക്കു നീളക്കുറവുണ്ടെന്നു പറയുന്നതു വിമാനത്താവളത്തിനെതിരെയുള്ള ഗൂഢാലോചനയാണ്. റൺവേയുടെ നീളം 1660 മീറ്റർ ഉണ്ടെങ്കിൽ തന്നെ കോഡ് ഇ ശ്രേണിയിൽപെട്ട വലിയ വിമാനങ്ങൾക്കു സർവീസ് നടത്താനാകും. റൺവേയുടെ നീളം ഇനിയും കൂട്ടണമെങ്കിൽ കിഴക്കേ അറ്റത്ത് 66 ഏക്കർ ഭൂമി എയർപോർട്ട് അഥോറിറ്റിയുടെ കൈവശമുണ്ട്.- ചുക്കാൻ ബിച്ചു (ചെയർമാൻ, എയർപോർട്ട് കുടിയൊഴിപ്പിക്കൽ വിരുദ്ധ സമിതി)
പിന്നിൽ സ്വകാര്യ ലോബി
എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണു വിമാനത്താവളം പ്രവർത്തിക്കുന്നത്. സാഹചര്യങ്ങൾ ഇതായിരിക്കെ, വിമാനത്താവളം അടച്ചു പൂട്ടണമെന്നു പറയുന്നതിന്റെ ഔചിത്യം മനസ്സിലാകുന്നില്ല. വിമാനത്താവളത്തിൽ നിലവിൽ ഏകദേശം 2500 ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. വിമാനത്താവളം അടച്ചുപൂട്ടിക്കാനുള്ള നീക്കത്തിനു പിന്നിൽ സ്വകാര്യ ലോബിയുണ്ട്. - പി.വി.ശോഭൻ (സെക്രട്ടറി, കാലിക്കറ്റ് എയർപോർട്ട് എംപ്ലോയീസ് യൂണിയൻ)
പൊന്മുട്ടയിടുന്ന താറാവ്
രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്തു എട്ടാം സ്ഥാനത്താണ് കോഴിക്കോട് വിമാനത്താവളം. എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ നേരിട്ടു നടത്തുന്ന പൊതുമേഖല വിമാനത്താവളങ്ങളിൽ മൂന്നാം സ്ഥാനത്തുമാണ്. പ്രതിവർഷം 35 ലക്ഷം യാത്രക്കാരുള്ള, 125 കോടി രൂപയിലേറെ കേന്ദ്ര സർക്കാരിനു പ്രതിവർഷം ലാഭം നൽകുന്ന സ്ഥാപനം. ഇവിടെ വലിയ വിമാന സർവീസ് നിർത്തലാക്കാനുള്ള ഒരു കാരണത്തിനായി അധികൃതർ കാത്തിരുന്ന പോലെയാണു ഇപ്പോൾ തോന്നുന്നത്. - എം.കെ.രാഘവൻ എംപി
നാടിന്റെ സാമ്പത്തിക സ്രോതസ്സ്
കോഴിക്കോട് വിമാനത്താവളം മലബാറിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ പ്രധാന സാമ്പത്തിക സ്രോതസ്സാണ്. കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ ജില്ലകളിൽനിന്നുള്ള ഒട്ടേറെ സംരംഭകർ എയർപോർട്ടുമായി ബന്ധപ്പെട്ടിരിക്കുന്നു. നാടിന്റെ വികസന മുഖമായ വിമാനത്താവളത്തെ തകർക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നതു യാഥാർഥ്യമാണ്. അതിനെ അതിജീവിക്കുകതന്നെ ചെയ്യും.- പി.മിഥുന (പ്രസിഡന്റ്, പള്ളിക്കൽ പഞ്ചായത്ത്)
ഒറ്റക്കെട്ടായി എതിർക്കും
കോഴിക്കോട് വിമാനത്താവളം വലിയൊരു തൊഴിൽ ദാതാവുകൂടിയാണ്. കച്ചവടക്കാർ, ടാക്സി ജീവനക്കാർ, കരാർ തൊഴിലാളികൾ തുടങ്ങി ഒട്ടേറെ പേർ ഇതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നുണ്ട്. വിമാനത്താവളത്തെ ഇല്ലാതാക്കാനുള്ള ഏതു ശ്രമത്തെയും ഒറ്റക്കെട്ടായി എതിർക്കും. വിമാനത്താവളത്തിനു വേണ്ടി ഒന്നിച്ചു നിൽക്കും.- കെ.കെ.അബ്ദുൽ റഫീഖ്(വർക്കിങ് പ്രസിഡന്റ്, കാലിക്കറ്റ് എയർപോർട്ട് കോൺട്രാക്ട് എംപ്ലോയീസ് യൂണിയൻ)
അപകട കാരണം റൺവേയല്ല
ചെറിയ വിമാനം അപകടത്തിൽപെട്ടതിനു കാരണം ടേബിൾടോപ് റൺവേയല്ല. എന്നിട്ടും വലിയ വിമാന സർവീസുകൾ നിർത്തിയത് അംഗീകരിക്കാനാകില്ല. സമാന അപകടം മറ്റ് ഏതു ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിൽ നടന്നാലും വിമാനം തകരും. കഴിഞ്ഞ പ്രളയകാലത്തുപോലും വലിയ വിമാനങ്ങൾ കരിപ്പൂരിൽ ഇറങ്ങിയിട്ടുണ്ട്.- കെ.എം.ബഷീർ (ചെയർമാൻ, മലബാർ ഡവലപ്മെന്റ് ഫോറം)
തകർക്കാൻ ആസൂത്രിത ശ്രമം
അപകടത്തിന്റെ മറവിൽ വിമാനത്താവളത്തെ തകർക്കാനുള്ള ആസൂത്രിത ശ്രമത്തെ ഒറ്റക്കെട്ടായി നേരിടും. നേരത്തേ ഇതിനായി ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചിരുന്നവർ ഇപ്പോൾ ഒരുമിച്ചു രംഗത്തുവന്നിട്ടുണ്ട്. അടിസ്ഥാനരഹിതവും ദുർബലവുമായ വാദങ്ങൾ ഉയർത്തി വിഷയം കൂടുതൽ സങ്കീർണമാക്കാനാണു പുതിയ ശ്രമം. ഡിജിസിഎ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളെല്ലാം കരിപ്പൂരിൽ സജ്ജമാണ്. -പി.അബ്ദുൽ ഹമീദ് എംഎൽഎ
ടേബിൾ ടോപ്പ് വിമാനത്താവളം
ഒരു മേശയുടെ മുകളിലെ പ്രതലം പോലെ ചുറ്റുപാടിൽ നിന്ന് ഉയർന്ന് നിൽക്കുന്ന റൺവെ ഉള്ള വിമാനത്താവളങ്ങളെയാണ് ടേബിൾ ടോപ്പ് വിമാനത്താവളം എന്ന് പറയുന്നത്. കുന്നിന്മുകളിലെ ഭൂമി നിരത്തിയെടുത്തുണ്ടാക്കുന്ന ഇത്തരം റൺവേകൾക്ക് നാല് ഭാഗത്തുമുള്ള പ്രദേശം താഴ്ചയുള്ള സ്ഥലമായിരിക്കും. ഇന്ത്യയിൽ മംഗലാപുരം, കോഴിക്കോട്, മിസ്സോറാമിലെ ലെങ്‌പൊയി എന്നിവിടങ്ങളിൽ മാത്രമാണ് ഇത്തരത്തിലുള്ള വിമാനത്താവളങ്ങളുള്ളത്. കണ്ണൂർ വിമാനത്താവളത്തിന്റെ ഒരു ഭാഗവും സാങ്കേതികമായി ടേബിൾ ടോപ്പ് വിമാനത്താവളമെന്ന് പറയാം.
മറുനാടന് ഡെസ്ക്