- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ എസ്.ഡി.പിഐ സ്ഥാനാർത്ഥിയായി ദേശീയ ജനറൽ സെക്രട്ടറി ഡോ.തസ്ലിം റഹ്മാനി മൽസരിക്കും; പി കെ കുഞ്ഞാലിക്കുട്ടി ഡൽഹിയിൽ നിന്നും ഒളിച്ചോടിയത് ഫാഷിസം ഏറ്റവും അപകടകരമായ രീതിയിൽ രാജ്യത്തെ വിഴുങ്ങാൻ തയ്യാറായി നിൽക്കുമ്പോൾ; ലീഗിന്റേത് വഞ്ചനാപരമായ നിലപാടെന്ന് വിമർശനം
മലപ്പുറം: കുഞ്ഞാലിക്കുട്ടിയുടെ രാജിയിൽ പ്രതിഷേധിച്ച് മലപ്പുറം ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡോ.തസ്ലിം റഹ്മാനി മൽസരിക്കുമെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബൈ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പാർലമെന്റിൽ ഫാഷിസത്തിനെതിരായ പ്രതിരോധം സൃഷ്ടിക്കാൻ ജനങ്ങളുടെ പിന്തുണ വാങ്ങി വണ്ടികയറിയ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഫാഷിസം ഏറ്റവും അപകടകരമായ രീതിയിൽ രാജ്യത്തെ വിഴുങ്ങാൻ തയ്യാറായി നിൽക്കുമ്പോൾ രാജിവെച്ച് സുരക്ഷിത താവളം തേടി മടങ്ങി വന്നതുമൂലമാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായിരിക്കുന്നത്. ഇവിടെ രണ്ടു കാര്യങ്ങളാണ് കുഞ്ഞാലിക്കുട്ടി ജനങ്ങളെ ബോധ്യപ്പെടുത്തുന്നത്. ഒന്നാമതായി, ഫാഷിസത്തെ പ്രതിരോധിക്കാനുള്ള കരുത്ത് തനിക്കും പാർട്ടിക്കുമില്ല. മറ്റൊന്ന് ഫാഷിസത്തെ പ്രതിരോധിക്കുന്നതിനേക്കാൾ തനിക്കും പാർട്ടിക്കും അനിവാര്യമായത് അധികാരമാണ് എന്നതാണ്.
മതേതരത്വവും ജനാധിപത്യവും ഏറ്റവും അപകടകരമായ സന്ദർഭമാണിത്. ന്യൂനപക്ഷ, ദലിത് വിഭാഗങ്ങൾ കൂടുതൽ ഭീഷണി നേരിടുകയാണ്. ഈ സന്ദർഭത്തിൽ പാർട്ടിയുടെ ഏറ്റവും ശക്തനായ നേതാവ് പാർലമെന്റിൽ നിന്നുകൊണ്ട് അതിനെ നേരിടുന്നതിനു പകരം അധികാരം തേടി സ്ഥാനം വിട്ടൊഴിഞ്ഞു പോന്നു എന്നത് ഭീരുത്വവും പിന്നാക്ക ജനതയോടുള്ള വഞ്ചനയുമാണ്. ഈ മണ്ഡലത്തിൽ ഇനി എന്തു വാഗ്ദാനമാണ് ലീഗിനും യുഡിഎഫിനും ജനങ്ങളുടെ മുമ്പിൽ വെക്കാനുള്ളത്. സ്വന്തത്തെ സേവിക്കാൻ ഇനിയും ഒരവസരം ജനങ്ങൾ നൽകേണ്ടതുണ്ടോ എന്നു ചിന്തിക്കണം.
രാജ്യം അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ബിജെപി സർക്കാരിന്റെ വികലമായ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഫലമായി രാജ്യത്തിന്റെ സമ്പദ്ഘടന തകർന്നടിച്ചിരിക്കുന്നു. തൊഴിലില്ലായ്മ രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും ഉയർന്ന നിരക്കിലാണ്. ജിഡിപി കൂപ്പുകുത്തി. ഇന്ധന വില അനിയന്ത്രിതമായി വർധിപ്പിക്കുന്നു. അതുവഴി നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നു. എൽപിജി വിലയും അനുദിനം വർധിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 125 രൂപ വർധിപ്പിച്ചു. സബ്സിഡി നിർത്തലാക്കിയിട്ട് ഒരു വർഷമാവുന്നു.
രാജ്യം കടുത്ത പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും പോയിക്കൊണ്ടിരിക്കുമ്പോൾ വർഗീയതയും മതവിദ്വേഷവും പ്രചരിപ്പിച്ച് ജനങ്ങളെ വിഭജിച്ചും തമ്മിലടിപ്പിച്ചും പ്രതിഷേധം വഴിതിരിച്ചു വിടുന്നു. ജനങ്ങളുടെ പട്ടിണിയേക്കാൾ സർക്കാരിന് ശ്രദ്ധ കോർപ്പറേറ്റുകളുടെ നേട്ടത്തിലാണ്. രാജ്യം നേരിടുന്ന ഗുരുതര പ്രതിസന്ധിയിൽ ഫാഷിസത്തിനെതിരേ പരിമിതിയില്ലാത്ത പ്രതിരോധം തീർക്കാൻ പ്രതിജ്ഞാബദ്ധമായ പാർട്ടിയാണ് എസ്.ഡി.പി.ഐ. വംശീയതയിലധിഷ്ടിതമായ പൗരത്വ ബിൽ ബിജെപി സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച അന്നു തന്നെ പാർലമെന്റിനു മുമ്പിൽ ബിൽ കീറിയെറിഞ്ഞ് പൗരത്വ പ്രക്ഷോഭങ്ങൾക്ക് രാജ്യത്ത് തുടക്കം കുറിച്ച ജനകീയ നായകൻ ഡോ. തസ്ലിം റഹ്മാനിയെയാണ് മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ എസ്.ഡി.പി.ഐ മൽസരിപ്പിക്കുന്നത്.വാർത്താസമ്മേളനത്തിൽ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി, മലപ്പുറം ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് എന്നിവർ സംബന്ധിച്ചു.