മലപ്പുറം: താനൂരിൽ യുവാവിനെ കഴുത്തറുത്തുകൊലപ്പെടുത്തിയതിന് പിന്നിൽ കുടുംബ വഴക്കോ? കുട്ടിയുടെ മൊഴിയിൽ നിഗമനത്തിലെത്താനാകാതെ പൊലീസ്. ഭാര്യ സൗജത്തിനെയും മക്കളായ സജാദ്, ഷർജ ഷെറി, ഷംസ ഷെറി, സജ്‌ല ഷെറി എന്നിവരെയും കസ്റ്റഡിയിലെടുത്ത് പൊലീസ് മൊഴി ശേഖരിച്ചു വരികയാണ്. പ്രതിയെ കുറിച്ചുള്ള സൂചന പൊലീസിനു ലഭിച്ചെങ്കിലും പോസ്റ്റ് മോർട്ടം റിപ്പോർട്ടിനു ശേഷം ശാസ്ത്രീയ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് നീക്കം. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

താനൂർ അഞ്ചുടി സ്വദേശി പൗറകത്ത് കമ്മുവിന്റെ മകൻ സവാദി(38)നെയാണ് തെയ്യാല ഓമച്ചപ്പുഴ റോഡിലെ വാടക ക്വാർട്ടേഴ്‌സിൽ ഇന്ന് പുലർച്ചെ കഴുത്തറുത്തുകൊല്ലപ്പെട്ട നിലയിൽ കണ്ടത്. ബുധനാഴ്ച അർദ്ധരാത്രിയോടെ ഇളയ മകളുമായി കോർട്ടേഴ്‌സിന്റെ മുൻ വശത്തെ വരാന്തയിലാണ് സവാദ് ഉറങ്ങാൻ കിടന്നത്. പുലർച്ചെ രണ്ടോടെയാണ് ചോരയിൽ കുളിച്ച നിലയിൽ സവാദിനെ കണ്ടത്. സംഭവത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ ഉറപ്പിച്ചു പറയുന്നു.

താനൂർ അഞ്ചുടി സ്വദേശിയായ സവാദും കുടുംബവും ഒരു വർഷം മുമ്പാണ് തെയ്യാലയിലെ കോർട്ടേഴ്‌സിൽ താമസിക്കാനെത്തുന്നത്. രണ്ട് പേരും സ്ഥിരമായി വഴക്കിലേർപ്പെട്ടിരുന്നതായി സമീപവാസികൾ പറഞ്ഞു. ഭാര്യയുടെ വഴിവിട്ട ബന്ധമാണ് പലപ്പോഴും വഴക്കിന് ഇടയാക്കിയതെന്ന് ഇവർ പറഞ്ഞു. സംശയവും കുടുംബവഴക്കും പതിവാക്കുകയാണെങ്കിൽ രണ്ടു വീട്ടുകാരുമായും സംസാരിച്ച് വേണ്ട പരിഹാരം കാണണമെന്നും സമീപവാസികൾ നിർദേശിച്ചിരുന്നു. എന്നാൽ സവാദിന്റെ കൊലപാതകം ഞെട്ടലോടെയാണ് അയൽവാസികൾ ഉൾക്കൊണ്ടത്.

രണ്ട് പെൺമക്കളും രണ്ട് ആൺമക്കളുമുള്ള സവാദ് മത്സ്യ ബന്ധനം നടത്തിയാണ് കുടുംബം പുലർത്തിയിരുന്നത്. ഇന്നലെയും മത്സ്യബന്ധന ജോലിക്കു പോയിരുന്നതായി നാട്ടുകാർ പറഞ്ഞു. ജോലി കഴിഞ്ഞെത്തിയ സവാദ് പതിവുപോലെ ഭക്ഷണം കഴിച്ച് ഇളയകുട്ടിയുമായി വരാന്തയിൽ ഉറങ്ങാൻ കിടന്നു. വരാന്തക്കു പുറത്തെ ഗ്രില്ല് പൂട്ടിയിരുന്നു. പുലർച്ചെ രണ്ടു മണിക്കു ശേഷമാണ് വിവരം ഭാര്യ സമീപവാസികളെയും ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും അറിയിക്കുന്നത്.

കറുത്ത ഷർട്ടിട്ട ഒരാൾ ഓടിപ്പോകുന്നതായി കണ്ടെന്ന് ഇളയ മകൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഇയാൾ എങ്ങിനെ അകത്തെത്തിയെന്ന ചോദ്യമാണ് പിന്നീട് ബാക്കിയാകുന്നത്. കൃത്യം നിർവഹിച്ചയാൾ പിറകുവശത്തെ വാതിൽ തുറന്നാണ് അകത്തു കയറിയെന്നാണ് സമീപവാസികൾ പറയുന്നത്. പൊലീസ് കസ്റ്റഡിയിലുള്ള സവാദിന്റെ ഭാര്യ സൗജത്ത് ചോദ്യം ചെയ്യലിൽ മറുപടിയൊന്നും പറയുന്നില്ല. ഉച്ചത്തിൽ നിലവിളിക്കുകയാണ് ഇവരെന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ മൊഴിയനുസരിച്ച് കറുത്ത ഷർട്ടിട്ട് അസമയത്ത് എത്തിയ ആൾ ആരാണെന്നും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സൗജത്തിനെ വിശദമായി ചോദ്യം ചെയ്താൽ മാത്രമെ കൂടുതൽ വ്യക്തത വരികയുള്ളൂ. നാട്ടിലും സോഷ്യൽ മീഡിയയിലും പല തരത്തിലുള്ള പ്രചാരണങ്ങളും കൊലപാതകവുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. ശാസ്ത്രീയ പരിശോധനകളുടെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലായിരിക്കും അന്വേഷണം മുന്നോട്ടു കൊണ്ടു പോകുകയെന്ന് താനൂർ സിഐ എംഐ ഷാജി മറുനാടൻ മലയാളിയോടു പറഞ്ഞു.

തിരൂർ ഡിവൈഎസ്‌പി ബിജുഭാസ്‌കർ, താനൂർ സിഐ എംഐ ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
മയക്കി കിടത്തിയ ശേഷമാണ് കൃത്യം നടത്തിയതെന്നാണ് സംശയിക്കുന്നത്. തലയിൽ ഗുരുതരമായ പരിക്കും കണ്ടെത്തിയിട്ടുണ്ട്. കഴുത്തറുത്ത നിലയിലായിരുന്നു സവാദിന്റെ മൃതദേഹം.