മലപ്പുറം: ഗൾഫുകാരനായ കാമുകനുമായുള്ള ബന്ധത്തിന് തടസം നിന്നതിനാണ് താനൂരിൽ യുവാവിനെ ഭാര്യയുടെ ഒത്താശയോടെ കാമുകൻ കഴുത്തറത്തുകൊന്നത്. താനൂർ തെയ്യാല അഞ്ചുടി സ്വദേശി പൗറകത്ത് സവാദി(40)നെയാണ് ഇന്നലെ രാത്രി വാടക ക്വാർട്ടേഴ്സിൽ വച്ച് കഴുത്തറുത്തുകൊല ചെയ്തത്. സംഭവത്തിൽ സവാദിന്റെ ഭാര്യ സൗജത്തിനെ താനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൊല ചെയ്തുവെന്നു പറയപ്പെടുന്ന ഇവരുടെ കാമുകനായ അയൽവാസിയുടെ സഹായിയും അറസ്റ്റിലായിട്ടുണ്ട്. കാസർഗോഡ് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

ഇന്നലെ പുലർച്ചെ ഒരുമണിയോടുകൂടിയായിരുന്നു കൊലപാതകം. മൂത്ത മകൾക്കൊപ്പം വരാന്തയിൽ ഉറങ്ങുകയായിരുന്നു. രാത്രി വൈദ്യുതി പോയത് കാരണം ഇരുവരും ഗ്രില്ലിട്ട വരാന്തയിൽ വാതിൽ പൂട്ടി കിടക്കുകയായിരുന്നു. 12മണിക്കും ഒന്നരയ്ക്കുമിടയിൽ മുഖത്തേക്ക് രക്തം തെറിച്ചപ്പോൾ മകൾ ഞെട്ടിയുണർന്നു നോക്കുമ്പോൾ സവാദ് രക്തത്തിൽ കിടന്നു പിടയുന്ന കാഴ്ചയാണ് കണ്ടത്. ഭയന്ന് നിലവിളിച്ചതോടെ സൗജത്ത് ഓടിയെത്തുകയും നാട്ടുകാരെ വിളിച്ചുണർത്തി സംഭവം അറിയിക്കുകയുമായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് താനൂർ പൊലീസ് സ്ഥലത്തെത്തി. സവാദിന്റെ കഴുത്ത് മുറിഞ്ഞ നിലയിലും ശരീരത്തിൽ കത്തികൊണ്ട് വരഞ്ഞ അടയാളങ്ങളും കാണപ്പെട്ടിട്ടുണ്ട്. തലയ്ക്ക് മരക്കഷ്ണമോ മറ്റ് ആയുധമോ ഉപയോഗിച്ച് അടിച്ചതിന്റെ മുറിവ് പൊലീസ് കണ്ടെത്തി.

പൊലീസിന്റെ അന്വേഷണത്തിനിടെകറുത്ത വസ്ത്രം ധരിച്ച ഒരാൾ ഓടിപ്പോവുന്നത് കണ്ടതായി കുട്ടി പൊലീസിന് മൊഴിനൽകി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഭാര്യ സൗജത്തിനെ പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നെങ്കിലും വൈകീട്ട് ഏഴ് മണിയോടെ താനൂർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സ്ഥിരമായി ഗൾഫ് നമ്പരിൽ നിന്നും വന്ന കോൾ ശ്രദ്ധയിൽപെട്ടത്.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കാമുകനാണ് കൊല ചെയ്തത് എന്ന് പൊലീസിനോട് പറയുകയായിരുന്നു. അയൽവാസിയായ ഗൾഫുകാരനുമായി നാലുവർഷമായി പ്രണയത്തിലായിരുന്നു. മത്സ്യത്തൊഴിലാളിയായ ഭർത്താവ് കടലിൽ പോകുമ്പോൾ ഇയാളുമായി പല സ്ഥലങ്ങളിലും പോയിരുന്നതായും സമ്മതിച്ചിട്ടുണ്ട്. കൂടാതെ എപ്പോഴും ഫോൺ വിളിക്കുന്നത് സംബന്ധിച്ച് ഇരുവരും വഴക്കിടാറുണ്ടായിരുന്നു. കാമുകനുമായി ഒന്നിച്ചു ജീവികകാനാണ് കൊലപാതകം ചെയ്തത് എന്നാണ് സൗജത്ത് പൊലീസിന് നൽകിയ മൊഴി.

രണ്ടു വർഷത്തോളമായി വാടക ക്വർട്ടേഴ്സിലാണ് സവാദും ഭാര്യയും മക്കളും താമസിക്കുന്നത്. മൽസ്യത്തൊഴിലാളിയായ സവാദ് മറ്റു ജോലികളും ചെയ്തിരുന്നു. സംഭവം നടക്കുന്നതിന്റെ തലേ ദിവസവും സവാദ് കടലിൽ പോയിരുന്നു. പൗറകത്ത് കമ്മുവിന്റെയും, ഉമ്മാച്ചുമ്മയുടെയും മകനാണ്. ഷർജ ഷെറി, സാജദ്, ഷംസ ഷെറി, സജല ഷെറി മക്കളാണ്. സഹോദരങ്ങൾ: യാഹു, അഷ്റഫ്, സഫിയ, സമദ്, സുലൈഖ, റാഫി, അലിമോൻ, നസീമ, യൂനസ്, ഫാസില.

സംഭവസ്ഥലം ജില്ലാ പൊലീസ് സൂപ്രണ്ട് പ്രദീഷ് കുമാർ, തിരൂർ ഡിവൈഎസ്‌പി ബിജു ഭാസ്‌കർ എന്നിവർ സന്ദർശിച്ചു. താനൂർ സിഐ എം ഐ ഷാജി, എസ്ഐ നവീൻ ഷാജി, വാരിജാക്ഷൻ, നവീൻ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി. ഫോറൻസിസ് ഉദ്യോഗസ്ഥരായ ബി ദിനേഷ്, സന്തോഷ്, വിരലടയാള വിദഗ്ദ്ധർ, മലപ്പുറം ഡോഗ് സ്‌കോഡിലെ പൊലീസ് നായ റിഗോയും സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം ഇന്നലെ ആറുമണിക്ക് അഞ്ചുടി മുഹ്യുദ്ദീൻ ജുമാമസ്ജിദിൽ ഖബറടക്കി.

അറസ്റ്റിലായ സൗജത്തിനെ ഇന്ന് തെളിവെടുപ്പിനായി വീട്ടിലെത്തിക്കും. കാമുകന്റെ പേരു വിവരങ്ങൾ ഇപ്പോൾ പുറത്ത് വിടാൻ പറ്റില്ല എന്നാണ് പൊലീസ് അറിയിച്ചത്. കൊലപാതകത്തിന് രണ്ട് ദിവസം മുൻപ് ഉയാൾ മംഗലാപുരം വിമാനത്താവളം വഴിയാണ് ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. മംഗലാപുരത്ത് നിന്നും കാറിലാണ് താനൂരിലേക്ക് എത്തിയതും. പിന്നീട് സൗജത്തുമായി ചേർന്ന കൊലപാതകത്തിനായുള്ള ഗൂഢാലോചന നടത്തി. കൊലപാതകത്തിന് ശേഷം ഇയാൾ ഗൾഫിലേക്ക് കടന്നോ എന്ന സംശയം പൊലീസിനുണ്ട്. കാസർഗോഡ് വഴി രക്ഷപ്പെടാനുള്ള നീക്കത്തിനിടെയാണ് ഇയാളുടെ സഹായി പിടിയിലായത്.

സൗജത്ത് നൽകിയ വിവരങ്ങൾ അനുസരിച്ചാണ് കാമുകനെതിരെ കേസെടുത്തിരിക്കുന്നത്. താനൂർ സിഐ എം.ഐ ഷാജിയുടെ നേതൃത്വത്തിലാണ് അന്വേഷണം.