മലപ്പുറം: മലപ്പുറം ജില്ലയിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ തലക്കടിയേറ്റ് കൊല്ല്പെട്ടത് രണ്ട് വൃദ്ധ സ്ത്രീകളാണ്. ഇന്നലെ വൈകീട്ട് തവനൂരിലും വെള്ളിയാഴ്ച വളാഞ്ചേരിയിലുമാണ് നാടിനെ നടുക്കിയ കൊലപാതകങ്ങൾ അരങ്ങേറിയത്. ഇന്നലെ തവനൂർ കടകശ്ശേരിയിലാണ് കൊലപാതകം നടന്നത്. കടകശ്ശേരി ജുമാ മസ്ജിദിന് സമീപം താമസിക്കുന്നതത്തോട്ടിൽ 70 വയസ്സുണ്ടായിരുന്ന ഇയ്യാത്തുട്ടിയാണ് ഇന്നലെ വൈകീട്ട് കൊല്ലപ്പെട്ടത്. ഇയ്യാത്തുട്ടി വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്നു. വൈകീട്ട് ബക്ഷണവുമായി വന്ന ഇയ്യാത്തുട്ടിയുടെ സഹോദരിയുടെ മകനാണ് ഇയ്യാത്തുട്ടി രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്.

രക്തം വാർന്ന് മരണം സംഭവിച്ചിരുന്നു. ഇയ്യാത്തുട്ടിയുടെ ശരീരത്തിലും വീട്ടിലുമുണ്ടായിരുന്നു 20 പവൻ സ്വർണം നഷ്ടമായിരുന്നു. കുട്ടികളില്ലാത്തതിനാൽ വർഷങ്ങളായി തനിച്ചാണ് ഇയ്യാത്തുട്ടി വീട്ടിൽ കഴിഞ്ഞിരുന്നത്. മറ്റു ബന്ധുക്കളെല്ലാം സമീപത്തെ വീടുകളിലുണ്ടായിരുന്നു. സമീപത്തെ ബന്ധവീടുകളിൽ നിന്നാണ് ഇയ്യാത്തുട്ടിക്ക് ഭക്ഷണം എത്തിച്ച് നൽകാറുള്ളത്. ഇങ്ങനെ ഭക്ഷണവുമായി വന്ന സഹോദരിയുടെ മകനാണ് ഇയ്യാത്തു്ട്ടി മരിച്ച് കിടക്കുന്നത് കണ്ടത്. മോഷണ ശ്രമം തടഞ്ഞപ്പോൾ തലക്കടിയേറ്റായിരിക്കാം മരണമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ വീട്ടിൽ നിന്നും ശബ്ദമൊന്നും കേട്ടിരുന്നില്ലെന്ന് ബന്ധുക്കളായ സമീപത്തെ വീടുകളിലുള്ളവർ പറയുന്നു.ഇയ്യാത്തുട്ടിയുടെ ജീവിത സാഹചര്യങ്ങൾ കൃത്യമായി അറിയുന്നവർ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

അങ്ങനെയുള്ള ആളുകളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഉന്നത പൊലീസ് അധികാരികൾ ഇന്നലെ രാത്രി തന്നെ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വീട്ടിലെ അലമാര കുത്തിതുറന്ന നിലയിലായിരുന്നു. മുൻവശത്തെ വാതിലുകൾ പൂട്ടിയിട്ട അവസ്ഥയിലും വീടിന് പിറകിലെ വാതിൽ തുറന്നിട്ട അവസ്ഥിയിലുമായിരുന്നു. വീട്ടിൽ നിന്നും പണവും നഷ്ടമായതാണ് കരുതുന്നത്. എന്നാൽ അത് എത്രയാണെന്ന് തിട്ടപ്പെടുത്താൻ സാധിച്ചിട്ടില്ല. വീടിന് സമീപത്തെ വൈകീട്ട് ബൈക്കിൽ അപരിചിതരായ രണ്ട് പേരെ കണ്ടിരുന്നതായി പ്രദേശവാസികൾ പറയുന്നുണ്ട്.സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

വെള്ളിയാഴ്ചയാണ് സമാനമായ മറ്റൊരു കൊലപാതകം കുറ്റിപ്പുറം നാഗപറമ്പ് വെള്ളാപറമ്പിലും അരങ്ങേറിയത്. തിരുവാകുളത്ത് വീട്ടിൽ കുഞ്ഞിപ്പാത്തുമ്മയാണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. കുഞ്ഞിപ്പാത്തുമ്മയെ വീടിന് മുന്നിൽ തലക്കടിയേറ്റ് കൊല്ലപ്പെട്ട അവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഇവരും വീട്ടിൽ തനിച്ചായിരുന്നു താമസിച്ചിരുന്നുത്. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് കാണാത്തതിനെ തുടർന്ന് അയൽവാസിയായ സ്ത്രീ പോയി നോക്കിയപ്പോഴാണ് കുഞ്ഞിപ്പാത്തുമ്മയെ വീടിന് മുന്നിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന പണം ലക്ഷ്യമിട്ടാണ് അക്രമികൾ വന്നത്.

കൊലപാതകത്തിന് ശേഷം പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ കുഞ്ഞിപ്പാത്തുമ്മയുടെ വീട്ടിൽ നിന്നും 2.65 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. വിവിധ പേഴ്സുകളിൽ സൂക്ഷിച്ചിരുന്ന നിലയിലാണ് പണമുണ്ടായിരുന്നത്. ഇതിൽ 13000 രൂപയുടെ നിരോധിച്ച നോട്ടുകളുമുണ്ടായിരുന്നു.പെൻഷൻ തുകയും നാട്ടിൽ നിന്നും സഹായമായി ലഭിച്ച പണവും സമാഹരിച്ച് സൂക്ഷിച്ച് വെച്ചതായിരുന്നു. നാട്ടുകാരുടെ സഹയാത്തോടെയാണ് കുഞ്ഞിപ്പാത്തുമ്മ ജീവിച്ചിരുന്നത്.

ഇത് അറിയാവുന്നവുന്ന ആരോ ഈ പണം ലക്ഷ്യം വെച്ച് എത്തിയതാണ് എന്നാണ് സംശയം. തലക്ക് അടിയേറ്റാണ് കുഞ്ഞിപ്പാത്തുമ്മയും മരിച്ചത്. രാത്രി ഒന്നര മണിക്ക് കുഞ്ഞിപ്പാത്തുമ്മ കരയുന്ന ശബ്ദം കേട്ടിരുന്നതായി അയൽവാസികൾ പറയുന്നുണ്ട്. 50 സെന്റ് സ്ഥലത്തുള്ള വീട്ടിൽ കുഞ്ഞിപ്പാത്തുമ്മ തനിച്ചായിരുന്നു താമസം. തവനൂരിലും നാഗപറമ്പിലും ദിവസങ്ങളുടെ വ്യത്യാസത്തിൽ നടന്ന സമാനമായ രണ്ട് സംഭവങ്ങൾക്ക് പിന്നിലും ഒരേ സംഘമാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.