- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റംസാൻ മാസമായതിനാൽ വിശ്വാസികൾക്ക് പള്ളിയിൽ പോകാനവസരമുണ്ടാവണം; മുസ്ലിം പള്ളിയിൽ അഞ്ചുപേർക്ക് മാത്രം പ്രവേശനം എന്ന ഉത്തരവ് ഒറിക്കലും അംഗീകരിക്കാനാകില്ലെന്ന് മതസംഘടനകൾ; ആരാധനാലയങ്ങളെ തൊട്ടാൽ കളക്ടർമാർക്ക് പണികിട്ടും; മലപ്പുറം കളക്ടർ വിരണ്ട കഥ
മലപ്പുറം: കോവിഡ് കണക്കുകൾ ഉയരുന്ന സാഹചര്യത്തിൽ ജില്ലയിലെ ആരാധാനാലയങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ പങ്കെടുക്കാൻ പാടില്ലെന്ന ഉത്തരവ് മരവിപ്പിച്ച് ജില്ലാ കളക്ടർ. നിയന്ത്രണം അംഗീകരിക്കാനാകില്ലെന്നു വ്യക്തമാക്കി മത സംഘടനാ നേതാക്കൾ രംഗത്തെത്തിയതിന് പിന്നാലെയാണ് താൻ തന്നെ പുറപ്പെടുവിച്ച ഉത്തരവ് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ പിൻവലിച്ചത്.
കളക്ടർമാർ സ്വന്തം നിലയിൽ തീരുമാനം എടുക്കരുതെന്നും സർക്കാരുമായി കൂടിയാലോചനകൾ നടത്തണമെന്നും സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇത് പല കളക്ടർമാരും ലംഘിക്കുന്നുവെന്ന വിമർശനമുണ്ട്. അതുകൊണ്ട് തന്നെ വിവാദ ഉത്തരവിൽ മലപ്പുറം കളക്ടറെ സംസ്ഥാന സർക്കാർ പിന്തുണച്ചതുമില്ല. നോമ്പുകാലത്തെ ഉത്തരവിൽ സർക്കാരിനും അതൃപ്തിയുണ്ടായിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങളിൽ പ്രവേശനത്തിനു കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. വിവിധ ജില്ലകളിൽ വ്യത്യസ്ത നിർദേശങ്ങളാണ് ജില്ലാ കലക്ടർമാർ പുറപ്പെടുവിച്ചിട്ടുള്ളത്. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന സർവകക്ഷി യോഗത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും. ഇതിനിടെയാണ് മലപ്പുറത്തെ തിരുത്തൽ.
ഉത്തരവ് വന്നതിന് പിന്നാലെ തീരുമാനം അടിയന്തിരമായി പുനഃരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാർ തുടങ്ങീ നേതാക്കൾ മുന്നോട്ടുവന്നിരുന്നു. യാതൊരു കൂടിയാലോചനയുമില്ലാതെയാണ് കളക്ടർ തീരുമാനമെടുത്തതെന്നും നേതാക്കൾ ആരോപിച്ചു. ഇതോടെ സർക്കാർ ഇടപെട്ടു. ഇതിനെ തുടർന്നാണ് മലപ്പുറം കളക്ടർ ഉത്തരവ് പിൻവലിച്ചത്.
റംസാൻ മാസമായതിനാൽ വിശ്വാസികൾക്ക് പള്ളിയിൽ പോകാനവസരമുണ്ടാവണം. മുസ്ലിം പള്ളിയിൽ അഞ്ചുപേർക്ക് മാത്രം പ്രവേശനം എന്ന ഉത്തരവ് ഒറിക്കലും അംഗീകരിക്കാനാകില്ല. പൊതു ഗതാഗതം ഉൾപ്പെടെയുള്ള വിഭാഗങ്ങളിലൊന്നും യാതൊരു നിയന്ത്രണവും ഏർപ്പെടുത്താതിരിക്കുകയും പള്ളികളിൽ മാത്രം ആളുകളെ പരിമിതപ്പെടുത്തുകയും ചെയ്യുന്നത് വിശ്വാസികൾക്ക് പ്രയാസമുണ്ടാക്കുമെന്നും മതനേതാക്കൾ പ്രതികരിച്ചിരുന്നു.
ആലപ്പുഴ ജില്ലയിൽ ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ 10ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്നതു തടഞ്ഞ് കലക്ടറുടെ ഉത്തരവ് നിലവിലുണ്ട്. ഏതാനും ദിവസം മുൻപ് നിയന്ത്രണം നിലവിൽ വന്നു. പാലക്കാട് ജില്ലയിൽ ഇന്നും നാളെയുമായി നടത്തുന്ന ഉത്സവങ്ങളിൽ പൊതുജന പങ്കാളിത്തം പൂർണമായും ഒഴിവാക്കാൻ ജില്ലാ കലക്ടറുടെ ഉത്തരവ്. ഉത്സവങ്ങൾ ക്ഷേത്ര/ മത ആചാര ചടങ്ങുകളായി മാത്രം നടത്തണം. ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ അഞ്ചിൽ കൂടുതൽ പേർ പങ്കെടുക്കുന്നതു നിരോധിച്ചുള്ള മലപ്പുറം ജില്ലാ കലക്ടറുടെ ഉത്തരവ് പിന്നീട് മരവിപ്പിച്ചതിന് പിന്നിൽ മതനേതാക്കളുടെ അതൃപ്തി തന്നെയാണ്.
അതിനിടെ സീറോ മലബാർ സഭയും മറ്റും വിശ്വാസികൾക്ക് നിർദ്ദേശങ്ങളും നൽകുന്നുണ്ട്. സംസ്ഥാന സർക്കാരും ജില്ലാ അധികൃതരും നൽകുന്ന നിർദേശങ്ങൾ പൂർണമായി പാലിച്ചു മാത്രമേ പള്ളികളിൽ കുർബാനയും മറ്റും പാടുള്ളൂ. സഭയുടേതായി പ്രത്യേക അറിയിപ്പൊന്നുമില്ല. അധികൃതർ നൽകുന്ന നിർദേശങ്ങൾ പള്ളികളിലെ ചടങ്ങുകൾക്കും പതിവു കുർബാനകൾക്കും ബാധകമാണ്. പങ്കെടുക്കാവുന്നവരുടെ എണ്ണം ജില്ലകൾ തോറും വ്യത്യാസമുണ്ടെന്ന് ലത്തീൻ സഭയും പറയുന്നു. കൊല്ലം രൂപതയിൽ കോവിഡിന്റെ ആദ്യ ഘട്ടത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം തുടരുകയാണ്. ഞായറാഴ്ച പ്രാർത്ഥനകളിൽ 50 പേരിൽ കൂടാൻ പാടില്ല. കണ്ടെയ്ന്മെന്റ് സോണുകളിലെ പള്ളികളിൽ 4 പേരിൽ കൂടാനും പാടില്ല.
യാക്കോബായ സഭയും സഹകരിക്കും. വിവാഹം, മാമോദീസ തുടങ്ങിയ ചടങ്ങുകൾ കഴിയുമെങ്കിൽ മാറ്റിവയ്ക്കുക. ചടങ്ങു നടത്തിയാൽ വളരെക്കുറച്ച് ആളുകൾ മാത്രം. തിരുനാളുകൾ, ആഘോഷങ്ങൾ, നേർച്ച, പ്രദക്ഷിണം തുടങ്ങിയവയെല്ലാം വേണ്ടെന്നു വച്ചു. സാധാരണ കുർബാനകളിൽ വിശ്വാസികളുടെ പങ്കാളിത്തം ഏറ്റവും കുറയ്ക്കുക. മദ്ബഹയിൽ മാസ്ക് ധരിച്ചു വൈദികനും ഒന്നോ രണ്ടോ ശുശ്രൂഷികളും മാത്രമേ പാടുള്ളൂ. സിഎസ്ഐ സഭയും നിയന്ത്രണങ്ങളോട് സഹകരിക്കും. ന്മ നാളെ മുതൽ മെയ് 31 വരെ ആരാധനകളിൽ അംഗസംഖ്യ പരമാവധി പരിമിതപ്പെടുത്തുകയും ഓൺലൈൻ സാധ്യത പ്രയോജനപ്പെടുത്തുകയും ചെയ്യണമെന്ന് ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ അഭ്യർത്ഥിച്ചു. ആദ്യത്തെ ആരാധനയ്ക്കു ശേഷം ദേവാലയം അണുവിമുക്തമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ പ്രതിഷേധത്തെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം നടത്തുന്നതിനു ദേവസ്വം ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചിരുന്നു. ജില്ലാ മെഡിക്കൽ ഓഫിസിന്റെ നിർദേശ പ്രകാരം കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു ദേവസ്വം വ്യാഴാഴ്ച രാത്രി വിവാഹത്തിനു വിലക്ക് ഏർപ്പെടുത്തിയത്. ഇതിനെതിരെ പൊതുജനങ്ങളിൽ നിന്നു പരാതി ഉണ്ടായതിനെ തുടർന്നു മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതോടെ ജില്ലാ ഭരണകൂടം നിലപാട് മാറ്റുകയും ഇന്നലെ രാവിലെ ദേവസ്വം വിലക്കു പിൻവലിക്കുകയുമായിരുന്നു.
ക്ഷേത്രത്തിൽ ബുക്ക് ചെയ്ത വിവാഹങ്ങൾ എല്ലാം നടത്താൻ അനുമതിയുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഓരോ വിവാഹത്തിലും 12 പേർക്കു മാത്രം പങ്കെടുക്കാം. ക്ഷേത്രത്തിൽ ഇന്നു 40 വിവാഹങ്ങളും നാളെ 145 വിവാഹങ്ങളും ബുക്ക് ചെയ്തിട്ടുണ്ട്. ഓൺലൈനിൽ ബുക്ക് ചെയ്യുന്ന 1000 പേർക്ക് ദിവസവും ദർശനം അനുവദിക്കും. പുലർച്ചെ 4.30 മുതൽ വൈകിട്ട് 6.30 വരെ ചുറ്റമ്പലത്തിൽ വലിയ ബലിക്കല്ലിനു സമീപം നിന്നു തൊഴാം. നാലമ്പലത്തിലേക്കു പ്രവേശനമില്ല. ആനക്കോട്ടയിൽ സന്ദർശകരെ അനുവദിക്കില്ല.
മറുനാടന് മലയാളി ബ്യൂറോ