മലപ്പുറം: മലപ്പുറത്ത് വീണ്ടും കുട്ടികൾക്കു നേരെ ലൈംഗികാതിക്രമം. ആറും പന്ത്രണ്ടും വയസുള്ള പെൺകുട്ടികൾക്കു നേരെയാണ് ബന്ധുക്കളുടെ ലൈംഗികാത്രിക്രമണം ഉണ്ടായിട്ടുള്ളത്. സംഭവത്തിൽ ചൈൽഡ് ലൈൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മണിക്കൂറുകൾക്കകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു.

കുറ്റിപ്പുറം, നിലമ്പൂർ സ്റ്റേഷൻ പരിതികളിലായാണ് സംഭവം. എടപ്പാളിലെ തിയേറ്ററിലുണ്ടായ ബാലികാ പീഡനത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് ജില്ലയിൽ വീണ്ടും കുട്ടികൾക്കു നേരെ ബന്ധുക്കളുടെ ക്രൂരത. എടപ്പാൾ സംഭവത്തിൽ നടപടി വൈകിപ്പിച്ച സബ് ഇൻസ്പെക്ടർക്കെതിരെ പോക്സോ ചുമത്തി കേസെടുക്കുകയും സസ്പെൻഷന്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ മണിക്കൂറുകൾക്കുള്ളിലാണ് ഇപ്പോൾ പൊലീസ് നടപടികൾ.

കുറ്റിപ്പുറത്ത് ആറ് വയസുകാരിയെ െൈലംഗികമായി ഉപയോഗിച്ചത് അടുത്ത ബന്ധുവായ 17കാരൻ തന്നെയായിരുന്നു. ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റം ചുമത്തിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. തവനൂരിനടുത്താണ് ഒന്നാം ക്ലസാസിൽ പഠിക്കുന്ന കുട്ടിക്ക് സഹോദരതുല്യനായ ബന്ധുവിൽ നിന്ന് ക്രൂരത ഏൽക്കേണ്ടി വന്നത്. കുട്ടിയെ കുളിപ്പിക്കുന്നതിനിടയിൽ ദേഹത്തുകണ്ട പാടുകളാണ് വീട്ടുകാരിൽ സംശയമുണ്ടാക്കിയത്. പീഡന ശ്രമമാണെന്ന് മനസിലാക്കിയ വീട്ടുകാർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചു. ചൈൽഡ് ലൈൻ നൽകിയ വിവരമനുസരിച്ച് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന പീഡനകഥ പുറത്തായത്. പ്ലസ്ടു പഠനത്തിനു ശേഷം സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കു പോകുകയാണ് പ്രതി. ജുവൈൽ ജസ്റ്റിസ് ബോർഡിനുമുന്നിൽ ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽ വിട്ടു. അതേസമയം പ്രതിക്കു 17 വയസ് പിന്നിട്ട സാഹചര്യത്തിൽ പ്രായപൂർത്തിയായി കണക്കാക്കി കേസ് പരിഗണിക്കാൻ കഴിയുമോ എന്ന കാര്യം പരിശോധിക്കുമെന്ന് കുറ്റിപ്പുറം എസ്‌ഐ നിപുണൻ ശങ്കർ പറഞ്ഞു.

നിലമ്പൂരിൽ രണ്ടാനമ്മയുടെ സഹോദരനിൽ നിന്നുമാണ് 12വയസുകാരിക്ക് പീഡനമേൽക്കേണ്ടി വന്നത്. പെൺകുട്ടി നിരന്തരമായി പീഡനത്തിനിരയാകുന്നുവെന്ന് ചൈൽഡ് ലൈനിന്റെ ടോൾ ഫ്രീ നമ്പറിൽ രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയെ കൗൺസിൽ ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന പീഡന വിവരം പുറത്താകുന്നത്. രണ്ടാനമ്മയുടെ സഹോദരൻ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുകയും നിരന്തരം പീഡനത്തിനിരയാക്കുകയും ചെയ്തതായി കുട്ടി വെളിപ്പെടുത്തി.

തുടർന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. 32 വയസ് പ്രായമുള്ള പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. എടപ്പാൾ പീഡനത്തിന്റെ പശ്ചാത്തലത്തിൽ പൊലീസിനു നൽകിയ ജാഗ്രതാ നിർദ്ദേശമാണ് അറസ്റ്റും നടപടിയും വേഗത്തിലാക്കാൻ പൊലീസിനെ പ്രേരിപ്പിച്ചത്.