മലപ്പുറം: മലപ്പുറത്ത് മോഷണ പരമ്പര. കഴിഞ്ഞ രാത്രിയിൽ നിലമ്പൂരിലും കുറ്റിപ്പുറത്തുമായി ആറിടത്താണ് മോഷണം സംഭവങ്ങൾ നടന്നത്. കുറ്റിപ്പുറത്ത് കടകൾ കുത്തിത്തുറന്ന് മൊബൈലും പണവുമാണ് മോഷ്ടിച്ചത്. എന്നാൽ നിലമ്പൂരിലെ കള്ളൻ വീട്ടിൽ കയറി പല്ലുതേപ്പും കുളിയും മൂക്കുമുട്ടെ ഭക്ഷണവും കഴിച്ചാണ് വളരെ കൂളായി 25 പവനും പണവുമായി മുങ്ങിയത്.

നിലമ്പൂർ ജില്ലാ ആശുപത്രിക്കു സമീപത്തെ വീട്ടിൽ പൂട്ടുപൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. വിദേശത്തുള്ള മർച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ വീടാണിത്. മാതാവും ഭാര്യയുമാണ് വീട്ടിൽ താമസമുള്ളത്. 25 പവന് പുറമെ 33,250 രൂപയും ഇവിടെ നിന്ന് മോഷണം പോയി. ഇരുവരും 23 ന് പൂരാഘോഷത്തിൽ പങ്കെടുക്കാൻ തൃശൂർ കൊക്കാലയിലെ തറവാട്ട് വീട്ടിലേക്കു പോയിരുന്നു.

വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് കവർച്ച അറിയുന്നത്. മുൻഭാഗത്തെ വാതിലിന്റെ പൂട്ടുപൊളിച്ച നിലയിലായിരുന്നു. ഇരുനിലകളിലെയും മുറികളിൽ അലമാരകളും മേശവലിപ്പുകളും തുറന്ന് സാമഗ്രികൾ വാരിവലിച്ചിട്ടിട്ടുണ്ട്. കിടപ്പ് മുറിയിലെ സ്റ്റീൽ അലമാര താക്കോൽ ഉപയോഗിച്ചു തുറന്നാണ് ആഭരണങ്ങളും പണവും എടുത്തത്. മേശവലിപ്പിൽ താക്കോൽ സൂക്ഷിച്ചതാണ് കള്ളന് പണി എളുപ്പമാക്കിയത്. ഒന്നിലധികം മോഷ്ടാക്കൾ ഉണ്ടായിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവർ ഏറെ നേരം വീട്ടിൽ ചിലവഴിച്ചതിന്റെ ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്.

മോഷ്ടാക്കൾ വീട്ടുകാരുടെ ബ്രഷും പോസ്റ്റും എടുത്ത് പല്ലുതേച്ചു. ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണവും ചൂടാക്കി കഴിച്ചു. മദ്യപിക്കുകയും ചെയ്തിട്ടുണ്ട്. പാതി കാലിയായ മദ്യക്കുപ്പി അടുക്കളയിൽ നിന്നു കിട്ടി. ശുചിമുറി ഉപയോഗിക്കുകയും അലമാരയിലെ പെർഫ്യൂം പൂശുകയും ചെയ്താണ് സ്ഥലം വിട്ടത്. സംഭവത്തിൽ സിഐ കെ.എം ബിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.

മണിക്കൂറുകൾക്കുള്ളിലായിരുന്നു കുറ്റിപ്പുറം ടൗണിലെ വിവിധ കച്ചവട സ്ഥാപനങ്ങളിൽ മോഷണം നടന്നത്. അഞ്ച് സ്ഥാപനങ്ങളുടെയും പൂട്ട് തകർത്തായിരുന്നു മോഷണം. തിരൂർ റോഡിലെ പെയിന്റ് കടയിൽ നിന്നും സമീപത്തെ സൈക്കിൾ കടയിൽ നിന്നും 5000 രൂപയോളം നഷ്ടമായി. ടൗണിലെ മൊബൈൽ കടയിൽ നിന്ന് മൊബൈലും നഷ്ടമായിട്ടുണ്ട്.

പഴയ റെയിൽവേ ഗേറ്റിനു സമീപത്തെ കോഴി വിൽപനശാലയിൽ നിന്ന് 8000 രൂപയും നഷ്ടമായി. ഗൾഫ് ഫാൻസി കടയുടെ മുൻവശത്തെ ഗ്ലാസ് തകർത്ത് അകത്തു കയറിയ മോഷ്ടാക്കൾ പ്രധാന ഷട്ടർ തകർക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഈ കടയിലെ സിസിടിവിയിൽ രണ്ട് പേരുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇത് പൊലീസ് പരിശോധിച്ചു വരികയാണ്.