മലപ്പുറം: നേതൃത്വം എന്ത് പറഞ്ഞാലും മലപ്പുറത്ത് ലീഗും കോൺഗ്രസും സഖ്യം വേർപിരിഞ്ഞ് മത്സരിക്കാനുള്ള തീരുമാനത്തിലാണ്. പ്രശ്‌ന പരിഹാരം കീറാമുട്ടിയായതോടെ മലപ്പുറം ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന ലീഗ് കോൺഗ്രസ് പ്രശ്‌നം പരിഹരിക്കുക യു.ഡി.എഫ് നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്.

ഓരോ തെരഞ്ഞെടുപ്പിലും കോൺഗ്രസ്-ലീഗ് ബന്ധം കൂടുതൽ വഷളാകുന്ന കാഴ്ചയാണ് ഇവിടെയുള്ളത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മുന്നണിക്കകത്തെ ഭിന്നത പലയിടങ്ങളിലും രൂക്ഷമായ സ്ഥിതിയാണുള്ളത്. മുന്നണി സംവിധാനത്തിൽ വിട്ടു വീഴ്ചയില്ലെന്ന നിലപാടുമായാണ് യി.ഡി.എഫ് നേതൃത്വം മുന്നോട്ടു പോകുന്നതെങ്കിൽ അടിത്തട്ടിൽ ഇത് തിരിച്ചടിയാകുമെന്ന് ഇരു നേതാക്കൾക്കും അറിയുന്ന വസ്തുതയാണ്. താഴെത്തട്ടിലെ അണികളുടെ വികാരം മാനിക്കാതെ നേതാക്കൾ തീരുമാനമെടുത്താൽ അത്, കൂടുതൽ പ്രശ്‌നങ്ങൾക്കും പാരവെയ്‌പ്പിനും വഴിയൊരുക്കുമെന്ന ഭീതിയുണ്ട് നേതത്വത്തിന്.

ലീഗിന്റെ ഉരുക്കുകോട്ടയായ മലപ്പുറത്തെ തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം കയ്യാളുന്നത് അധികവും മുസ്ലിം ലീഗാണ്. ത്രിതല പഞ്ചായത്തുകളിലെ അദ്ധ്യക്ഷ സ്ഥാനവും സഹകരണ സ്ഥാപനങ്ങളിലെ പ്രധാന പദവികളുമെല്ലാം വഹിക്കുന്നതും ലീഗു തന്നെയാണ്. എന്നാൽ തങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കസേരകൾക്കുള്ള പിടിവലിയായിരിക്കും മിക്ക ഇടങ്ങളിലും മുന്നണി ബന്ധത്തിന് വിള്ളൽ വീഴാനുള്ള കാരണം. അതേസമയം, മുന്നണി മര്യാദകൾ ലംഘിക്കുകയും അവസരം കിട്ടിയാൽ ലീഗിനെ പാരവെയ്ക്കുകയുമാണ് കോൺഗ്രസുകാരുടെ പതിവെന്നാണ് ലീഗിന്റെ പ്രധാന ആരോപണം.

വർഷങ്ങളായുള്ള പ്രശ്‌നം മൂർഛിച്ച് ഇപ്പോൾ മൂർദ്ധന്യാവസ്ഥയിലെത്തി നിൽക്കുകയാണ്. ജില്ലയിലെ ഒറ്റപ്പെട്ട ഭാഗങ്ങളിൽ മാത്രം നിലനിന്നിരുന്ന പ്രശ്‌നങ്ങൾ ഇന്ന് വ്യാപിച്ച സ്ഥിതിയാണുള്ളത്. പതിനെട്ട് തദ്ദേശ സ്ഥാപനങ്ങളിൽ മാത്രം രൂക്ഷമായ പ്രശ്‌നങ്ങൾ മുന്നണിക്കകത്ത് നിലനിൽക്കുന്നു. പലയിടത്തും ഒറ്റയ്ക്കു മത്സരിക്കാനുള്ള തീരുമാനങ്ങൾ പ്രാദേശിക നേതൃത്വം എടുത്തു കഴിഞ്ഞിട്ടുണ്ട്. മന്ത്രി എപി അനിൽകുാറിന്റെ മണ്ഡലമായ വണ്ടൂരിലാണ് ഏറവുവും കൂടുതൽ പ്രശ്‌നം നിലനിൽക്കുന്നത്. കരുവാരകുണ്ട്, കാളിക്കാവ്, പോരൂർ, ചീക്കോട് തുടങ്ങിയ നാലു പഞ്ചായത്തുകളിലാണ് ഇവിടെ തർക്കമുള്ളത്. മന്ത്രി ആര്യാടൻ മുഹമ്മദിന്റെ മണ്ഡലമായ നിലമ്പൂരിൽ മുത്തേടത്തും മന്ത്രി പി.കെ അബ്ദുറബ്ബിന്റെ മണ്ഡലമായ തിരൂരങ്ങാടിയിൽ നന്നമ്പ്രയിലും ലീഗും കോൺഗ്രസും രണ്ട് തട്ടിലാണുള്ളത്.

പൊന്മുണ്ടം, ചെറിയമുണ്ടം, പരപ്പനങ്ങാടി, എടപ്പറ്റ, മാറാക്കര, വാഴക്കാട്, തൃക്കലങ്ങോട്, ആലങ്ങോട്, നന്നംമുക്ക്, പെരുമ്പടപ്പ് എന്നീ പഞ്ചായത്തുകളിലും കൂട്ടിയാൽ കൂടാത്ത പ്രശ്‌നം ലീഗിനും കോൺഗ്രസിനും ഇടയിൽ നിലനിൽക്കുന്നു. നേരത്തെ നിലനിന്നിരുന്ന പ്രശ്‌നങ്ങളിൽ നേതൃത്വം ക്രിത്യമായി ഇടപെടാത്തതാണ് ഇവിടങ്ങളിലെല്ലാം പ്രശ്‌നം രൂക്ഷമായത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇവിടങ്ങളിലെ കോൺഗ്രസ് നേതൃത്വം പരസ്യമായി ഇടതുപക്ഷത്തിന് പിന്തുണ നൽകുകയും ഇടതുപക്ഷം പന്തുണ സ്വീകരിച്ച് ചേർന്ന് പ്രവർത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് മുന്നണിയിലെ പ്രശ്‌നം മുതലെടുക്കാനാണ് സിപിഐ(എം) തീരുമാനം.

ലീഗും കോൺഗ്രസും ഒറ്റക്കു മത്സരിക്കാൻ തീരുമാനിച്ച പ്രദേശങ്ങളിൽ നേട്ടം ലക്ഷ്യമിട്ട് ഇതിനോടകം ഇടതുപക്ഷം കരുക്കൾ നീക്കിതുടങ്ങിയിട്ടുണ്ട്. താനൂർ പൊന്മുണ്ടം പഞ്ചായത്തിൽ സിപിഐ(എം) കോൺഗ്രസ് മുന്നണിയാണ് മത്സരിക്കുന്നത്., പരപ്പനങ്ങാടിയിലും, തിരൂരങ്ങാടി നന്നമ്പ്രയിലും യു.ഡി.എഫിലെ പ്രശ്‌നം മുതലെടുത്ത് കോൺഗ്രസിനെ കൂടെ കൂട്ടാൻ ഇടതിന് സാധിച്ചിട്ടുണ്ട്. എന്നാൽ മറിച്ചാണ് വണ്ടൂരിൽ സംഭവിച്ചിരിക്കുന്നത്. കോൺഗ്രസിനെതിരെ ലീഗ്-സിപിഐ(എം) കൂട്ടുകെട്ടാണിവിടെ. കരുവാരകുണ്ടിൽ ഇതര ഇടത് കക്ഷികളുമായാണ് ലീഗിന്റെ കൂട്ടുകെട്ട്. തികച്ചും വ്യത്യസ്തമായ രാഷ്ട്രീയ അടവുനയങ്ങളുമായി മലപ്പുറത്തെ തെരഞ്ഞെടുപ്പ് ഇത്തവണയും വ്യത്യസ്തമായിരിക്കുകയാണ്.

വിവിധ പ്രദേശങ്ങളിൽ തികച്ചും വ്യത്യസ്തങ്ങളായ തർക്കങ്ങളാണ് പ്രശ്‌നങ്ങൾക്ക് കാരണം. ഇതിനാൽ തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തിൽ പ്രശ്‌ന പരിഹാരമെന്നത് പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന യുഡിഎഫ് യോഗത്തിൽ മലപ്പുറത്തെ പ്രശ്‌ന പരിഹാരത്തിനായി നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. മന്ത്രി എ.പി അനിൽകുമാർ, മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.അബ്ദുൽഹമീദ്, വണ്ടൂർമണ്ഡലം സെക്രട്ടറി പി.ഖാലിദ്, ഡിസിസി പ്രസിഡന്റ് ഇ.മുഹമ്മദ്കുഞ്ഞി എന്നിവരാണ് സമിതിയിലുള്ളത്. സമിതിയുടെ പ്രവർത്തനം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. അടിത്തട്ടിൽ ആഴത്തിലുള്ള മുറിവുണക്കുക പ്രയാസമാകുമെന്നതിനാൽ പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കാനുള്ള ഒരുക്കത്തിലാണ് ജില്ലാ യുഡിഎഫിന്റെയും തീരുമാനം.

പ്രാദേശിക തലങ്ങളിൽ പ്രശ്‌നം പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ സൗഹൃദമത്സരമെന്ന നിലപാട് യു.ഡി.എഫ് ജില്ലാ നേതൃത്വം സ്വീകരിക്കും. ഇടതുമുന്നണിയെ പിന്തുണക്കാതെ ഒറ്റയ്ക്ക് മത്സരിക്കാനാകും തീരുമാനിക്കുക. സമവായം അടിച്ചേൽപ്പിക്കുന്നത് ഇരുകൂട്ടർക്കും ക്ഷീണമുണ്ടാക്കുമെന്നതാണ് ഒറ്റയ്ക്കു മത്സരിക്കാൻ നേതൃത്വം തന്നെ മുൻകയ്യെടുക്കുന്നതിനു പിന്നിൽ. ഇങ്ങനെയുള്ള പ്രദേശങ്ങളിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഒന്നിച്ച് ഭരണസമിതിയുണ്ടാക്കാനാകുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. എന്നൽ മറിച്ചു സംഭവിക്കുകയാണ് പതിവ്.