ബാങ്കോക്ക്: 2015-ലെ മിസ് മോസ്‌കോയും ചൈനയിലും തായ്‌ലണ്ടിലും മോഡലായി തിളങ്ങുകയും ചെയ്ത ഒക്‌സാന വീവോദിന ഇനി മലേഷ്യക്കാരുടെ ഹെർ ഹൈനസ് ക്വീൻ. മോസ്‌കോയിൽ ഈ മാസം 22ന് നടന്ന ചടങ്ങിൽ മലേഷ്യൻ രാജാവ് മുഹമ്മദ് ഫാരീസ് പെട്ര വീവോദിനയെ ഭാര്യയായി സ്വീകരിച്ചതോടെ വീവോദിന മലേഷ്യയുടെ പ്രഥമ വനിതയായി. രാജ്ഞിയാകുന്നതിന് ഒക്‌സാന ഇസ്ലാംമതവും സ്വീകരിച്ചു. ഈ വർഷം ഏപ്രിലിലാണ് വീവോദിന ഇസ്ലം മതം സ്വീകരിച്ചത്.

ബിക്കിനി വേഷത്തിൽ അനേകരെ ഞെട്ടിച്ച ഈ ഇരുപത്തഞ്ചുകാരി രാജാവിനെക്കാൾ 24 വയസ് ഇളയതാണ്. എന്നാൽ ദമ്പതികൾ മുമ്പ് എങ്ങനെ കണ്ടുമുട്ടിയെന്നും മറ്റുമുള്ളത് ഇപ്പോഴും രഹസ്യം. മോസ്‌കോയിൽ നടന്ന വർണാഭമായ ചടങ്ങിലാണ് മുഹമ്മദ് രാജാവിന്റേയും വീവോദിനയുടേയും വിവാഹം നടന്നത്. 2016-മുതൽ മലേഷ്യൻ ഭരണാധികാരിയാണ് മുഹമ്മദ് ഫാരീസ് പെട്ര.

വരൻ മലേഷ്യൻ ദേശീയ വസ്ത്രവും വധു വെള്ള ഗൗണും ആണ് വിവാഹത്തിന് അണിഞ്ഞിരുന്നത്. വിവാഹശേഷം വീവോദിന റിഹാന എന്ന പേരും സ്വീകരിച്ചിട്ടുണ്ട്. റഷ്യൻ യൂണിവേഴ്‌സിറ്റി ഓഫ് ഇക്കണോമിക്‌സിൽ നിന്ന് ബിരുദം നേടിയിട്ടുള്ള ഈ സുന്ദരിയുടെ അമ്മയും 1990-കളിൽ ഒരു ലോക്കൽ സൗന്ദര്യ മത്സരത്തിലെ വിജയിയായിരുന്നു. അച്ഛൻ ഡോക്ടറുമാണ്.

ഫാഷൻ ഡിസൈനറാകാൻ മോഹിച്ചിരുന്ന ഈ മുൻ മിസ് മോസ്‌കോ മലേഷ്യൻ ഭരണാധികാരിയുമായുള്ള വിവാഹശേഷം ബുർഖയണിഞ്ഞാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വീവോദിനയുടെ ആദ്യവിവാഹമാണോ ഇതെന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ച് പലരും രംഗത്തെത്തിയിട്ടുണ്ട്. പിതാവിന്റെ പേര് ഗോർബറ്റെങ്കോയെന്നതിനാൽ വീവോദിന എന്ന സർനെയിമിന്റെ പിന്നിലെ രഹസ്യം ചികയുകയാണ് പാപ്പരാസികൾ.

ലണ്ടനിലെ യൂറോപ്യൻ ബിസിനസ് സ്‌കൂളിൽ നിന്നും വിദ്യാഭ്യാസം ലഭിച്ചിട്ടുള്ളയാളാണ് മുഹമ്മദ് ഫാരീസ് പെട്ര. മുഹമ്മദ് ഫാരീസിനു ശേഷം മലേഷ്യൻ പിന്തുടർച്ചാവകാശി സഹോദരൻ മുഹമ്മദ് ഫെയ്‌സ് പെട്രയാണ്.