തിരുവനന്തപുരം: മലയാള സിനിമ ഒട്ടേറെ മാറ്റങ്ങൾക്ക് വിധേയമായ വർഷമാണ് കടന്നു പോയത്. 2015 ന്റെ വിജയം ആവർത്തിക്കാൻ എത്തിയ പൃഥ്വീരാജിന് ചെറുതായി കാലിടറി. നല്ല ചിത്രമായിട്ടും ജെയിംസ് ആൻഡ് ആലീസ് തിയറ്ററിൽ ആളെ കൂട്ടിയില്ല. ഡാർവിന്റെ പരിണാമവും പാവാടയും പ്രതീക്ഷിച്ചത്ര വിജയം കൈവരിക്കാതിരുന്നിട്ടും ജിത്തു ജോസഫ് ചിത്രം ഊഴത്തിന്റെ കളക്ഷൻ തെളിയിക്കുന്നത് പ്രിഥ്വി എന്ന നടന്റെ സ്റ്റാർ വാല്യു തന്നെയാണ്.

ഫഹദിന്റെ പ്രതികാരം കൂടിയായിരുന്നു കഴിഞ്ഞ വർഷം. ടൈപ്പ് റോളുകളിൽ തളച്ചിട്ടു കൊണ്ട് ഫീൽഡിൽ നിന്നും ഔട്ടാകലിന്റെ വക്കിൽ നിന്നും ഫിനിക്‌സ് പക്ഷിയെപ്പോലെ ഫഹദ് കുതിച്ചുയർന്നു. ഇടുക്കിയുടെ പശ്ചാത്തലത്തിൽ ആഷിഖ് അബു നിർമ്മിച്ച് ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രം ഒട്ടേറെ പുതുമകൾ കൊണ്ട് ശ്രദ്ധേയമായി.

നല്ല ഒരു പിടി ഗാനങ്ങളും ചിത്രം സമ്മാനിച്ചി. അനുശ്രിയെ 'തേപ്പുകാരി' യായി ആളുകൾ സ്വീകരിച്ചു. ആർട്ടിസ്റ്റ് ബേബിച്ചേട്ടൻ, ക്രിസ്പിൻ, സോണിയ തുടങ്ങിയ കഥാപാത്രങ്ങളും ശ്രദ്ധേയമായി. സൂപ്പർതാര സിനിമകളിൽ സഹായി റോളുകളിൽ ടൈപ്പ് ചെയ്യപ്പെട്ടെങ്കിലും തിലകനും മുരളിയുമൊക്കെ ഒരു കാലത്ത് ഭാവാത്മകമാക്കുകയും പിന്നീട് ശൂന്യമാവുകയും ചെയ്ത ഒരു ഇടത്തേക്കാണ് അലൻസിയർ എന്ന നടൻ മഹേഷിന്റെ പ്രതികാരത്തിലൂടെ ഇരിപ്പിടമുറപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരെ ഉള്ളുതുറന്ന് ചിരിപ്പിക്കുകയും ഹൃദയത്തോടടുപ്പിക്കുകയും ചെയ്ത ആർട്ടിസ്റ്റ് ബേബിയിലൂടെ 2016ലെ മികച്ച പ്രകടനങ്ങളിൽ അലൻസിയറും സ്ഥാനം പിടിച്ചു.

ന്യൂ ജനറേഷൻ ജഗതി എന്ന പട്ടം സൗബിൻ ഷാഹിറും നൽകിയ വർഷമാണ് കടന്നു പോയത്. സ്വതസിദ്ധശൈലിയിൽ സ്വഭാവികത്തനിമയോടെ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്ന സൗബിൻ തിരക്കേറിയ സഹതാരമായി മാറിയ വർഷമാണ് 2016. ഫോട്ടോഷോപ്പ് വിദഗ്ധനും ചീപ്പായ ആർട്ടിസ്റ്റ് ബേബിയുടെ അരുമശിഷ്യനുമായ ക്രിസ്പിൻ എന്ന കഥാപാത്രമായി സൗബിൻ തകർത്തഭിനയിച്ചു. കമ്മട്ടിപ്പാടത്തിൽ അൽപ്പം സീരിയസായ കഥാപാത്രമായി എത്തിയെങ്കിലും സൗബൻ നിറഞ്ഞാടിയ ചിത്രം മഹേഷിന്റെ പ്രതികാരമാണ്.

പ്രായം 50 പിന്നിട്ടെങ്കിലും തന്റെ കാലം കഴിഞ്ഞിട്ടില്ലെന്ന് മോഹൻ ലാൽ തെളിയിച്ച വർഷം കൂടിയാണ്. 2015 ൽ ഇറങ്ങിയ 5 ചിത്രങ്ങളും എട്ടു നിലയിൽ പൊട്ടിയെങ്കിലും ദൃശ്യത്തിന് പിന്നാലെ ഒപ്പത്തിലൂടെ 50 കോടിയും 100 കോടിയുടെ ചരിത്രവും കുറിച്ചു. ഒപ്പം പ്രിയദർശൻ ലാൽ കൂട്ടുകെട്ടിന്റെ കൂടി തിരിച്ചു വരവായപ്പോൾ ജനതാ ഗാരേജ് വിസ്മയം എന്നീ ചിത്രങ്ങളിലൂടെ തെലുങ്കിലും കൈ ഒപ്പു പതിച്ചു.

മമ്മൂട്ടി നായകനായ കസബ മാത്രമാണ് സാമ്പത്തികമായി വിജയിച്ചത്. തോപ്പിൽ ജോപ്പൻ മുടക്കു മുതൽ തിരിച്ചു പിടിച്ചപ്പോൾ മറ്റു ചിത്രങ്ങൾ പരാജയപ്പെട്ടു. കലി, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളിലൂടെ ദുൽഖറും ജേക്കബിന്റെ സ്വർഗ രാജ്യം , ആക്ഷൻ ഹീറോ ബിജു എ്ന്നീ ചിത്രങ്ങളിലൂടെ നിവിൻ പോളിയും മുൻ വർഷത്തെ നില മെച്ചപ്പെടുത്തി.

നായകന് വേണ്ടി ഇടി കൂടുകയും ഇടി വാങ്ങുകയും ശീലമാക്കിയ ശിങ്കിടി റോളുകളിലെ വളിപ്പൻ തമാശകളിൽ നിന്ന് സുരാജിനുള്ള മോചനമായിരുന്നു ആക്ഷൻ ഹീറോ ബിജുവിലെ കഥാപാത്രം. അമ്പരപ്പിക്കുന്ന പ്രകടനം സുരാജ് കാഴ്ച വച്ചു. കരിങ്കുന്നം സിക്സസിലെ നെൽസൺ എന്ന ക്രൂരനായ ജയിൽ ഓഫീസറുടെ റോളിലും സുരാജ് തിളങ്ങി.

അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ കിട്ടിയാൽ തീയറ്ററിൽ നിന്നും കൈയടി നേടാനും പ്രേക്ഷകരെ കൂടെ കരയിപ്പിക്കാനും സാധിപ്പിക്കും എന്ന് സിദ്ദിഖ് തെളിയിച്ചു. കസബയിലെ പൊലീസ് ഓഫീസറും ആൻ മരിയ കലിപ്പിലാണിലെ മൊതലാളിയും ആളുകളെ കരയിപ്പിച്ചപ്പോൾ കട്ടപ്പനയിലെ ഋത്വിക് റോഷനിൽ അച്ഛൻ ആളുകളെ 'ചിരിപ്പിക്കുകയും' ചെയ്തു.

സ്ത്രീ കഥാപാത്രങ്ങൾക്ക് ഇത്തവണയും ദാരിദ്ര്യം തന്നെയായിരുന്നു. ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണം ലഭിച്ച മഞ്ജു വാര്യർ കടപുഴകി വീണു. കരിങ്കുന്നം സിക്‌സസ് മുടക്കു മുതൽ തിരിച്ചു പിടിച്ചപ്പോൾ വേട്ടയിലെ പൊലീസ് ഓഫീസർ പ്രേക്ഷക ശ്രദ്ധയും നേടി. ആകാശവാണിയിലും പിന്നെയിലും കാവ്യയ്ക്ക് കാലിടറിയപ്പോൾ ബാസ്‌കർ ദ റാസ്‌കൽ, പുതിയ നിയമം എന്നീ ചിത്രങ്ങളിൽ നയൻ താര് പ്രത്യക്ഷപ്പെട്ടു.

ജിംസിയായി മഹേഷിന്റെ ജീവിതത്തിലെത്തിയ അപർണാ ബാലമുരളി 2016ലെ നവാഗത അഭിനേത്രിമാരിൽ മുൻനിരയിൽ നിൽക്കുന്നു. തുടക്കത്തിന്റെ ഇടർച്ചകളില്ലാതെ മികച്ച പ്രകടനമാണ് അപർണ കാഴ്ച വച്ചത്. മഹേഷിന്റെ പ്രതികാരത്തിലും കട്ടപ്പനയിലെ ഋതിക് റോഷനിൽ റിയലിസ്റ്റിക് ഭാവവിനിമയത്താൽ ലിജോ മോൾ അമ്പരിപ്പിച്ചു.

അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലെ എലിസബത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രജിഷാ വിജയൻ അമിതാഭിനയ ലക്ഷണമില്ലാതെ കഥാപാത്രത്തെ ഉൾക്കൊണ്ടുള്ള പ്രകടനത്തിന് സാക്ഷ്യമായിരുന്നു. പാവാട, കിങ് ലയർ, അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ ആശ ശരത്ത് വൈവിധ്യമാർന്ന വേഷം തനിക്ക് ഇണങ്ങുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചു.