തിരുവനന്തപുരം: അതിവേഗം വളരുന്ന ഡിജിറ്റൽ യുഗത്തിലാണ് ഇന്ത്യ പ്രവേശിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയ്ക്കാരുടെ വായന ശൈലിയിലും മാറ്റങ്ങൾ കടന്നുവരുന്നുണ്ട്. ഡിജിറ്റൽ വായനയിലേക്കും വാർത്തകൾ അറിയാൻ സോഷ്യൽ മീഡിയയും മറ്റുമാണ് ഒരു വിഭാഗം കൂടുതലായി ആശ്രയിക്കുന്നത്. എന്നാൽ, മലയാളികൾക്ക് ഒരു സ്വഭാവമുണ്ട്. ഏതൊക്കെ മാർഗ്ഗങ്ങളിലൂടെ വാർത്തകൾ അറിഞ്ഞാലും പത്രത്തിലൂടെ ഒരിക്കൽ കൂടി കാര്യങ്ങൾ ഗ്രഹിക്കുക എന്നത്. അതുകൊണ്ട് തന്നെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദിനപത്രങ്ങളുടെ പ്രചാരണത്തിൽ കുത്തനെ ഇടിവുണ്ടായപ്പോഴും മലയാളം പത്രങ്ങൾ പ്രചാരത്തിൽ മുന്നിലേക്ക് കുതിച്ചു കൊണ്ടിരുന്നത്.

മലയാള മനോരമ തന്നെയാണ് കേരളത്തിൽ കാലങ്ങളായി സർക്കുലേഷനിൽ മുന്നിൽ നിൽക്കുന്ന പത്രം. എന്നാൽ ഓൺലൈൻ പത്രങ്ങളുടെയും സോഷ്യൽ മീഡിയയുടെയും സ്വാധീനവും വർദ്ധിച്ചതോടെ മനോരമക്ക് പോലും സർക്കുലേഷനിൽ ഇടിവുണ്ടായി എന്ന ഞെട്ടിക്കുന്ന പുതിയ റിപ്പോർട്ട് പുറത്തുവരുന്നത്. മലയാളത്തിൽ പ്രചാരണത്തിൽ മുന്നിൽ നിൽക്കുന്ന മലയാള മനോരമയുടെയും മാതൃഭൂമിയുടെയും സർക്കുലേഷനിൽ വൻ ഇടിവുണ്ടായി എന്നാണ് പുറത്തുവന്ന ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷന്റെ പുതിയ റിപ്പോർട്ടിൽ പറയുന്നത്. അതേസമയം സിപിഎം അധികാരത്തിൽ എത്തിയതിന്റെ ബലത്തിൽ ദേശാഭിമാനി പത്രം സർക്കുലേഷനിൽ കുതിപ്പ് നടത്തി.

2017 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിലെ റിപ്പോർട്ട് പ്രകാരമാണ് മനോരമയുടെയും മാതൃഭൂമിയുടെയും സർക്കുലേഷനിൽ ഇടിവുണ്ടായത്. 2016 ജൂലൈ-മാർച്ച് കാലയളവിലെ സർക്കുലേഷന്റെ കണക്കുമായി തട്ടിച്ചു നോക്കുമ്പോഴാണ് പത്രങ്ങളുടെ സർക്കുലേഷനിൽ ഇടിവു സംഭവിച്ചത്. എബിസി റിപ്പോർട്ട് പ്രകാരം 2017 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ മലയാള മനോരമക്ക് 52,531 കോപ്പികൾ കുറഞ്ഞപ്പോൾ മാതൃഭൂമിക്ക് 40,485 കോപ്പിയും ഇടിഞ്ഞു. അതേസമയം ഇക്കാലയളവിൽ ദേശാഭിമാനിക്ക് മാത്രം 1,85,640 കോപ്പിയുടെ വളർച്ചയുണ്ടായി. സിപിഎം അധികാരത്തിലേത്തിയതാണ് ദേശാഭിമാനിയുടെ വളർച്ചക്ക് സഹായകമായത്.

കണക്കുകൾ പ്രകാരം മലയാള മനോരമയുടെ പുതിയ സർക്കുലേഷൻ 2,388,886 കോപ്പികളാണ്. മുമ്പ് ഇത് 2,441,417 കോപ്പികളായിരുന്നു. മാതൃഭൂമിയുടേത് പുതിയ സർക്കുലേഷൻ 1,432,568 കോപ്പിയും മുമ്പ് 1,473,053 കോപ്പിയുമായിരുന്നു. വൻ കുതിപ്പാണ് ദേശാഭിമാനി സർക്കുലേഷന്റെ കാര്യത്തിൽ ഉണ്ടാക്കിയത്. പുതിയ കണക്കുകൾ പ്രകാരം ദേശാഭമാനിയുടെ കോപ്പികൾ 595,338 ആണ്. മുമ്പ് 409,698 കോപ്പുകളും.

അതേസമയം കോപ്പികളുടെ എണ്ണത്തിൽ ഇടിവുണ്ടെങ്കിലും മലയാള മനോരമ തന്നെയാണ് മലയാളത്തിലെ പത്രങ്ങളിൽ മുമ്പിൽ. യുഡിഎഫ് അനുകൂല നിലപാട് സ്വീകരിക്കുമ്പോൾ തന്നെ ഇടതുപക്ഷത്തെയും കോർത്തിണക്കി കൊണ്ടുപോകുന്നു എന്നത് തന്നെയാണ് അവരുടെ പ്രൊഫഷണലസിലസത്തിന്റെ തെളിവ്. അതുകൊണ്ട് തന്നെ മലയാള പത്രങ്ങളിൽ മനോരമയെ തോൽപ്പിക്കാൻ ആർക്കും സാധിക്കുന്നില്ലെന്നത് ഒരു വസ്തുകയാണ്.

ദേശീയ തലത്തിൽ നാല് ഹിന്ദി പത്രങ്ങൾക്കും ടൈംസ് ഓഫ് ഇന്ത്യക്കും ശേഷം ആറാം സ്ഥാനത്താണ് സർക്കുലേഷന്റെ കാര്യത്തിൽ മനോരമ ദിനപത്രം. ഒന്നാം സ്ഥാനത്ത് ഹിന്ദി പത്രമായ ദൈനിക് ജാഗരൺ ആണ്. 39 ലക്ഷത്തിലേറെ കോപ്പികളാണ് ദൈനിക് ജാഗരണ് ഉള്ളത്. രണ്ടാം സ്ഥാനത്ത് 3,758,949 കോപ്പികളുമായി ദൈനിക് ഭാസ്‌ക്കറും മൂന്നാം സ്ഥാനത്ത് ഹിന്ദുസ്ഥാൻ പത്രവുമാണുള്ളത്. ടൈംസ് ഓഫ് ഇന്ത്യയുടെ സ്ഥാനം നാലാമതാണ്. 2,716,291 കോപ്പികളാണ് ടൈംസ് ഓഫ് ഇന്ത്യക്കുള്ളത്. മുൻ തവണത്തേക്കാൾ വലിയ ഇടിവ് തന്നെ ടൈംസ് ഓഫ് ഇന്ത്യക്ക് ഉണ്ടായിട്ടുണ്ട്. അമർ ഉജല പത്രം അഞ്ചാം സ്ഥാനത്തും തുടരുന്നു. ദേശീയ തലത്തിൽ മാതൃഭൂമിയുടെ സ്ഥാനം പത്താമതാണ്.

പത്രങ്ങളെ സംബന്ധിച്ചിടത്തോളം ഒട്ടും ആശാവഹമല്ലാത്ത റിപ്പോർട്ടാണ് എബിസി പുറത്തുവന്നത്. സർക്കുലേഷൻ വർദ്ധനവുണ്ടാകുമ്പോൾ വലിയ തോതിൽ പരസ്യം നൽകുന്ന പത്രങ്ങൾ ഇവിടുണ്ടായതിനെ കുറിച്ച് അധികമൊന്നും മിണ്ടുന്നില്ല. നേരത്തെ തെരഞ്ഞെടുപ്പ് വേളയിൽ അടക്കം യുഡിഎഫ് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെങ്കിലും മനോരമ പത്രത്തിന്റെ സ്വീകാര്യതയ്ക്ക് യാതൊരു ഇടിവും സംഭവിച്ചിരുന്നില്ല. എന്നാൽ അടുത്തിടെ പത്രത്തിന്റെ സർക്കുലേഷൻ ഇടിഞ്ഞത് സോഷ്യൽ മീഡിയ ആക്ടിവിസത്തിന്റെ കൂടി ഭാഗമായാണ്. കാര്യമായ തോതിൽ വാർത്തകൾ സൈബർ ഇടങ്ങളിൽ നിന്നും ലഭിക്കുമ്പോൾ പിന്നീട് പത്രമെന്തിന് എന്ന തോന്നൽ ശക്തമാണ് താനും.

അതേസമയം പ്രവാചക നിന്ദ അടക്കമുള്ള വിഷയങ്ങളിൽപെട്ട് വിവാദങ്ങളിൽ കുരുങ്ങിയ മാതൃഭൂമിക്ക് സർക്കുലേഷന്റെ കാര്യത്തിൽ കാര്യമായി മുന്നോട്ടു പോകാൻ സാധിച്ചിരുന്നില്ല. പത്രത്തെ ആകർഷകമാക്കുന്ന ഘടകങ്ങൾ നൽകുന്നതിലും മാതൃഭൂമി പിന്നിലാണ്. ഇടയ്ക്ക് ലേ ഔട്ടിന്റെ കാര്യത്തിൽ പരിഷ്‌ക്കരണം വരുത്തിയപ്പോൾ അതിനെ പരമ്പരാഗത വായനക്കാർ പോലും അംഗീകരിക്കാൻ തയ്യാറായില്ല. ഇപ്പോൾ വീണ്ടും മുഖം മിനുക്കി പത്രം രംഗത്തുണ്ട്. വീരേന്ദ്രകുമാർ ഇടതുപക്ഷത്തേക്ക് ചായുന്നതോടെ പത്രത്തിന്റെ രാഷ്ട്രീയ ചായ്വിലും മാറ്റം വന്നേക്കും.