രു മലയാളി ലോകത്ത് ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്നത് എന്തിനെ ആയിരിക്കും? അവന് സ്വയം സ്‌നേഹിക്കാം, കുടുംബത്തേയും സുഹൃത്തുക്കളേയും സ്‌നേഹിക്കാം, പണത്തേയും പ്രശസ്തിയേയും സ്‌നേഹിക്കാം. തീർച്ചയായും സ്വന്തം മതത്തേയും രാഷ്ട്രീയ കക്ഷികളേയും സ്‌നേഹിക്കാം. ഇതിനെല്ലാം മുകളിൽ നമ്മൾ എന്തിനെയെങ്കിലും സ്‌നേഹിക്കുന്നുണ്ടെങ്കിൽ അത് മലയാളം എന്ന നമ്മുടെ ഭാഷയെ തന്നെ ആയിരിക്കും. കാരണം നമുക്ക് ആരെയെങ്കിലും സ്‌നേഹിക്കാൻ കഴിയുന്നത് ഈ ഭാഷ ഉള്ളതുകൊണ്ടല്ലേ? ഇതിലെ വാക്കുകൾ ഉള്ളതുകൊണ്ടല്ലേ?

അങ്ങനെയെങ്കിൽ നിങ്ങൾ സ്‌നേഹിക്കേണ്ട ഒന്നുകൂടി ഉണ്ട് ഈ ലോകത്ത്. അത് മലയാള മനോരമ അല്ലാതെ മറ്റൊന്നുമല്ല. കാരണം നമ്മുടെ ഭാഷ ഇത്രയും വളർന്നതിനും അത് ലോക പ്രശസ്തമായതിനും അതിന് ജനകീയത കൈവന്നതിനുമൊക്കെ മനോരമയ്ക്കുള്ള പങ്ക് മറ്റാർക്ക് അവകാശപ്പെടാൻ കഴിയും? മനോരമ ഇതൊക്കെ ചെയ്തത് കച്ചവട ലക്ഷ്യത്തോടെയാണ് എന്ന് ചിലർ ആരോപണം ഉന്നയിച്ചേക്കാം. അതിൽ തർക്കിക്കാൻ ഞങ്ങളില്ല. കേരളത്തിലെ ഏറ്റവും നല്ല കച്ചവടക്കാർ മനോരമ കുടുംബം തന്നെയാണ്. എന്നാൽ അവർ കച്ചവടം ചെയ്ത് ലാഭം ഉണ്ടാക്കുമ്പോഴും ആ കച്ചവടത്തിന്റെ ഉപോൽപ്പന്നമായി നമ്മുടെ ഭാഷ വളരുകയായിരുന്നു.

ഇന്ന് കേരളത്തിലെ പത്രഭാഷയുടെ സൃഷ്ടാക്കൾ മനോരമ അല്ലാതെ മറ്റാരുമല്ല. സാമൂഹ്യ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മനോരമ മടി കാണിക്കുന്നു എന്ന ആരോപണം നിലനിൽക്കുമ്പോൾ തന്നെ അവരുടെ താൽപര്യത്തിന് വിരുദ്ധമായ വിഷയം ആണെങ്കിൽ കൂടി അത് ഒരു വാർത്തയാണെങ്കിൽ തിരസ്‌കരിക്കാതിരിക്കാനുള്ള മാന്യതയും പ്രൊഫഷണലിസവും മനോരമ കാട്ടുന്നു. എൻഡോസൾഫാൻ ആണെങ്കിലും പ്ലാച്ചിമട ആണെങ്കിലും ആദിവാസികളുടേയും കർഷകരുടേയും പ്രശ്‌നങ്ങൾ ആണെങ്കിലും ശരി അവരുടെ കച്ചവട താത്പര്യം മറ്റൊന്നാണെങ്കിലും പൊതുസമൂഹത്തിന്റെ വികാരം മനോരമ ഒരിക്കലും കണ്ടില്ലെന്ന് നടിക്കാതെ മൗനം പാലിക്കാറില്ല.

മലയാളികൾ ഭൂരിപക്ഷവും മനോരമയെ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടാണ് വർഷങ്ങളായി മലയാളികൾ ഏറ്റവു കൂടുതൽ വായിക്കുന്ന പത്രമായി മനോരമ നിലനിൽക്കുന്നത്. കേരളം പോലെ ഒരു കൊച്ചു ദേശത്ത് ഒരു പത്രം 21 ലക്ഷം കോപ്പി അച്ചടിക്കുക എന്ന ഒരൊറ്റ കാര്യം മാത്രം മതി മനോരമയുടെ മഹത്വം തിരിച്ചറിയാൻ. കമ്യൂണിസ്റ്റ് പാർട്ടികൾ പോലും ജാതീയമായി കൊണ്ടിരിക്കുന്ന നാട്ടിൽ ജാതി കയറി പിടിക്കാത്ത ഒരേയൊരു സ്ഥലം മനോരമയാണ്. കേരളത്തിലെ എല്ലാ പത്രങ്ങളും അതിന്റെ ഉടമസ്ഥരുടെ ജാതിയുടെ അടിസ്ഥാനത്തിൽ മാത്രം നിലനിൽക്കുമ്പോൾ അതിൽ നിന്ന് മാറി കേരളത്തിന്റെ ദേശീയ പത്രം എന്ന് അവകാശപ്പെടാൻ മനോരമയ്ക്ക് മാത്രമേ കഴിയൂ.

അല്ലെങ്കിൽ ഓരോ പത്രത്തേയും എടുത്തു നോക്കൂ. രണ്ടാമത്തെ വലിയ പത്രമായ മാതൃഭൂമിയുടെ ഭൂരിപക്ഷം വായനക്കാരും ഉയർന്ന ജാതിയിൽപ്പെട്ട ഹിന്ദുക്കളും മറ്റ് ഹിന്ദുക്കളുമാണ്. കേരളാ കൗമുദിയുടെ വായനക്കാരിൽ ഭൂരിപക്ഷവും ഈഴവരാണ്. ദീപിക കത്തോലിക്കാക്കാരുടേയും മാദ്ധ്യമം മുസ്ലീമുകളുടേയും ബലത്തിൽ ആണ് പിടിച്ച് നിൽക്കുന്നത്. പാർട്ടി പത്രങ്ങൾ ഒഴിച്ചു നിർത്തിയാൽ പിന്നെ അവശേഷിക്കുന്നത് മംഗളം മാത്രമാണ്. മനോരമയുടെ കാര്യം എന്നാൽ സ്ഥിതി വ്യത്യസ്ഥമാണ്. കേരളത്തിലെ ഒരു ന്യൂനപക്ഷം മാത്രമായ ഓർത്തഡോക്‌സ് സഭാ വിശ്വാസമുള്ളവരാണ് മനോരമ കുടുംബം. എന്നാൽ മനോരമ വായനക്കാർക്ക് ജാതിയില്ല. ക്രിസ്ത്യാനിയുടേയും ഹിന്ദുവിന്റെയും മുസ്ലീമിന്റെയും വീട്ടുമുറ്റത്ത് മനോരമ വന്നു വീഴും.

മനോരമയ്‌ക്കെതിരെ ധാരാളം വിമർശനങ്ങൾ ഉയരാറുണ്ട്. കച്ചവട താത്പര്യത്തിന് വേണ്ടി എന്തും ചെയ്യുമെന്നതാണ് ഇത്തരത്തിലുള്ള പ്രധാന ആരോപണം. മനോരമയുടെ പേരുകേട്ട മാർക്‌സിസ്റ്റ് വിരോധം, സാധാരണ ജനങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിനോടുള്ള എതിർപ്പ് തുടങ്ങിയവയൊക്കെ ഇക്കൂട്ടത്തിൽ പെടും. ഇതിൽ ചിലതൊക്കെ സത്യം ആണുതാനും. എന്നാൽ മാർക്‌സിസ്റ്റ് പാർട്ടിയെ നഖശിഖാന്തം എതിർത്തു കൊണ്ട് തന്നെ എല്ലാ മാർക്‌സിസ്റ്റുകാരെക്കൊണ്ടും മനോരമ പണം കൊടുത്ത് വാങ്ങിപ്പിക്കുന്ന ഈ കഴിവിനെ എങ്ങിനെ അംഗീകരിക്കാതിരിക്കാൻ സാധിക്കും? ഇഎംഎസും ഇകെ നയനാരും ഒക്കെ മരിച്ചപ്പോൾ മറ്റെല്ലാ പത്രങ്ങളെക്കാളും ഭംഗിയിലും തീവ്രതയിലും ആ വികാരം ഉൾക്കൊണ്ട് കൊണ്ട് പത്രം ഇറക്കിയത് മനോരമ ആയിരുന്നു. ഇത് ഈ നേതാക്കളോട് അവർക്കുള്ള താത്പര്യത്തേക്കാൾ ഉപരി പത്രപ്രവർത്തനത്തിന്റെ സമാനതകൾ ഇല്ലാത്ത പ്രൊഫഷണലിസത്തിന്റെയും പത്രം വായിക്കപ്പെടണമെന്ന് സന്ധിയില്ലാത്ത ആഗ്രഹത്തിന്റെയും പ്രതിഫലനമായിരുന്നു.

ഈ സമാനതകളില്ലാത്ത പ്രൊഫഷണലിസത്തെ നമുക്ക് വിസ്മരിക്കാൻ സാധിക്കുമോ? മാതൃഭൂമി അടക്കമുള്ള മറ്റ് പത്രസ്ഥാപനങ്ങളിലെ ജീവനക്കാരെ വച്ച് നോക്കുമ്പോൾ കൂടുതൽ സംതൃപ്തികരമായ തൊഴിൽ അന്തരീക്ഷം മനോരമയിൽ ഉണ്ടെന്ന് വ്യക്തമാണ്. തൊഴിലാളി സ്‌നേഹം പറയുന്ന സ്ഥാപനങ്ങളുടേതിനേക്കാൽ മികച്ച വേതന വ്യവസ്ഥയും മനോരമ നൽകി വരുന്നു. എവിടെ ജോലി ചെയ്താലും പത്രമാനേജ്‌മെന്റിന്റെ നിലപാടുകൾക്കും തന്ത്രങ്ങൾക്കും ഒപ്പം നിന്നു കൊടുക്കുക മാത്രമാണ് പത്രപ്രവർത്തകന്റെ തൊഴിൽ എന്നതിനാൽ മെച്ചപ്പെട്ട ജോലി സാഹചര്യം ഉള്ള മനോരമയിലേക്ക് മികച്ച പ്രതിഭകൾ ഒഴുകിയെത്തുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്.

ഇതുകൊണ്ടെക്കെ തന്നെയാണ് 125- ജന്മദിനം ആഘോഷിക്കുന്ന മനോരമയെ അഭിനന്ദിക്കാൻ ഞങ്ങൾക്ക് അൽപ്പം പോലും മടിയില്ലാത്തത്. അന്ധമായ മനോരമാ വിരോധം ഉള്ള പ്രിയ സുഹൃത്തുക്കളോട് ഞങ്ങൾക്ക് ഒന്നു ചോദിക്കാനുണ്ട്. ആ വിരോധത്തിന്റെ അടിത്തറ എന്താണ്? നിങ്ങൾ സ്വയം ചിന്തിക്കുക. ഭൂമി മലയാളത്തിന്റെ വളർച്ചയിൽ മനോരമ തെളിയിച്ച എല്ലാ ദീപങ്ങളും ഇനിയും കത്തിജ്വലിക്കട്ടെ എന്നു മാത്രമാണ് ഞങ്ങൾക്ക് ആശംസിക്കാൻ ഉള്ളത്. മലയാളത്തിന്റെ പത്ര മുതശ്ശിയായ മലയാള മനോരമയ്ക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ.