- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഥയുടെ കാവ്യമേള
കവിതയ്ക്കു നഷ്ടമായ ഭാവനാസ്ഥലങ്ങൾ കൂടി ഏറ്റെടുത്തുകൊണ്ടാണ് മലയാളത്തിൽ ആധുനികാനന്തര ചെറുകഥ നിലനിൽക്കുന്നത്. നോവൽപോലെ സജീവമല്ലെങ്കിലും സാന്ദർഭികമായെങ്കിലും ചർച്ചകളുണർത്തിവിടാനുള്ള ഭാവുകത്വശേഷി ഇപ്പോഴും ചെറുകഥയ്ക്കുണ്ട്. സന്തോഷ് ഏച്ചിക്കാനത്തിന്റെ 'ബിരിയാണി' ഉയർത്തിവിട്ട തർക്കങ്ങൾക്കു പിന്നിലെ വായനാവൈവിധ്യം അവസാനത്തെ ഉദാഹരണമാണ്. ആനന്ദിന്റെയും എൻ. എസ്. മാധവന്റെയും സാറാജോസഫിന്റെയും പിന്മുറക്കാരാണ് മലയാളത്തിലെ മികച്ച ആധുനികാനന്തര കഥാകൃത്തുക്കൾ. രാഷ്ട്രീയതീവ്രവും ജീവിതതീഷ്ണവും ആഖ്യാനസുന്ദരവും ഭാവബന്ധുരവുമാണ് പൊതുവെ ഈ തലമുറയിൽ നിന്നുണ്ടാകുന്ന മികച്ച കഥകൾ മിക്കതും. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാളചെറുകഥാമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന പതിനെട്ടുകഥാകൃത്തുക്കളെക്കുറിച്ച് അജിതൻ മേനോത്ത് എഴുതിയ ലഘൂപന്യാസങ്ങളുടെ ഈ സമാഹാരം വെളിപ്പെടുത്തുന്നതും മറ്റൊന്നല്ല. 1990 ന് മുൻപും(യു. കെ. കുമാരൻ, കെ.പി. രാമനുണ്ണി, അശോകൻ ചരുവിൽ, ജോർജ്ജ് ജോസഫ്, കെ. ചന്ദ്രമതി...) ശേഷവും കഥയെഴുത്തിൽ കടന്നുവന്നവരുണ്ട് ഇക്കൂട്ടത്തിൽ. ഏറ
കവിതയ്ക്കു നഷ്ടമായ ഭാവനാസ്ഥലങ്ങൾ കൂടി ഏറ്റെടുത്തുകൊണ്ടാണ് മലയാളത്തിൽ ആധുനികാനന്തര ചെറുകഥ നിലനിൽക്കുന്നത്. നോവൽപോലെ സജീവമല്ലെങ്കിലും സാന്ദർഭികമായെങ്കിലും ചർച്ചകളുണർത്തിവിടാനുള്ള ഭാവുകത്വശേഷി ഇപ്പോഴും ചെറുകഥയ്ക്കുണ്ട്. സന്തോഷ് ഏച്ചിക്കാനത്തിന്റെ 'ബിരിയാണി' ഉയർത്തിവിട്ട തർക്കങ്ങൾക്കു പിന്നിലെ വായനാവൈവിധ്യം അവസാനത്തെ ഉദാഹരണമാണ്. ആനന്ദിന്റെയും എൻ. എസ്. മാധവന്റെയും സാറാജോസഫിന്റെയും പിന്മുറക്കാരാണ് മലയാളത്തിലെ മികച്ച ആധുനികാനന്തര കഥാകൃത്തുക്കൾ. രാഷ്ട്രീയതീവ്രവും ജീവിതതീഷ്ണവും ആഖ്യാനസുന്ദരവും ഭാവബന്ധുരവുമാണ് പൊതുവെ ഈ തലമുറയിൽ നിന്നുണ്ടാകുന്ന മികച്ച കഥകൾ മിക്കതും. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാളചെറുകഥാമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന പതിനെട്ടുകഥാകൃത്തുക്കളെക്കുറിച്ച് അജിതൻ മേനോത്ത് എഴുതിയ ലഘൂപന്യാസങ്ങളുടെ ഈ സമാഹാരം വെളിപ്പെടുത്തുന്നതും മറ്റൊന്നല്ല. 1990 ന് മുൻപും(യു. കെ. കുമാരൻ, കെ.പി. രാമനുണ്ണി, അശോകൻ ചരുവിൽ, ജോർജ്ജ് ജോസഫ്, കെ. ചന്ദ്രമതി...) ശേഷവും കഥയെഴുത്തിൽ കടന്നുവന്നവരുണ്ട് ഇക്കൂട്ടത്തിൽ. ഏറെശ്രദ്ധേയരായ ചിലരെ ഉൾപ്പെടുത്താതെയുമുണ്ട് അജിതൻ. (അഷ്ടമൂർത്തി, കെ. എ. സെബാസ്റ്റ്യൻ, പി.ജെ.ജെ. ആന്റണി, ഇന്ദുമേനോൻ...) എങ്കിലും പുതിയ നൂറ്റാണ്ടിലെ മലയാളിയുടെ ജീവിതത്തെയും മലയാളത്തിന്റെ ഭാവനയെയും പലനിലകളിൽ പ്രശ്‌നവൽക്കരിക്കുന്ന ലോകബോധങ്ങളുടെ ആഖ്യാനരൂപകങ്ങളാകുന്നു, ഈ പഠനത്തിൽ സൂചിതമാകുന്ന കഥകൾ ഏതാണ്ടൊന്നടങ്കം.
രണ്ടു കാഴ്ചപ്പാടുകളാണ് ഈ കഥാപഠനങ്ങൾക്കാധാരമായിത്തീരുന്നത്. ഒന്ന്, ആധുനികാനന്തര, ആഗോളവൽകൃത കാലത്തെയും ലോകത്തെയും ഭാഷയിൽ സ്ഥാനപ്പെടുത്തുന്നവയാണ് ഈ കഥാകൃത്തുക്കളും അവരുടെ പുതിയ നൂറ്റാണ്ടിലെ കഥകളും എന്നത്. രണ്ട്, ഓരോ കഥാകൃത്തിനെയും ഒരു സവിശേഷ ഭാവുകത്വ സ്വഭാവം മുൻനിർത്തി സമീപിക്കുക എന്നത്.
ഒന്നാമത്തെ കാഴ്ചപ്പാട്, പൊതുവിൽ ഈ കഥാകൃത്തുക്കളെയും അവരുടെ രചനകളെയും സമീപിക്കാനുള്ള ചരിത്ര പശ്ചാത്തലമാണെങ്കിൽ രണ്ടാമത്തേത് സവിശേഷപഠനത്തിനുള്ള സാംസ്‌കാരിക സന്ദർഭമാകുന്നു. അതേസമയം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാംപതിറ്റാണ്ടിൽപോലും ഒന്നാന്തരം കഥകളെഴുതി നിലനിൽക്കുന്ന ആനന്ദ് ഉൾപ്പെടെയുള്ളവരൊന്നും ഈ പഠനത്തിൽ പരിഗണിക്കപ്പെടുന്നില്ല എന്നതും ഓർക്കണം. ചുരുക്കത്തിൽ ആധുനികതക്കുശേഷം മാത്രം രചനാലോകത്തേക്കുവന്ന കഥാകൃത്തുക്കളിൽ ചിലർ പുതിയ നൂറ്റാണ്ടിലെഴുതിയ ശ്രദ്ധേയമായ ചില കഥകളുടെ ആസ്വാദനവും അവലോകനവുമാണ് അജിതന്റെ താൽപര്യം എന്നു വ്യക്തം.
ഏതേതു മാനദണ്ഡങ്ങളിലാണ് ഈ കഥാകൃത്തുക്കളെ അജിതൻ തന്റെ പഠനത്തിനു വിഷയമാക്കുന്നത് എന്നുനോക്കാം. കെ.പി. രാമനുണ്ണി മുതൽ ചന്ദ്രമതി വരെയുള്ള മുതിർന്ന കഥാകൃത്തുക്കളെക്കുറിച്ചുള്ളവയാണ് ഒരു വിഭാഗം പഠനങ്ങൾ. സവിശേഷമായ പദനിർമ്മിതിയിലാണ് രാമനുണ്ണിയുടെ കഥാതന്ത്രത്തെ നിരൂപകൻ കണ്ടെത്തുന്നത്. മുഖലക്ഷണം, എം ടി.പി, പ്രഹരം, കൂർക്കോസ്, ജാതിചോദിക്കൂ, രാത്രിവിരുന്ന്, പ്രണയലീല തുടങ്ങി കഥകളിൽ രാമനുണ്ണി അവതരിപ്പിക്കുന്ന വേറിട്ട പദകോശമാണ് അജിതന്റെ നിരീക്ഷണങ്ങൾക്കാധാരം. എഴുത്തിലും വായനയിലും നടക്കുന്ന ഭാഷാധിഷ്ഠമായ ഒരു നവീകരണമായി ഇതദ്ദേഹം കണ്ടെത്തുന്നു.
നാടിനോടും വീടിനോടുമുള്ള ഗൃഹാതുരതയാണ് യു.കെ. കുമാരന്റെ കഥകളിലേക്കുള്ള നോട്ടത്തിനടിത്തറ. ആധുനികതക്കു മുൻപുതൊട്ടുതന്നെയുള്ള ഈ കാല്പനിക ഗൃഹാതുരതയാണ് ഇന്നും കുമാരന്റെ കഥാലോകത്തെ മാറ്റിനിർത്തുന്നതെന്ന് നിരൂപകൻ കരുതുന്നു. വീടു സംസാരിക്കുന്നു, ഒറ്റമുറിക്കൊട്ടാരം, റയിൽപാളത്തിലിരുന്ന് ഒരു കുടുംബം സംസാരിക്കുന്നു, കഥാന്ത്യം, ഓരോവിളിയും കാത്ത്... എന്നിങ്ങനെ ഓരോ കഥയും വീടും കുടുംബവും മനുഷ്യബന്ധങ്ങളും ഉൾക്കൊള്ളുന്ന ഒരു ചാക്രികവ്യവസ്ഥയുടെ ആലേഖനമായി മാറുന്നു.
അശോകൻ ചരുവിലിന്റെ കഥകളിൽനിന്ന് മാനുഷികതയുടെ പ്രത്യയശാസ്ത്രമാണ് അജിതൻ കണ്ടെടുക്കുന്നത്. പലതരം വീടുകൾ, രണ്ടു നൂൽപ്പുകാർ, ദ്വാരകാ ടാക്കീസ്, പൂങ്കുന്നം, ബലികുടീരങ്ങൾ, അന്തിക്കാട് എത്രജന്നിമാർ ഉണ്ട്?.... സമൂഹവും കാലവും വ്യക്തിക്കും മനുഷ്യനും മേലുള്ള വിശ്വാസങ്ങൾക്കേല്പിക്കുന്ന ആഘാതങ്ങളെ നിർമ്മമമായല്ലാതെ കാണാൻ കഴിയുന്ന രാഷ്ട്രീയം അശോകനുണ്ട് എന്ന് ഈ പഠനം ചൂണ്ടിക്കാണിക്കുന്നു.
അക്‌ബർ കക്കട്ടിലിന്റെ കഥകളിലെ അദ്ധ്യാപകലോകം, പി.കെ പാറക്കടവിന്റെ കുറുങ്കഥകളിലെ ശില്പവൈദഗ്ധ്യം, ജോർജ്ജ് ജോസഫ് കെ. യുടെ കഥകളിലെ ഭ്രമകല്പനകൾ എന്നിവ ചർച്ച ചെയ്യുന്നു, തുടർന്ന്. കാരൂർ മലയാളകഥയിൽ സൃഷ്ടിച്ച 'വാധ്യാർലോക'ത്തിന്റെ മികച്ച പിൽക്കാല മാതൃകയാണ് അക്‌ബറിന്റേത്. കുഞ്ഞുണ്ണികവിതയിൽ സൃഷ്ടിച്ച നർമ്മത്തിന്റേയും വിമർശനത്തിന്റെയും ഇരുട്ടക്കുഴൽ കളിത്തോക്കാണ് പാറക്കടവിന്റെ കഥാലോകം. ജീവിതവും മരണവും തമ്മിലുള്ള ഒളിച്ചുകളിക്കിടയിൽ യാഥാർത്ഥ്യത്തെ ഫാന്റസിയാക്കി മാറ്റുന്ന മനുഷ്യാവസ്ഥകളുടെ കഥനമാണ് ജോർജ്ജ് ജോസഫിന്റേത്.
പുതിയ കാലത്തിന്റെ ആത്മീയപ്രതിസന്ധികളെ ജീവിതതീഷ്ണമായാവിഷ്‌ക്കരിക്കുകയാണ് ശിഹാബുദ്ദീൻ പൊയ്ത്തും കടവിന്റെ കഥകൾ. മനസ്സിന്റെ ഉള്ളറകളുടെ അപഗ്രഥനം, ഏകാന്തതയുടെ അനാവരണം, വൈയക്തികാനുഭവങ്ങളുടെ കാഠിന്യം, രാഷ്ട്രീയാധിപത്യങ്ങളുടെ അപനിർമ്മാണം... ശിഹാബുദ്ദീന്റെ രചനാലോകത്തെ അജിതൻ വിദഗ്ദ്ധമായഴിച്ചെടുക്കുന്നു.
'ജീവിതത്തിന്റെ അപൂർണതയിലേക്കും അനിയന്ത്രിതമായ മനുഷ്യകാമനകളുടെ അർഥരാഹിത്യത്തിലേക്കുമുള്ള പകർന്നാട്ടമാണ്' ചന്ദ്രമതിയുടെ കഥകൾ എന്ന് അജിതൻ പറയും. ഫെമിനിസത്തെ കാപട്യമായി കാണുന്നുവെന്നതാണ് ചന്ദ്രമതിയുടെ മൗലികതയായി നിരൂപകൻ കണ്ടെത്തുന്ന സ്വഭാവം.
സന്തോഷ് ഏച്ചിക്കാനം, ഇ. സന്തോഷ്‌കുമാർ, സുഭാഷ്ചന്ദ്രൻ, കെ.ആർ. മീര, എസ്. ഹരീഷ് എന്നിങ്ങനെ പുതിയ തലമുറയിലെ ഏറ്റവും മികച്ച അഞ്ചുകഥാകൃത്തുക്കളെക്കുറിച്ചുള്ള അവലോകനങ്ങളാണ് മറ്റൊരു വിഭാഗം പഠനങ്ങൾ.
ആഗോളവൽക്കരണവും പ്രത്യയശാസ്ത്രങ്ങളുടെ തകർച്ചയും വ്യക്തികളിലും കുടുംബങ്ങളിലും സൃഷ്ടിക്കുന്ന അതിതീവ്രമായ സ്വത്വപ്രതിസന്ധികളിലാണ് ഏച്ചിക്കാനത്തിന്റെ ഊന്നൽ. പന്തിഭോജനം, കൊമാല, മീനത്തിലെ ചന്ദ്രൻ, കൃഷിപാഠം, ശ്വാസം എന്നീ കഥകൾ അപഗ്രഥിച്ചുകൊണ്ട്, കഥ അനുഭവിപ്പിക്കാനുള്ള സന്തോഷിന്റെ കലാവിരുത് അജിതൻ തുറന്നുകാട്ടുന്നു.
ആത്മാവ് ചെകുത്താനു പണയംവച്ച സമകാല ലോകക്രമങ്ങളുടെയും മൂല്യവ്യവസ്ഥകളുടെയും നിശിതമായ വിമർശനമാണ് സന്തോഷ്‌കുമാറിന്റെ കഥകളിലെന്നു കണ്ടെത്തുന്നു, അജിതൻ. മരണമാണ് സന്തോഷിന്റെ കഥകളിൽ ജീവിതത്തെക്കാൾ ആഘോഷിക്കപ്പെടുന്നത്. ഒരു മരണം, നിരവധി മരണങ്ങൾ, മരണത്തിന്റെ ചില സമീപദൃശ്യങ്ങൾ, അളവുകൾ തുടങ്ങിയ രചനകൾ മുൻനിർത്തി ഈ നിരീക്ഷണം നിരൂപകൻ മുന്നോട്ടുവയ്ക്കുന്നു.
പുത്രകാമേഷ്ടി, പറുദീസാനഷ്ടം, തല്പം, സതിസാമ്രാജ്യം തുടങ്ങിയ കഥകളിലൂടെ, സുഭാഷ്ചന്ദ്രന്റെ കഥകളവതരിപ്പിക്കുന്ന ചിന്താപരവും ലാവണ്യപരവുമായ ജീവിതക്കാഴ്ചകളന്വേഷിക്കുകയാണ് അജിതൻ. ഭാവാത്മകമായ ആഖ്യാനകലയിൽ ഈ കഥാകൃത്ത് പുലർത്തുന്ന മൗലികമായ വഴിമാറിനടപ്പിലാണ് പഠനത്തിന്റെ ഊന്നൽ.
പുരുഷാധീശ സാമൂഹ്യ-വൈകാരിക ഘടനകൾക്കുമേൽ സ്ത്രീ സ്വന്തം ശരീരവും ആത്മാവും കൊണ്ടു സ്ഥാപിക്കുന്ന വ്യക്തിത്വത്തിന്റെയും കാവ്യാത്മകമായ ഭാഷാവിന്യാസത്തിലൂടെ കഥയുടെ കലയിൽ കൈവരിക്കുന്ന ഭാവനയുടെ ഉണർവുകളുടെയും ലോകമാണ് കെ. ആർ. മീരയിൽ അജിതൻ കണ്ടെത്തുന്നത്. കരിനീല, ഓർമയുടെ ഞരമ്പ്, ആവേമരിയ, മോഹമഞ്ഞ, ഏകാന്തതയുടെ നൂറുവർഷങ്ങൾ... മീരയുടെ മികച്ച കഥകൾ പലതും മുൻനിർത്തിയുള്ള അപഗ്രഥനം.
ഹരീഷിന്റെ കഥാലോകം, ആധുനികാനന്തര മലയാളചെറുകഥയിലെ ഏറ്റവും മികച്ച ആഖ്യാനകലയ്ക്കും ഏറ്റവും തീവ്രമായ മാനവിക രാഷ്ട്രീയത്തിനും ഉദാഹരണമാണ്. 'രസവിദ്യയുടെ ചരിത്രം' മുതൽ 'ആദം' വരെയുള്ള രചനകൾ അജിതൻ ചർച്ചക്കെടുക്കുന്നു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 'പതിനെട്ടു കവിതകൾ' പോലെ ഹരീഷിന്റെ 'പതിനെട്ടു കഥകൾ' മലയാളത്തിലെ സമകാല സാഹിത്യചരിത്രത്തിൽ ഒരു നാഴികക്കല്ലാണ്.
വി.ആർ. സുധീഷ്, ബന്യാമിൻ, ബി. മുരളി, ഉണ്ണി ആർ തുടങ്ങിയവരെക്കുറിച്ചുള്ള നിരീക്ഷണങ്ങളും പഠനങ്ങളുമാണ് ബാക്കിലേഖനങ്ങൾ.
സുധീഷ് മനുഷ്യാസ്തിത്വത്തെക്കുറിച്ചുള്ള മികച്ച സറ്റയറുകളും അലിഗറികളുമവതരിപ്പിക്കുമ്പോൾ ബന്യാമിൻ പ്രവാസമലയാളിയുടെ ആഗോളജീവിതസാധ്യതകളും സമസ്യകളും പങ്കുവയ്ക്കുന്നു. മുരളി, ഉത്തരാധുനികതയുടെ സാങ്കേതികശാഠ്യങ്ങളിൽ കെട്ടിമറിയുമ്പോൾ ഉണ്ണി നിരാർദ്രമായിപ്പോകുന്ന മനുഷ്യജീവിതത്തിന്റെ ഏടുകളന്വേഷിക്കുന്നു.
ആധുനികാനന്തരതയെ അടിമുടി ഋണാത്മകമായി കാണുന്നുവെന്നതാണ് അജിതന്റെ രാഷ്ട്രീയനിലപാടിന്റെ സ്വഭാവം. അദ്ദേഹം എഴുതുന്ന ഈ വാക്കുകൾ ശ്രദ്ധിക്കുക: 'ആഗോളീകരണത്തിന്റെ ചുവടുപിടിച്ച് 20-ാം നൂറ്റാണ്ടിന്റെ ഒടുക്കത്തിലും 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ദേശീയതലത്തിൽ ഇലക്‌ട്രോണിക് - സാങ്കേതികരംഗങ്ങളിൽ അമ്പരിപ്പിക്കുന്ന പുരോഗതിയുണ്ടായി. ഇത് മനുഷ്യന്റെ ഭൗതികജീവിതത്തെയും മനോഭാവങ്ങളെയും ആഴത്തിൽ സ്വാധീനിച്ചു. സദാചാരമൂല്യങ്ങളുടെ തകർച്ചയും കാപട്യങ്ങളും സമൂഹജീവിതത്തിന്റെ ചിഹ്നങ്ങളായി. കുടുംബജീവിതത്തെപ്പോലും സംഘർഷഭരിതമാക്കുന്ന ആസക്തിയുടെ കാണാപ്പുറങ്ങൾ, ഇന്റർനെറ്റ് - മൊബൈൽഫോൺ ദുരുപയോഗങ്ങൾ, ദൃശ്യമാദ്ധ്യമങ്ങളിലെ വിനോദാധിഷ്ഠിതവും അസംബന്ധിതവുമായ പരിപാടികൾ, പ്രത്യയശാസ്ത്രങ്ങളോടുള്ള വിരോധം, വർഗീയതയുടെ വളർച്ച, കുറ്റവാസനകളുടെ വ്യാപ്തി, നീതിബോധത്തിലെ പക്ഷപാതിത്വം എന്നിങ്ങനെ മൂല്യനിരാസത്തിന്റെ ഉത്തരാധുനികഘടകങ്ങൾ പെരുകിവന്നു'. '
പരിമിതികൾക്കും മുൻവിധികൾക്കുമിടയിലും സമകാല മലയാളചെറുകഥയെക്കുറിച്ചുള്ള ഒരു കൈപ്പുസ്തകം എന്ന നിലയിൽ ഈ പഠനഗ്രന്ഥം പ്രസക്തമാണ്.
പുസ്തകത്തിൽനിന്ന്:-
'വൈയക്തികമായ അനുഭവങ്ങളുടെ കാഠിന്യമാണ് ശിഹാബുദ്ദീന്റെ കഥകളിൽ നിറഞ്ഞു നിൽക്കുന്നത്. ഉറക്കം, നരഭോജികൾ, പ്രതിമയുടെ നഗരം, കടൽ ഭൂപടത്തിൽ കാണാത്ത ദ്വീപ്, ഉപ്പു നനഞ്ഞുള്ള കൈപ്പാടം എന്നിങ്ങനെ ഭൂരിഭാഗം കഥകളും ഈ സവിശേഷത പുലർത്തുന്നു.
എന്നാൽ ശിഹാബുദ്ദീൻ കഥകളുടെ രണ്ടാംഘട്ടം ശ്രദ്ധേയമായ ഒരു പരിണാമദശയെ അഭിമുഖീകരിക്കുന്നതായി തോന്നുന്നു. ആത്മവിശകലനത്തിന്റെ ശിൽപ്പവൈദഗ്ധ്യം നിലനിർത്തുന്നതോടൊപ്പം സാമൂഹിക പ്രാധാന്യമുള്ള പ്രതിപാദ്യങ്ങൾ തെരഞ്ഞെടുക്കുന്നതിനുള്ള നിഷ്‌കർഷയാണിത്. ഇത്തരത്തിൽ ശ്രദ്ധേയമായ ഒരു കഥയാണ് 'മലബാർ എക്സ്‌പ്രസ്സ്' തൊഴിലാളി പ്രസ്ഥാനം അഭിമുഖീകരിക്കുന്ന കാലിക ജീർണതയാണ് പ്രമേയം. നേതൃത്വത്തിന്റെ ആഡംബരപ്രിയതയും ഉത്തരനവാദിത്വരാഹിത്യവുമെല്ലാം നർമോക്തിയോടെ പ്രതിപാദിക്കുന്ന ഈ കഥ നവഭാവുകത്വപരമായ പ്രതിച്ഛായയുണർത്തുന്നു.
ആയിരംകളത്തിൽ ഗോവിന്ദൻ എന്ന കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ അനിഷേധ്യനേതാവാണ് കഥാനായകൻ. ആഡംബരപ്രിയനായ നേതാവ് സാധാരണക്കാരിൽ നിന്ന് എത്രയോ അകലെയാണെന്ന് മനസ്സിലാക്കണമെങ്കിൽ കഥതന്നെ വായിക്കണം. എ.സി കംപാർട്ടുമെന്റിനു പകരം അബദ്ധത്തിൽ മലബാർ എക്സ്‌പ്രസ്സിലെ ജനറൽ കംപാർട്ടുമെന്റിൽ കയറേണ്ടിവന്ന നേതാവിന്റെ അസഹിഷ്ണുതയും വീർപ്പുമുട്ടലുമാണ് കഥയുടെ പ്രമേയം. ആഖ്യാനത്തിലെ പരോക്ഷമായ ആക്ഷേപഹാസ്യവും നർമവും ആസ്വാദനക്ഷമത വർദ്ധിപ്പിക്കുന്നു. എ. സിയുടെ തണുപ്പുമാത്രം ശീലിച്ച ജനനായകൻ ജനറൽ കംപാർട്ടുമെന്റിൽ തനിക്കുമുന്നിൽ നിൽക്കുന്ന വിയർപ്പുമണമുള്ള സാധാരണക്കാരനെ തള്ളിമാറ്റാൻ ശ്രമിക്കുന്നു. മുന്നിൽനിന്ന് മാറിനിൽക്കാൻ അയാളോട് ആജ്ഞാപിക്കുകയും ചെയ്യുന്നു. ചങ്ങലവലിച്ച് തീവണ്ടി നിർത്തുവാനും സഖാവ് ശ്രമിക്കുന്നുണ്ട്. എല്ലാശ്രമങ്ങളും പരാജയപ്പെടുമ്പോൾ താൻ ആയിരം കളത്തിൽ ഗോവിന്ദനാണെന്ന് സ്വയം വിളിച്ചു പറയുന്നു. എന്നിട്ടും ഒരാൾ പോലും നേതാവിന് സീറ്റുകൊടുക്കുന്നില്ല. ജനനായകരെന്ന് അവകാശപ്പെടുന്നവർ ജനങ്ങളിൽ നിന്ന് എത്രയോ അകലെയാണെന്ന് സ്ഫുടീകരിക്കാനാണ് കഥാകൃത്തിന്റെ ശ്രമം. കമ്യൂണിസ്റ്റു പ്രസ്ഥാനം അഭിമുഖീകരിക്കുന്ന സമകാലജീർണതയെ സമർഥമായി വിചാരണ ചെയ്യുന്ന കഥയാണിത്. വൈയക്തിക വിഷയങ്ങളേക്കാൾ സാമൂഹിക പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ശിഹാബുദ്ദീന് കൂടുതൽ വൈദഗ്ധ്യമുണ്ടെന്ന് ഇക്കഥ അടയാളപ്പെടുത്തുന്നു.
മേൽപ്പറഞ്ഞ നിരീക്ഷണത്തെ സാധൂകരിക്കുന്ന മറ്റൊരു കഥയാണ് 'ചെടിമുളയ്ക്കാത്ത കാട്'. 'മലബാർ എക്സ്‌പ്രസ്സ് 'എന്ന കഥയുടെ രണ്ടാം ഭാഗമാണിത്.
പുതിയ കഥയിൽ മുഖ്യകഥാപാത്രമായ ആയിരം കളത്തിൽ ഗോവിന്ദന്റെ ആകസ്മികമരണവും അതുയർത്തുന്ന പ്രശ്‌നങ്ങളുമാണ് കഥാകൃത്തിന്റെ ഭാവനയിൽ അതിസമർഥമായ രാഷ്ട്രീയ ഐറണിയായി പരിണമിക്കുന്നത്. തന്റെ നേർക്ക് ചൂണ്ടയെറിയുന്ന മരണത്തിന്റെ സാന്നിധ്യംപോലും സഖാവിന് തിരിച്ചറിയാൻ സാധിക്കാത്തത് അധികാരഭ്രാന്തുമൂലമാണ്. സ്വപ്നലോകത്തെ പോളിറ്റ്ബ്യൂറോ മീറ്റിങ്ങിനിടയിലും ഇവനെ (മരണത്തെ) പിടിച്ചുപുറത്താക്കാൻ ആരുമില്ലേ? എന്ന ആത്മവിചാരം കലശലാകുന്നു. സഖാവിന്റെ മരണഗർവും അതേസമയം നിസ്സാരതയും അവതരിപ്പിക്കുന്നത് ഇങ്ങനെ: ''മരണത്തിന്റെ ഏകാന്തതടവിൽ ആ ശരീരം വനകൽപ്പനയടങ്ങി മയങ്ങി. പാർട്ടിക്കുള്ളിലെ എതിരാളികളെ ഭയപ്പെടുത്തും വിധം അദ്ദേഹത്തിന്റെ ചുണ്ടിൽ അന്തകവിത്തുപോലൊരു പുഞ്ചിരി മരവിച്ച നിലയിൽ വീർത്തുകിടന്നു. ചിരിച്ചു മണ്ണുകപ്പിക്കാണും മരണം''. പാർട്ടിയിൽ അത്യുന്നത പദവിയിലിരിക്കുന്ന സഖാവിന്റെ ജീവിത നിലവാരം അസൂയാവഹമാണെന്നും ധ്വനിപ്പിക്കുന്നു. ന്യൂയോർക്കിൽ നിന്ന് മൂത്തമകനും ഹൂസ്റ്റണിൽനിന്ന് മകളും കാനഡയിൽ നിന്ന് പേരക്കുട്ടികളും പുറപ്പെട്ടു കഴിഞ്ഞു എന്ന പരാമർശം ഇത്തരത്തിൽ ഒന്നുമാത്രം. സംസ്ഥാന കമ്മിറ്റിയംഗം സ. ഓലയമ്പാടിയുടെ മരുമകനും അമേരിക്കയിലാണ്. പാർട്ടിക്കുള്ളിലെ ആഭ്യന്തരശത്രുതയെ സ്ഫുടീകരിക്കുവാനും കഥാസന്ദർഭങ്ങൾ പ്രയേജനപ്പെടുത്തിയിട്ടുണ്ട്.
സഖാവ് ഗോവിന്ദന്റെ മൃതശരീരം അനുനിമിഷം വീർത്തു വലുതാകുന്ന പ്രതിഭാസമാണ് കഥയുടെ കേന്ദ്രബിന്ദു. പാർട്ടിക്ക് ഒളിപ്പിച്ചുവയ്ക്കാത്ത പ്രതിഭാസമായി അത് വീർത്തുകൊണ്ടിരുന്നു എന്ന പരാമർശത്തിൽ പാർട്ടിരഹസ്യങ്ങളുടെ പൊള്ളത്തരവും പരിഹാസപ്പെടുന്നു. മുറ്റവും പരിസരവും പാർട്ടിഗ്രാമങ്ങളും ജനവാസകേന്ദ്രങ്ങളും പടിപടിയായി അധിനിവേശം ചെയ്ത് മൃതശരീരം വളരുകയാണ്. ഈ വിചിത്രകൽപ്പനയിലൂടെ പ്രത്യയശാസ്ത്രത്തിന്റെയും പ്രായോഗിക രാഷ്ട്രീയത്തിന്റെയും സമൂലമായ അപചയങ്ങളെ കഥാകൃത്ത് നിശിതമായി വിമർശിക്കുന്നു. സമത്വസുന്ദരലക്ഷ്യങ്ങളെ തമസ്‌കരിച്ച്, പ്രത്യയശാസ്ത്രത്തെ വിപണിവൽക്കരിച്ച് അധികാര ലാഭേച്ഛയാൽ സ്വയം തടിച്ചുകൊഴുക്കുന്ന സമകാലനേതൃത്വത്തിന്റെ ജീർണതയാണ് ഫാന്റസിയിൽ ഒളിഞ്ഞിരിക്കുന്ന യാഥാർത്ഥ്യം.
പ്രത്യയശാസ്ത്രകാപട്യത്തിന് അനുപൂരകമായി നിൽക്കുന്ന ബുദ്ധിജീവിനാട്യങ്ങളെയും സമർഥമായി ആക്ഷേപിക്കുന്നുണ്ട്. സ. ആയിരം കളത്തിൽ ഗോവിന്ദന്റെ ശവശരീരം ഭീമാകാരമായി വളരുകയാണ്. എന്നിരിക്കിലും മൃതദേഹത്തിന് ദുർഗന്ധമില്ല എന്ന പരാമർശം ബോധപൂർവമാണ്. അപചയത്തിന്റെ നാറ്റങ്ങളെ സുഗന്ധമായി സ്വീകരിക്കുന്ന തരത്തിൽ പ്രസ്ഥാനത്തിന്റെ വിപരീതവൽക്കരണം സമ്പൂർണമായിരുന്നു എന്ന സൂചനയാണത്.
വ്യാപാരവൽക്കരണത്തിന്റെ കോർപ്പറേറ്റ് ചിഹ്നമായി പരിണമിക്കുകയാണ് സഖാവിന്റെ മൃതശരീരം. വൻതോതിൽ ടോൾ പിരിക്കാവുന്ന തരത്തിൽ ദേശീയപാതയുടെ വികസനത്തിനായുള്ള അസംസ്‌കൃത വസ്തുവായി തീരുകയാണത്. പ്രാദേശികനേതാവായ സ. രമേശനുപോലും സ്വന്തം മുതൽമുടക്കില്ലാതെതന്നെ ഈ സംരംഭത്തിൽ ഓഹരിക്കുള്ള അർഹത ലഭിക്കുന്നു. സമ്പന്നതയിൽ, ഇന്നോവ കാറിന്റെ തണുപ്പിലിരുന്ന് സൈദ്ധാന്തികഗ്രന്ഥങ്ങളെ അയാൾ പുറത്തേക്ക് വലിച്ചെറിയുന്നു. പകരം ചെക്കുപുസ്തകങ്ങളെ ഓമനിക്കുകയും ചെയ്യുന്നു! രമേശനിലൂടെ ആയിരംകളത്തിൽ ഗോവിന്ദൻ പുനർജനിക്കുകയാണ്. ഭൗതികാസക്തിയുടെ ഭ്രമണപഥത്തിൽ നിന്ന് പ്രസ്ഥാനത്തിന് മോചനമില്ലെന്ന മുന്നറിയിപ്പ് തിരിച്ചറിയപ്പെടേണ്ടതാണ്. കോർപ്പറേറ്റ് ഭീകരതയ്‌ക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് പോരാട്ടം തുടരുന്ന ഒരു പ്രസ്ഥാനത്തിന്റെ വിപരീതവത്കരണമാണ് ചാരുതയോടെ ചിത്രീകരിക്കപ്പെടുന്നത്. ഐറണി, സമർത്ഥമായ സൂചകങ്ങൾ, പരിഹാസമൂർച്ഛ, ഫാന്റസി എന്നിവയുടെ പിൻബലത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപചയങ്ങളെ സദുദ്ദേശ്യത്തോടെ വിചാരണ ചെയ്യുകയാണ് കഥാകൃത്ത്. ശിഹാബുദ്ദീന്റെ പുതിയ കഥകൾ ഗുണപരമായ ഇത്തരമൊരു പരിണാമപ്രക്രിയയുടെ മൂശയിലാണെന്നും പ്രതീക്ഷിക്കാവുന്നതാണ്'.
മലയാളചെറുകഥ 21-ാം നൂറ്റാണ്ടിൽ
അജിതൻ മേനോത്ത്
കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
2016, വില : 60 രൂപ.