ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാളികൾക്കും അഭിമാനിക്കാൻ ഏറെയുണ്ട്. മികച്ച സംഗീതസംവിധായകനുള്ള ദേശീയ പുരസ്‌കാരത്തിന് മലയാളികളുടെ പ്രിയ സംവിധായകൻ എം ജയചന്ദ്രൻ അർഹനായപ്പോൾ മികച്ച ബാലനടനുള്ള പുരസ്‌കാരം ബെൻ എന്ന ചിത്രത്തിലൂടെ ഗൗരവ് മേനോനു സ്വന്തമായി. ഫീച്ചർ, നോൺ ഫീച്ചർ വിഭാഗങ്ങളിലായി പത്തു പുരസ്‌കാരങ്ങളാണു മലയാളം സ്വന്തമാക്കിയത്.

കാത്തിരുന്നു കാത്തിരുന്നു എന്ന അതിമനോഹര ഗാനം ഒരുക്കിയാണു ദേശീയ പുരസ്‌കാര പട്ടികയിൽ എം ജയചന്ദ്രൻ സ്വന്തം പേര് എഴുതിച്ചേർത്തത്. എന്നു നിന്റെ മൊയ്തീൻ എന്ന ചിത്രം നെഞ്ചേറ്റിയതിനൊപ്പം ഈ ഗാനവും ആസ്വാദകർ ഏറെ ഇഷ്ടപ്പെട്ടിരുന്നു. നിരവധി സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണു എം ജയചന്ദ്രൻ ദേശീയ പുരസ്‌കാരം സ്വന്തമാക്കുന്നത്.

സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയതിനു പിന്നാലെ ദേശീയ പുരസ്‌കാരം കൂടി ലഭിച്ചത് ഗൗരവ് മേനോൻ എന്ന കുരുന്നു പ്രതിഭയ്ക്ക് ഇരട്ടി മധുരമായി.

ദേശീയ പുരസ്‌കാരത്തിലും പ്രത്യേക ജൂറി പരാമർശത്തിനു നടൻ ജയസൂര്യ അർഹനായി. സു സു സുധി വാത്മീകം, ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളിലെ അസാമാന്യമായ പ്രകടനത്തിനാണു ജയസൂര്യക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചത്. സംസ്ഥാന പുരസ്‌കാരങ്ങളിലും അദ്ദേഹത്തിന് പ്രത്യേക പരാമർശം ലഭിച്ചിരുന്നു. അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശത്തിൽ സന്തോഷമെന്ന് ജയസൂര്യ പ്രതികരിച്ചു. പക്ഷേ അമിതമായി ആഘോഷിക്കാനുമില്ല. പക്ഷേ ഒരു നടൻ എന്ന നിലയിൽ എത്രമാത്രം മുന്നോട്ടുപോകാനുണ്ടെന്നത് ഈ പുരസ്‌കാരം ലഭിക്കുമ്പോൾ താൻ തിരിച്ചറിയുന്നുവെന്നും ജയസൂര്യ പറഞ്ഞു.

മികച്ച ഡോക്യുമെന്ററി 'അമ്മ'യുടെ സംവിധായകൻ നീലനെയും ജൂറി പ്രത്യേകം പരാമർശിച്ചു. അന്യഭാഷ ചിത്രങ്ങളിലൂടെ സൗണ്ട് റെക്കോർഡിസ്റ്റ് സഞ്ജയ് കുര്യൻ പുരസ്‌കാരത്തിന് അർഹനായി. പുതുതായി ഏർപ്പെടുത്തിയ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമെന്ന പുരസ്‌കാരത്തിൽ കേരളത്തിനു പ്രത്യേക പരാമർശമുണ്ട്.

മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രമായി വി കെ പ്രകാശ് സംവിധാനം ചെയ്ത നിർണ്ണായകം തെരഞ്ഞെടുക്കപ്പെട്ടതു മലയാളത്തിന്റെ സാമൂഹ്യപ്രതിബദ്ധതയ്ക്കും അംഗീകാരമായി.

മികച്ച സംസ്‌കൃത ചിത്രത്തിനുള്ള അംഗീകാരം മലയാളിയായ വിനോദ് മങ്കര സംവിധാനം ചെയ്ത പ്രിയമാനസത്തിനാണ്. മികച്ച പരിസ്ഥിതി ചിത്രം ഡോ. ബിജു സംവിധാനം ചെയ്ത വലിയ ചിറകുള്ള പക്ഷികൾ നേടി. മുമ്പ് പേരറിയാത്തവൻ, ഒറ്റാൽ എന്നീ ചിത്രങ്ങളിലൂടെയും മലയാളം മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്.

മലയാളികൾക്ക് ഏറെ പരിചിതമായ ശബ്ദത്തിന് ഉടമയായ പ്രൊഫ. അലിയാറെയും ദേശീയ പുരസ്‌കാര ജൂറി അംഗീകരിച്ചു. ഗുരുചേമഞ്ചേരി കുഞ്ഞിരാമൻ നായരെക്കുറിച്ചുള്ള 'അരങ്ങിലെ നിത്യവിസ്മയം' എന്ന ഡോക്യുമെന്ററിക്ക് മികച്ച വിവരണത്തിനുള്ള പുരസ്‌കാരമാണ് അലിയാർക്കു ലഭിച്ചത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത 'കാമുകി'യാണ് മികച്ച ഹ്രസ്വചിത്രം. ഇത് രണ്ടാമത്തെ തവണയാണ് ക്രിസ്റ്റോയെ തേടി ദേശീയ അംഗീകാരം എത്തിച്ചേരുന്നത്.

കഴിഞ്ഞ തവണ കേരളത്തിൽ നിന്ന് 13 ചിത്രങ്ങളാണ് ദേശീയ പുരസ്‌കാരത്തിന് അയച്ചത്. ഇത്തവണ അത് 33 ചിത്രങ്ങളായി ഉയർന്നു.