കോഴിക്കോട്:സാമ്പത്തിക മാന്ദ്യത്തിനും പരീക്ഷാക്കാലത്തിനും പിന്നാലെ ബസ്സമരം കൂടി എത്തിയതോടെ മലയാള സിനിമക്കും കഷ്ടകാലം.നല്ല ചിത്രങ്ങളെന്ന് അഭിപ്രായമുയർന്ന സിനിമകൾക്കുപോലും ഇപ്പോൾ തീയേറ്ററിൽ ആളില്ല.ചെറിയ ബഡ്ജറ്റിൽ ഇറങ്ങിയ താരങ്ങളില്ലാത്ത സിനിമകളാവട്ടെ കാണികളില്ലാത്തതിനാൽ രണ്ടാം ദിവസംതന്നെ പ്രദർശനം അവസാനിപ്പിക്കുകയാണ്.മികച്ച ചിത്രങ്ങളായി വളരെപെട്ടെന്ന് പേരെടുത്ത ജയസൂര്യയുടെ ക്യാപ്ടനും,നിവൻപോളിയുടെ ഹേയ് ജൂഡിനുംപോലും ആവറേജ് കലക്ഷൻ മാത്രമാണ് കിട്ടുന്നത്.ഇതോടെ മൾട്ടിപ്‌ളക്‌സുകളിലടക്കം ഷോ വെട്ടിക്കുറച്ചിരിക്കയാണ്.

നിരവധി ഹിറ്റുകളുമായി 2017 മലയാള സിനിമക്ക് ഉണർവേകിയ വർഷമാണെങ്കിൽ 2018ൽ തുടക്കത്തിൽതന്നെ കാര്യങ്ങൾ മാറിമറിഞ്ഞു.ഈ വർഷം ജനുവരി -ഫെബ്രുവരി മാസങ്ങളിലായി 19 മലയാള സിനിമകൾ ഇറങ്ങിയിട്ടും സൂപ്പർ ഹിറ്റ് എന്ന് വിളിക്കാവുന്ന ഒരു പടംപോലും ഉണ്ടായിട്ടില്ല.മോഹൻലാലിന്റെ മകൻ പ്രണവ് നായകനായ ആദി മാത്രമാണ് തീയേറ്റിൽ ആളെക്കൂട്ടിയത്.റെക്കോർഡ് ഇനീഷ്യൽ നേടിയ ആദിക്ക് പിന്നീട് ആ ഹൈപ്പ് അത്രതന്നെ നിലനിർത്താൻ കഴിഞ്ഞില്‌ളെങ്കിലും ഈ വർഷം തീയേറ്റുകാർക്ക് ആശ്വാസമായത് ഈ പടം മാത്രമാണ്.ആദ്യ ഒരാഴ്ചകൊണ്ട് 12കോടിയാണ് ജിത്തുജോസഫ് ചിത്രം നേടിയത്.

കുഞ്ചാക്കോബോബന്റെ ശിക്കാരി ശംഭു,പുതുമുഖം ദിജോജോസ് ആന്റണിയെടുത്ത ക്വീൻ എന്നീ ചിത്രങ്ങളും ഭേദപ്പെട്ട കലക്ഷനും സാറ്റലൈറ്റിന്റെ പിൻബലവുമുള്ളതുകൊണ്ട് വലിയ നഷ്ടമില്ലാതെ രക്ഷപ്പെടും.ബാക്കിയുള്ളവയുടെ കാര്യം ദയനുയമാണ്. ഇതിൽ മമ്മൂട്ടി നായകനായ സ്ട്രീറ്റ് ലൈറ്റ്‌സ്, കമലിന്റെ മഞ്ജുവാര്യർ ചിത്രം ആമി,തുടങ്ങിയ കൊട്ടിഘോഷിച്ചുവന്ന പല ചിത്രങ്ങളും വൻ പരാജയവുമായി.വേണുവിന്റെ ഫഹദ് ഫാസിൽ ചിത്രം കാർബൺ,ബി.അജിത്ത്കുമാറിന്റെ ഈട എന്നീ ചിത്രങ്ങൾക്ക് നിരൂപകരിൽനിന്ന് മികച്ച അഭിപ്രായം ഉണ്ടായെങ്കിലും തീയേറ്ററിൽ ജനം എത്തിയില്ല.

ജനുവരിയിൽനിന്ന് ഫെബ്രുവരിയിലേക്ക് എത്തിയതോടെ തീയേറ്ററിൽ തീരെ ആളത്തൊത്ത അവസ്ഥയായി. റിലീസായ പല ചിത്രങ്ങളും രണ്ടുദിവസംപോലും തികക്കാനാവാതെ ദയനീയമായാണ് പരാജയപ്പെട്ടത്. കല്ലായി എഫ്.എം,അങ്ക രാജ്യത്തെ ജിമ്മന്മാർ,കുഞ്ഞുദൈവം,കഥപറഞ്ഞ കഥ,കളി തുടങ്ങിയ ചിത്രങ്ങളൊക്കെ വന്നതുംപോയതും ആരും അറിഞില്ല. ഒരുഷോക്ക് പത്തുപേരെപോലും തികച്ച് കിട്ടാത്തതിനാൽ ഈ ചിത്രങ്ങളും പ്രദർശനം രണ്ടാം ദിവസത്തിൽ പലയിടത്തും നിർത്തിവെച്ചരിക്കയാണ്.
മഅതുപോലെതന്നെ ഫെബ്രുവരിയിൽ റിലീസ് ചെയ്ത് മികച്ച ചിത്രങ്ങളായി പേരെടുത്ത ജയസൂര്യയുടെ ക്യാപ്ടനും,നിവൻപോളിയുടെ ഹേയ് ജൂഡിനുംപോലും ആവറേജ് കലക്ഷൻ മാത്രമാണ് ഉള്ളത്.

ബസ്സമരവും പരീക്ഷാക്കാലവും കഴിയുന്നതോടെ സ്ഥിതിമാറുമെന്ന് പറയുന്നുണ്ടെങ്കിലും അതുവരെ ഈ പടങ്ങൾക്ക് തീയേറ്ററിൽ നിൽക്കാനാവുമോ എന്നതും പ്രശ്‌നമാണ്.യുവാക്കളും വിദ്യാർത്ഥികളുമാണ് സിനിമകൾക്ക് കൂടുതൽ എത്തുന്നത് എന്നതിനാൽ പരീക്ഷാക്കാലമായ ഫെബ്രുവരി മാർച്ച് മാസങ്ങളിൽ പരമാവധി റിലീസ് കുറക്കാനുള്ള തീരുമാനത്തിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും മറ്റും.