കൊച്ചി: അടുത്തകാലത്തായി ന്യൂജനറേഷൻ സിനിമകളുടെ സ്ഥിരം സാന്നിധ്യമാണ് സമീറ സനീഷ്. ക്യാമറയ്ക്ക് മുമ്പിലല്ലെങ്കിലും താരങ്ങളുടെ അപ്പിയറൻസിൽ നിർണ്ണായക റോൾ ത്‌ന്നെയാണ് സമീറ സനീഷിനുള്ളത്. വസ്ത്രാലങ്കാരം എന്ന മേഖലയിൽ അഡ്രസുണ്ടാക്കിയ സമീറ സനീഷിനെ തേടി ഒരു അപൂർവ റെക്കോർഡെത്തി. ഏറ്റവും കുറഞ്ഞ പ്രായത്തിനുള്ളിൽ കൂടുതൽ സിനിമകളിൽ വസ്ത്രാലങ്കാരം നടത്തിയതിന് ലിംക റെക്കോർഡ് ബുക്കിലാണ് സമീറ ഇടംപിടിച്ചത്.

2014 മെയ്‌ 14നു പുറത്തിറങ്ങിയ ഹൗ ഓർഡ് ആർ യു വരെയുള്ള ചിത്രങ്ങൾ റെക്കോർഡിനു വേണ്ടി കണക്കിലെടുത്തു. 30 വയസിന് മുൻപ് വെറും അഞ്ചു വർഷത്തിനുള്ളിൽ 52 സിനിമകൾക്കാണ് സമീറ വസ്ത്രാലങ്കാരം നിർവഹിച്ചത്. മിക്ക സിനിമകളും വസ്ത്രാലങ്കാരത്തിന്റെ പേരിൽ ശ്രദ്ധിക്കപ്പെട്ടു എന്നതും സമീറയുടെ നേട്ടമാണ്.

2008ൽ ഇജാസ് ഖാൻ സംവിധാനം ചെയ്ത ദ് വൈറ്റ് എലിഫന്റിലൂടെയാണ് സമീറ വസ്ത്രാലങ്കാരത്തിലേക്ക് കടക്കുന്നത്. എന്നാൽ 2009ൽ ആഷിക് അബു സംവിധാനം ചെയ്ത ഡാഡികൂൾ എന്ന സിനിമയാണ് സമീറയ്ക്ക് ബ്രേക്ക് നൽകിയതെന്നുപറയാം. പിന്നീടിങ്ങോട്ട് അഞ്ചു വർഷത്തിനുള്ളിൽ 52 സിനിമകളാണ് സമീറയുടെ കലാവിരുതിനാൽ സമ്പന്നമായത്. മമ്മൂട്ടി ചിത്രമായ ഭാസ്‌കർ ദ് റാസ്‌കൽ, പ്രേമം, പത്തേമാരി തുടങ്ങിയവയാണ് സമീറയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ.

എറണാകുളം ജില്ലയിലെ വൈറ്റില നെടുങ്ങാട്ടുപറമ്പിൽ ഇബ്രാഹിമിന്റെയും ജമീലയുടെയും മകളാണ് സമീറ.